| Monday, 26th October 2015, 5:44 pm

വിശിഷ്ടാതിഥികള്‍ പോലും പന്നിയിറച്ചി കഴിക്കാതെ മാലിന്യത്തില്‍ തള്ളി; ഹനുമാന്‍ സേനയുടെ 'പോര്‍ക്ക് ഫെസ്റ്റ്' പ്രഹസനമായി

ഡൂള്‍ന്യൂസ് ഡെസ്‌ക്


കോഴിക്കോട്: ബീഫ് ഫെസ്റ്റ് നടത്തിയവരെ വെല്ലുവിളിച്ച് ഹനുമാന്‍ സേന കോഴിക്കോട് നടത്തിയ “പന്നിയിറച്ചി ഫെസ്റ്റ്” അപഹാസ്യമായി. പരിപാടിയില്‍ ഉദ്ഘാടകയായി എത്തിയ ഹനുമാന്‍സേനയുടെ നിയമോപദേഷ്ടാവ് അഡ്വ. പി.ടി.എസ് ഉണ്ണി ഉള്‍പ്പടെയുള്ളവര്‍ പന്നിയിറച്ചി കഴിക്കാന്‍ വിമുഖത പ്രകടിപ്പിക്കുകയായിരുന്നു. ഇറച്ചി കഴിക്കുന്നതിന് പകരം സമീപത്തുണ്ടായിരുന്ന വൃദ്ധയ്ക്ക് നല്‍കി പി.ടി.എസ് ഉണ്ണി തടിതപ്പുകയായിരുന്നു.

ചന്ദ്രിക ദിനപത്രമാണ് ഹനുമാന്‍ സേനയുടെ പരിപാടി പാളിയ വിവരം ചിത്ര സഹിതം പ്രസിദ്ധീകരിച്ചത്. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ്  ഒ.എം. ഭക്തവത്സലന്‍ ഉള്‍പ്പടെയുള്ള പരിപാടി സംഘടിപ്പിച്ച മറ്റ് നേതാക്കളും വളരെ “ബുദ്ധിമുട്ടി”യാണ് പന്നിയിറച്ചി വിളമ്പിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പരിപാടിക്കായി കൊണ്ട് വന്ന പന്നിയിറച്ചി ഭൂരിഭാഗവും മാലിന്യത്തില്‍ തള്ളേണ്ടി വന്നെങ്കിലും ബാക്കിയുള്ളവ നഗരത്തിലെ “വഴി പോക്കര്‍”ക്ക് ഉപകാരപ്പെട്ടെന്ന് ഹനുമാന്‍ സേനയ്ക്ക് ആശ്വസിക്കാം. കോഴിക്കോട് കിഡ്‌സണ്‍ കോര്‍ണറില്‍ മുന്‍ കൂട്ടി പ്രഖ്യാപിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. പരിപാടിക്കെതിരെ പ്രതിഷേധവുമായി ആരും തന്നെ രംഗത്ത് വന്നിരുന്നില്ല.

നേരത്തെ ശിവസേനയും സമാനമായ രീതിയില്‍ “പോര്‍ക്ക് ഫെസ്റ്റ” നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയകളില്‍ നിന്നടക്കം വന്‍ പിന്തുണ ലഭിച്ചതോടെ സംഘാടകര്‍ പിന്‍വലിയുകയായിരുന്നു. വിവിധ തരം പോര്‍ക്ക് വിഭവങ്ങളുടെ റെസിപികള്‍ അയച്ചു കൊടുത്തായിരുന്നു സോഷ്യല്‍ മീഡിയ ശിവസേനയുടെ “അവകാശ പോരാട്ടത്തെ” പിന്തുണച്ചിരുന്നത്.

We use cookies to give you the best possible experience. Learn more