ന്യൂയോര്‍ക്ക്: ഉറങ്ങുന്നതിനു മുമ്പ് ടി.വി കാണുന്നതും സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കുന്നതും കുട്ടികളില്‍ പൊണ്ണത്തടിക്കു കാരണമാകുമെന്ന് പഠനം. ഉറങ്ങുന്നതിനുമുമ്പുള്ള ഇത്തരം ശീലങ്ങള്‍ ഉറക്കം കുറയ്ക്കുകയും അത് ശരീരഭാരം കൂടുന്നതിനും ഇടയാക്കുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
ഗ്ലോബല്‍ പീഡിയാട്രിക് ഹെല്‍ത്ത് ജേണലിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഉറങ്ങുന്നതിനു മുമ്പ് ടി.വി കാണുന്നതും സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നതും രാവിലെ ക്ഷീണം വര്‍ധിപ്പിക്കുമെന്നും ഉറക്കിന്റെ ഗുണം കുറയ്ക്കുമെന്നും പഠനത്തില്‍ കണ്ടെത്തി.
ഉറങ്ങുന്നതിനു മുമ്പ് സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്ന കുട്ടികളുടെ മാതാപിതാക്കളിലാണ് സര്‍വ്വേ നടത്തിയത്. എട്ടിനും 17നും ഇടയില്‍ പ്രായമുള്ള 234 കുട്ടികളുടെ മാതാപിതാക്കളുമായാണ് ഗവേഷകര്‍ സംസാരിച്ചത്.
ഉറങ്ങുന്നതിനു തൊട്ടുമുമ്പ് കുട്ടികള്‍ സെല്‍ഫോണാണോ, കമ്പ്യൂട്ടറാണോ, വീഡിയോ ഗെയിമുകളാണോ അതോ ടി.വിയാണോ ഉപയോഗിക്കാറുള്ളതെന്നും ഇവരോട് ചോദിച്ചു. ടി.വി കാണുകയും വീഡിയോ ഗെയിമുകള്‍ ഉപയോഗിക്കുകയും ചെയ്യുന്ന കുട്ടികളില്‍ ശരാശരി 30 മിനിറ്റ് ഉറക്കം കുറയുന്നതായും സ്മാര്‍ട്ട്‌ഫോണുകള്‍, കമ്പ്യൂട്ടറുകള്‍ എന്നിവ ഉപയോഗിക്കുന്നവരില്‍ ഒരു മണിക്കൂറിലേറെ ഉറക്കം കുറയുന്നതായുമാണ് പഠനത്തില്‍ കണ്ടെത്തിയത്.