ജയ്പൂര്‍: ബീഫ് പാചകംചെയ്‌തെന്ന് ആരോപിച്ച് രാജസ്ഥാനിലെ ഹയ്യാത്ത് റബ്ബാനി ഹോട്ടല്‍ പൂട്ടിക്കുകയും തൊഴിലാളികളെ അറസ്റ്റു ചെയ്യുകയും ചെയ്ത സംഭവത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ഹോട്ടലിന്റെ മാനേജരും ഉടമയും രംഗത്ത്.
ബീഫ് പാചകം ചെയ്യുന്നുവെന്ന് ആരോപണവുമായി ഗോരക്ഷപ്രവര്‍ത്തകര്‍ എത്തുകയും ഹോട്ടലിന് കല്ലെറിയാന്‍ തുടങ്ങിയതിന് ശേഷമാണ് പൊലീസ് അവിടെ എത്തുന്നത്. പൊലീസിനോട് തങ്ങളെ അവര്‍ക്ക് വിട്ടുകൊടുക്കണമെന്നായിരുന്നു അവരുടെ ആവശ്യം.
അവരുടെ ആവശ്യം അനുസരിക്കുന്നതുപോലെയായിരുന്നു പൊലീസിന്റെ നടപടി. പൊലീസിന്റെ മുന്നില്‍വെച്ചാണ് അവര്‍ ഞങ്ങളെ മര്‍ദ്ദിച്ചത്. -ഹോട്ടലിന്റെ ഉടമയായ നയീം റബ്ബാനി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കുന്നു.
ദാദ്രി സംഭവം ഇവിടെയും ആവര്‍ത്തിക്കുകയായിരുന്നു. ഗോരക്ഷക്കാര്‍ ഹോട്ടല്‍ വളഞ്ഞതിന് ശേഷമാണ് പൊലീസ് ഇവിടെ എത്തുന്നത്. ഞങ്ങള്‍ പാചകം ചെയ്തുകൊണ്ടിരുന്നത് ചിക്കനായിരുന്നു. അത് ഫോറന്‍സിക് ലാബിലേക്ക് പരിശോധനയ്ക്കായി അയക്കുകയും ചെയ്തു.
Dont Miss കാസര്‍ഗോഡ് മദ്രസ അധ്യാപകനെ വെട്ടിക്കൊന്നു; മണ്ഡലത്തില്‍ മുസ്‌ലീം ലീഗ് ഹര്‍ത്താല്‍
എന്നാല്‍ ഇത് കഴിഞ്ഞ് ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ ബി.ജെ.പിയുടെ മീഡിയാ സെല്‍ വാട്‌സ് അപ്പ് ഗ്രൂപ്പില്‍ ബീഫ് പാചകം ചെയ്ത ഹോട്ടല്‍പൂട്ടിച്ചു എന്ന വാര്‍ത്ത പുറത്തുവിട്ടു.
ഈ വാര്‍ത്ത ജയ്പൂര്‍ മേയറായ ലഹോട്ടി ഉള്‍പ്പെടെയുള്ളവര്‍ ഷെയര്‍ ചെയ്യുകയായിരുന്നെന്നും ഇവര്‍ പറയുന്നു. എന്നാല്‍ അത്തരമൊരു വാര്‍ത്ത തനിക്ക് ലഭിച്ചതുകൊണ്ടാണ് അത് ഷെയര്‍ചെയ്തതെന്നാണ് മേയറുടെ വിശദീകരണം.
ഞായറാഴ്ചയായിരുന്നു സംഭവം ഒന്‍പത് സ്റ്റാഫ് അംഗങ്ങള്‍ക്കായി സ്‌പെഷ്യല്‍ ചിക്കനാണ് പാചകം ചെയ്തുകൊണ്ടിരുന്നത്. ഇവിടെ ഒരിക്കലും ബീഫ് പാചകം ചെയ്യാറില്ല. പിന്നെ എന്തിന്റെ പേരിലാണ് ഇത്തരമൊരു വിവാദം അവര്‍ ഉണ്ടാക്കിയതെന്ന് അറിയില്ലെന്നും റബ്ബാനി പറയുന്നു.
“”അതേസമയം ബീഫ് പാര്‍ട്ടി നടത്തുന്നു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് 150 ഓളം വരുന്ന തങ്ങളുടെ പ്രവര്‍ത്തകര്‍ഹോട്ടിലിന് മുന്നില്‍ പ്രതിഷേധവുമായി എത്തിയതെന്ന് രാഷ്ട്രീയ മഹിളാ ഗോരക്ഷ ദല്‍ ദേശീയപ്രസിഡന്റ് കമല്‍ ദീദി പറയുന്നു.
അലഞ്ഞുതിരിഞ്ഞുനടക്കുന്ന പശുക്കളെ തങ്ങളുടെ വളണ്ടിയര്‍മാര്‍ കഴിഞ്ഞദിവസം സര്‍ക്കാരിന് കീഴിലുള്ള റീഹാബിലിറ്റേഷന്‍ സെന്ററിലേക്ക് മാറ്റിയിരുന്നു. അവിടെ അടുത്തുള്ള ഹോട്ടലില്‍ നിന്നുള്ള മാലിന്യങ്ങള്‍ രണ്ട് പേര്‍ കളയുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. കണ്ടപ്പോള്‍ അത് ഗോമാംത്സമാണെന്ന് തോന്നി. ഞങ്ങള്‍ അവരെ പിടികൂടി. ഞായറാഴ്ചകളില്‍ ഈ ഹോട്ടലില്‍ ബീഫ് പാര്‍ട്ടി നടത്താറുണ്ടെന്ന് ചിലര്‍ പരാതി പറയുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്്ഥാനത്തിലാണ് അവരെ പിടികൂടി ചോദ്യം ചെയ്‌തെന്നും കമല്‍ദീദി പറയുന്നു.
എന്നാല്‍ ചിക്കന്റെ അവശിഷ്ടങ്ങളാണ് തങ്ങള്‍ കളയാനായി പോയതെന്നും തങ്ങളെ ഗോസംരക്ഷകര്‍ എന്ന് പറയുന്ന ചിലയാളുകള്‍ പിടികൂടി മര്‍ദ്ദിക്കുകയായിരുന്നെന്നും ഹോട്ടലിലെ ക്ലീനിങ് തൊഴിലാളിയായ ക്വാസിം പറയുന്നു. ഹോട്ടല്‍ തൊഴിലാളിയായ വസീനിമിനും ക്വാസിമിനുമെതിരെ 151 വകുപ്പ് പ്രകാരമാണ് കേസ് ചുമത്തിയിട്ടുള്ളത്.