| Monday, 12th September 2016, 10:05 am

വിയ്യൂര്‍ ജയിലില്‍ തടവുകാര്‍ക്ക് ഓണം ആഘോഷിക്കാന്‍ മദ്യവും മയക്കുമരുന്നും ബീഫും; ജയില്‍ ഉദ്യോഗസ്ഥന്‍ പിടിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

19 കുപ്പി വിദേശമദ്യം, 20 പൊതി ബീഡി, മൂന്നു പായ്ക്കറ്റ് പോത്തിറച്ചി, അഞ്ചു മൊബൈല്‍ ഫോണ്‍ ബാറ്ററികള്‍, ഒരു സ്മാര്‍ട് ഫോണ്‍ എന്നിവയാണ് സൂപ്രണ്ട് നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയത്.


തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്ക് ഓണം ആഘോഷിക്കാന്‍ എത്തിച്ച വിദേശമദ്യവും ബീഡിയും പോത്തിറച്ചിയുമായി ഡെപ്യൂട്ടി പ്രിസണ്‍ ഓഫിസര്‍ പിടിയില്‍. സന്തോഷ് എന്നയാളായാണ് അറസ്റ്റിലായത്.

ജയിലിനോടു ചേര്‍ന്ന് ജീവനക്കാര്‍ താമസിക്കുന്ന ബാരക്കില്‍ സ്വന്തം കട്ടിലിനടിയിലാണ് ഇയാള്‍ മദ്യശേഖരവും മറ്റും സൂക്ഷിച്ചിരുന്നത്.

19 കുപ്പി വിദേശമദ്യം, 20 പൊതി ബീഡി, മൂന്നു പായ്ക്കറ്റ് പോത്തിറച്ചി, അഞ്ചു മൊബൈല്‍ ഫോണ്‍ ബാറ്ററികള്‍, ഒരു സ്മാര്‍ട് ഫോണ്‍ എന്നിവയാണ് സൂപ്രണ്ട് നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയത്.

നിരോധിത വസ്തുക്കള്‍ ജയിലിനകത്ത് സൂക്ഷിക്കുന്നുണ്ടെന്ന് സൂപ്രണ്ടിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്.

ജയിലിനുള്ളില്‍ തടവുകാര്‍ക്ക് ഓണം “ആഘോഷിക്കാന്‍” എത്തിച്ചതാണ് മദ്യക്കുപ്പികളും ബീഡിക്കെട്ടുകളുമെന്ന് അറസ്റ്റിലായ പ്രിസണ്‍ ഓഫിസര്‍ പൊലീസിനോടു സമ്മതിച്ചതായി മലയാളമനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജയിലിലെത്തുന്ന താത്ക്കാലിക ജീവനക്കാരുടെ സഹായത്തോടെയാണ് ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ജയിലില്‍ നടക്കുന്നതെന്നാണ് അറിയാന്‍ കഴിയുന്നത്. ഒന്നിലധികം സുരക്ഷാ ജീവനക്കാര്‍ ചേര്‍ന്നുള്ള ഒരു കണ്ണി തന്നെ ഇതിനായി പ്രവര്‍ത്തിക്കുന്നതായും സൂചനകള്‍ ലഭിച്ചിരുന്നു.

വിഷയത്തില്‍ വേണ്ട അന്വേഷണം നടത്താനോ നടപടി സ്വീകരിക്കാനോ ജയില്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടുമില്ല.

നേരത്തേയും മദ്യവും കഞ്ചാവും ഫോണും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ഇവിടെ നിന്ന് പിടികൂടിയിരുന്നു. ഇതില്‍ പ്രധാനകണ്ണിയായി പ്രവര്‍ത്തിക്കുന്ന ആളാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്.

We use cookies to give you the best possible experience. Learn more