പാറ്റ്‌ന: ഗോവയില്‍ ബീഫ് നിരോധിക്കാന്‍ ഉദ്ദേശമില്ലെന്ന് ബി.ജെ.പി മന്ത്രി മനോഹര്‍ അജ്‌ഗോന്‍കര്‍. ഗോവയിലെത്തുന്ന വിനോദസഞ്ചാരികള്‍ അവര്‍ക്ക് ഇഷ്ടമുള്ളത് കഴിക്കട്ടെയെന്നും മന്ത്രി പറഞ്ഞു. ബി.ജെ.പി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളില്‍ ഗോവധ നിരോധനം നടപ്പാക്കാനുള്ള ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്റെ തീരുമാനത്തിനെതിരെയാണ് ബി.ജെ.പി മന്ത്രി രംഗത്തെത്തിയത്.
ബീഫ് നിരോധനം വിദേശ വിനോദ സഞ്ചാരികളുടെ വരവിനെ കാര്യമായി ബാധിക്കുമെന്നും വിനോദസഞ്ചാരത്തിനായി എത്തുന്നവര്‍ക്ക് ഇഷ്ടമുള്ളത് കഴിക്കാനുള്ള സ്വാതന്ത്ര്യം ഇവിടെയുണ്ടാകുമെന്നും കൊല്‍ക്കത്തിയല്‍ സംഘടിപ്പിച്ച ട്രാവല്‍ ആന്‍ഡ് ടൂറിസം ഫെയറില്‍ മന്ത്രി വ്യക്തമാക്കി.
dONT mISS ബ്രിട്ടണില്‍ പെണ്‍കുഞ്ഞിനെ പ്രസവിച്ച് ലോകത്തിലെ ആദ്യ പുരുഷന്‍
കന്നുകാലികളെ കശാപ്പിനായി വില്‍ക്കാന്‍ പാടില്ലെന്ന കേന്ദ്രനിയമം ഗോവ ടൂറിസത്തെ പ്രതികൂലമായി ബാധിച്ചിട്ടില്ല. ഹിന്ദുക്കളും മുസ്‌ലീങ്ങളും കത്തോലിക്ക വിഭാഗവും ഒന്നിച്ചു താമസിക്കുന്ന ഇടമാണ് ഗോവ. ഇവിടെ ഇപ്പോള്‍ നിലനില്‍ക്കുന്ന മതസൗഹാര്‍ദം നിലനിര്‍ത്തിപ്പോകേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
ഗോവയുടെ നിലനില്‍പ്പുതന്നെ വിനോദ സഞ്ചാരത്തിലാണ്. സംസ്ഥാനത്തെ സംബന്ധിച്ചു വിനോദ സഞ്ചാരികളുടെ സുരക്ഷ പരമപ്രധാനമാണ്. വിനോദ സഞ്ചാര മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി സംസ്ഥാനത്തിന് കേന്ദ്രം 100 കോടി അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇതുകൂടാതെ സംസ്ഥാനം 50 കോടി രൂപകൂടി ഈ മേഖലയില്‍ നിക്ഷേപിക്കാന്‍ പോകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. വിനോദസഞ്ചാരികള്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ടൂറിസം ഡിപാര്‍ട്‌മെന്റ് ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കി.