1996ല്‍ ആരംഭിച്ച അവാര്‍ഡാണ് ക്രിട്ടിക്‌സ് ചോയ്‌സ് അവാര്‍ഡ്‌സ്. മികച്ച സിനിമകള്‍ക്കും സീരീസുകള്‍ക്കും നല്‍കുന്ന അവാര്‍ഡിന്റെ 29ാമത് എഡിഷനില്‍ തിളങ്ങിയത് ഓപ്പണ്‍ഹൈമറും ബീഫും. സിനിമാ വിഭാഗത്തില്‍ 14 നോമിനേഷനുകള്‍ നേടിയ ഓപ്പന്‍ഹൈമര്‍ എട്ട് അവാര്‍ഡുകളാണ് നേടിയത്. മികച്ച ചിത്രം, സംവിധായകന്‍ , സംഗീതം, സഹനടന്‍, ഛായാഗ്രഹണം, എഡിറ്റിങ്, സമന്വയ അഭിനയം, വിഷ്വല്‍ എഫക്ട്‌സ് എന്നീ മേഖലകളിലാണ് ഓപ്പണ്‍ഹൈമര്‍ അവാര്‍ഡ് നേടിയത്. 84ാമത് ഗോള്‍ഡന്‍ ഗ്ലോബിലും ഓപ്പണ്‍ഹൈമര്‍ അഞ്ച് അവാര്‍ഡുകള്‍ നേടിയിരുന്നു.
ന്യൂക്ലിയര്‍ ബോംബിന്റെ പിതാവ് എന്നറിയപ്പെടുന്ന റോബര്‍ട്ട്.ജെ. ഓപ്പണ്‍ഹൈമറിന്റെ കഥ പറഞ്ഞ ചിത്രം ബോക്‌സ് ഓഫീസ് കളക്ഷനിലും മികച്ചു നിന്നു.
ലിമിറ്റഡ് സീരീസ് വിഭാഗത്തില്‍ നോമിനേഷന്‍ ലഭിച്ച നാല് വിഭാഗത്തിലും അവാര്‍ഡ് നേടിയ സീരീസാണ് ബീഫ്. 2023ല്‍ നെറ്റ്ഫ്‌ളിക്‌സില്‍ റിലീസായ ബീഫിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. മികച്ച സീരീസ്, മികച്ച നടന്‍, മികച്ച നടി, സഹനടി എന്നീ വിഭാഗങ്ങളിലാണ് ബീഫ് തിളങ്ങിയത്. രണ്ട് വ്യക്തികള്‍ തമ്മിലുള്ള ഈഗോ ക്ലാഷ് പ്രമേയമായി വന്ന ബീഫ് പോയ വര്‍ഷം നെറ്റ്ഫ്‌ളിക്‌സില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട സീരീസുകളില്‍ ഒന്നാണ്.
സീരീസ് വിഭാഗത്തില്‍ സക്‌സഷന്‍ നാലാം തവണയും ഡ്രാമാ വിഭാഗത്തിലെ മികച്ച സീരീസായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടന്‍, നടി എന്നീ വിഭാഗങ്ങളിലെ അവാര്‍ഡും സക്‌സഷന് തന്നെ. 2019ല്‍ ആരംഭിച്ച സക്‌സഷന്റെ അവസാന സീസണ്‍ പോയ വര്‍ഷമാണ് റിലീസായത്. ഗോള്‍ഡന്‍ ഗ്ലോബ് വേദിയിലും നാല് അവാര്‍ഡുകള്‍ സീരീസിന് ലഭിച്ചു.
Content Highlight: Beef and Oppenheimer won award in Critics Choice Awards