അഹമ്മദാബാദ്: ബീഫ് സമൂസകള്‍ വില്‍ക്കാന്‍ കൊണ്ട് പോകുന്നതിനിടെ സൂറത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവറെ അറസ്റ്റ് ചെയ്തു. മങ്ക്രോള്‍ സ്വദേശിയായ ഇസ്മായില്‍ യൂസഫ് ജിബാരിയെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിനെ തുടര്‍ന്ന് അയാളുടെ പക്കലുള്ള 45 സമൂസകളും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഒരാള്‍ ബീഫ് സമൂസ കൊണ്ടുപോകുന്നുവെന്ന വിവരം മങ്ക്രോള്‍ പൊലീസ് സ്റ്റേഷനില്‍ ലഭിച്ചതിനെ തുടര്‍ന്ന് അയാളെ പിന്തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
മൂന്ന് ദിവസം മുന്നേ ഒരാള്‍ ബീഫ് സമൂസ ഓട്ടോയില്‍ വെച്ച് കൊണ്ടുപോകുമെന്ന വിവരം ലഭിച്ചതായി ഡെപ്യൂട്ടി സൂപ്രണ്ട് ബി.കെ. വാനര്‍ പറഞ്ഞു.
‘മൂന്ന് ദിവസം മുമ്പേ ഒരാള്‍ ഓട്ടോറിക്ഷയില്‍ ബീഫ് സമൂസ കൊണ്ട് പോകാന്‍ പദ്ധതിയുണ്ടെന്ന വിവരം ലഭിച്ചിരുന്നു. വിവരം ലഭിച്ചയുടനെ ഞങ്ങള്‍ ഓട്ടോറിക്ഷ തടയുകയും പരിശോധനയില്‍ 45 സമൂസ അതിലുണ്ടെന്ന് മനസിലാക്കുകയും ചെയ്തു.
തുടര്‍ന്ന് പൊലീസ് അയാളെ തടവിലാക്കുകയും സമൂസ പരിശോധിക്കാന്‍ ഫോറന്‍സിക് സയന്‍സിലെ ടീമംഗങ്ങളെ വിവരം അറിയിച്ചു. അവര്‍ സമൂസ ബീഫ് കൊണ്ട് ഉണ്ടാക്കിയതായി ഉറപ്പിക്കുകയും ചെയ്തു,’ വാനര്‍ പറഞ്ഞു.
മങ്ക്രോളില്‍ താമസിക്കുന്ന സുലൈമാന്‍ ആലിയാസ് സല്ലു, നാഗിന്‍ വാസവ ആലിയാസ് സിമണ്‍ എന്നിവരില്‍ നിന്ന് ഇസ്മായില്‍ എപ്പോഴും 10-15 കിലോ വരെ ബീഫ് ഇറച്ചി വാങ്ങിക്കാറുണ്ടെന്നും വാനര്‍ പറഞ്ഞു.
‘അയാള്‍ വലിയ കഷണങ്ങള്‍ മറ്റെവിടെയോ വിട്ടിട്ട് ചെറിയ കഷണങ്ങള്‍ കൊണ്ട് സമൂസ നിര്‍മിക്കുന്നു. അയാളുടെ കടയില്‍ 10 രൂപക്ക് സമൂസ വില്‍ക്കുകയും ചെയ്യുന്നു. മറ്റുള്ളവര്‍ എവിടെ നിന്നാണ് ബീഫ് വില്‍ക്കുന്നതെന്ന് അന്വേഷിക്കും,’ വാനര്‍ പറഞ്ഞു.
നിരവധി മൃഗസംരക്ഷണ നിയമപ്രകാരമാണ് ഇസ്മായിലിനെതിരെ പൊലീസ് കേസ് എടുത്തിട്ടുള്ളത്.
CONTENT HIGHLIGHT: Beef samosa sold; Police nabbed the auto driver in Gujarat