| Thursday, 5th December 2024, 6:12 pm

അസമിലെ ബീഫ് നിരോധനം; സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമെന്ന് സമാജ്‌വാദി പാര്‍ട്ടി എം.പി ഇഖ്‌റ ഹസന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അസമിലെ ഹോട്ടലുകളിലും പൊതുസ്ഥലങ്ങളിലും ബീഫ് പൂര്‍ണമായും നിരോധിച്ച അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയ്ക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. ഹിമന്തയുടെ ഈ തീരുമാനം ജനങ്ങളുടെ അവകാശങ്ങള്‍ക്ക് നേരെയുള്ള ലംഘനാമാണെന്നാണ് പറഞ്ഞിരിക്കുകയാണ് സമാജ്‌വാദി പാര്‍ട്ടി എം.പി ഇഖ്‌റ ഹസന്‍.

ഇത്തരത്തില്‍ ജനങ്ങളുടെ അവകാശങ്ങളുടെ മേല്‍ സര്‍ക്കാര്‍ കടന്നുകയറിയാല്‍ രാജ്യം സ്വേച്ഛാധിപത്യത്തിലേക്ക് നീങ്ങുമെന്ന് ഇഖ്ര ഹസന്‍ പറഞ്ഞു. വിവിധ സംസ്‌കാരങ്ങളും മതങ്ങളും പിന്തുടരുന്ന ആളുകള്‍ ഉള്ളത് രാജ്യത്തിന്റെ സൗന്ദര്യമാണെന്നും അതിനാല്‍ ഇത്തരം തീരുമാനങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശിലെ കൈരാനയില്‍ നിന്നുള്ള ലോക്സഭാ എം.പിയാണ് ഇഖ്‌റ

കഴിഞ്ഞ ദിവസമാണ് അസം മുഖ്യമന്ത്രിയായ ഹിമന്ത ബിശ്വ ശര്‍മ്മ അസമില്‍ സമ്പൂര്‍ണമായി ബീഫ് നിരോധനം ഏര്‍പ്പെടുത്തിയത്.

റെസ്റ്റോറന്റുകളിലും ഹോട്ടലുകളിലും പൊതുസ്ഥലങ്ങളിലും പൊതുപരിപാടികളിലും ബീഫ് വിളമ്പുന്നതും കഴിക്കുന്നതും ഇതോടെ നിരോധിക്കപ്പെട്ടു.

സംസ്ഥാന മന്ത്രിസഭാ യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ബീഫ് ഉപഭോഗം സംബന്ധിച്ച നിയമം ഭേദഗതി ചെയ്ത് പുതിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്താനും യോഗത്തില്‍ തീരുമാനമെടുത്തിരുന്നു.

നിലവിലുള്ള നിയമം ശക്തമാണെന്നും എന്നാല്‍ ഇത് കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയാണെന്നും ഹിമന്ത ശര്‍മ്മ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നേരത്തെ സമ്പൂര്‍ണ ബീഫ് നിരോധന ആലോചനയിലുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ക്ഷേത്രങ്ങള്‍ക്ക് സമീപം അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ ബീഫ് കഴിക്കുന്നത് നിര്‍ത്താന്‍ തീരുമാനിച്ചതായും ഹിമന്ത ബിശ്വ ശര്‍മ അറിയിക്കുകയുണ്ടായി.

2021ലെ അസം കന്നുകാലി സംരക്ഷണ നിയമപ്രകാരം ഹിന്ദു, ജൈന, സിഖ് എന്നീ മതങ്ങളുടെ പുണ്യ സ്ഥലങ്ങള്‍ക്കും ക്ഷേത്രങ്ങള്‍ക്കും സമീപത്തായി പശുക്കളെ കശാപ്പുചെയ്യുന്നതും ബീഫ് വില്‍ക്കുന്നതും നിരോധിക്കപ്പെട്ടിരുന്നു.

നിയമം ലംഘിച്ചാല്‍ മൂന്ന് മുതല്‍ എട്ട് വര്‍ഷം വരെ തടവും മൂന്ന് ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപ വരെ പിഴയും ലഭിക്കും.

പുതിയ പ്രഖ്യാപനത്തിന് പിന്നാലെ ബീഫ് നിരോധനത്തെ കോണ്‍ഗ്രസ് സ്വാഗതം ചെയ്യണമെന്നും അല്ലെങ്കില്‍ പാക്കിസ്ഥാനിലേക്ക് പോകണമെന്നും അസം മന്ത്രി പിജൂഷ് ഹസാരികയും പറഞ്ഞിരുന്നു.

Content Highlight: Beef ban in Assam; Samajwadi Party MP Iqra Hasan called it an invasion of independence

Latest Stories

We use cookies to give you the best possible experience. Learn more