| Wednesday, 19th May 2021, 9:57 am

കൊവിഡ് സാഹചര്യമായതുകൊണ്ട് യാത്ര ചെയ്യാനില്ല; സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനില്ലെന്ന് ജനാര്‍ദ്ദനന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: കൊവിഡ് സാഹചര്യം കണക്കിലെടുത്ത് സത്യപ്രതിജ്ഞാ ചടങ്ങിന് പങ്കെടുക്കുന്നില്ലെന്ന് അറിയിച്ച് ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി ശ്രദ്ധേയനായ ബീഡി തൊഴിലാളി ജനാര്‍ദ്ദനന്‍.

തന്നെ ക്ഷണിച്ചതിന് മുഖ്യമന്ത്രിയോട് പറഞ്ഞറിയിക്കാനാകാത്ത നന്ദിയുണ്ടെന്നും എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ യാത്ര ചെയ്യാനില്ലെന്നും ജനാര്‍ദ്ദനന്‍ അറിയിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മനസു കൊണ്ട് ചടങ്ങില്‍ പങ്കെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദുരിതാശ്വാസനിധിയിലേക്ക് രണ്ട് ലക്ഷം രൂപ നല്‍കിയ ജനാര്‍ദ്ദനനെ രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസമായിരുന്നു ക്ഷണിച്ചത്.

ജനാര്‍ദ്ദനന്‍ തന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്ന 2,00850 രൂപയില്‍ 850 രൂപ മാത്രം ബാക്കിവെച്ച് മിച്ചമുള്ള രണ്ടുലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു. കൊവിഡ് വാക്സിന്‍ ചലഞ്ചിന്റെ ഭാഗമായായിരുന്നു തുക നല്‍കിയത്. ഇതോടെയാണ് ഇദ്ദേഹം വാര്‍ത്തകളില്‍ ഇടം നേടുന്നത്.

മെയ് 20 നാണ് രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ 500 പേരെയാണ് പങ്കെടുപ്പിക്കുന്നത്.

140 എം.എല്‍.എമാരും ചടങ്ങില്‍ പങ്കെടുക്കും. പ്രവേശനം പാസുള്ളവര്‍ക്ക് മാത്രം നിജപ്പെടുത്തിയിട്ടുണ്ട്. ന്യായാധിപര്‍, ചീഫ് സെക്രട്ടറി, സെക്രട്ടറിമാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പടെയാണ് 500 പേരെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ പൊതുചടങ്ങായി നടത്തുന്നതിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് വിവിധ ഭാഗങ്ങളില്‍ നിന്നുമുയരുന്നത്. പൊതുജനങ്ങള്‍ എല്ലാ പരിപാടികളും ഒഴിവാക്കി വീടുകളില്‍ തന്നെ കഴിയുന്ന ഘട്ടത്തില്‍ സര്‍ക്കാര്‍ ഇത്രയും ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ചടങ്ങ് നടത്തുന്നത് ധാര്‍മികമല്ലെന്ന് നിരവധി പേര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ചടങ്ങ് രോഗവ്യാപനത്തിന് കാരണമായേക്കാം എന്ന് മാത്രമല്ല, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളോടുള്ള ജനങ്ങളുടെ കാഴ്ചപ്പാടിനെയും താല്‍പര്യത്തെയും ഇത് മോശമായി ബാധിക്കുമെന്നും അഭിപ്രായങ്ങളുയര്‍ന്നിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Beedi worker Janardhanan says he will not attend swearing in ceremony considering the Covid situation

We use cookies to give you the best possible experience. Learn more