| Wednesday, 4th September 2019, 11:33 am

ബേഡകത്ത് കോണ്‍ഗ്രസ്-ബി.ജെ.പി സഖ്യം തകര്‍ത്ത് എല്‍.ഡി.എഫ്: ജയം 399 വോട്ടിന്റെ ഭൂരിപക്ഷത്തിന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍കോട്: തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ ബേഡകത്ത് കോണ്‍ഗ്രസ്- ബി.ജെ.പി സഖ്യത്തെ തകര്‍ത്ത് എല്‍.ഡി.എഫ്. 399 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എ.ടി സരസ്വതി ജയിച്ചത്.

ബേഡകം പഞ്ചായത്തിലെ നാലാം വാര്‍ഡിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇവിടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നില്ല. കവിതയായിരുന്നു ബി.ജെ.പി സ്ഥാനാര്‍ത്ഥി.

കഴിഞ്ഞ തവണയും എല്‍.ഡി.എഫ് വിജയിച്ച വാര്‍ഡാണിത്. എല്‍.ഡി.എഫിന്റെ കൃപാജ്യോതി സര്‍ക്കാര്‍ ജോലി കിട്ടി രാജിവെച്ച ഒഴിവിലായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്.

തദ്ദേശ ഉപതെരഞ്ഞെടുപ്പ് നടന്ന പാലക്കാട് ജില്ലയിലെ ആറ് വാര്‍ഡുകളില്‍ നാലിടത്ത് എല്‍.ഡി.എഫിന് ജയിരുന്നു. രണ്ട് വാര്‍ഡുകള്‍ എല്‍.ഡി.എഫ് പിടിച്ചെടുത്തതാണ്. പാലക്കാട് നഗരസഭയിലെ 17ാം വാര്‍ഡും ഷൊര്‍ണൂര്‍ നഗരസഭയിലെ 17ാം വാര്‍ഡും യു.ഡി.എഫ് നിലനിര്‍ത്തി.

പല്ലശന മഠത്തില്‍ക്കളം ആറാം വാര്‍ഡ് യു.ഡി.എഫില്‍ നിന്നും എല്‍.ഡി.എഫ് പിടിച്ചെടുക്കുകയായിരുന്നു. ഇവിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. യശോദയാണ് വിജയിച്ചത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എ. സുനിലിനെയാണ് പരാജയപ്പെട്ടത്. യു.ഡി.എഫ് അംഗം മരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്.

തെങ്കര പഞ്ചായത്തിലെ 12ാം വാര്‍ഡ് സ്വതന്ത്രനില്‍ നിന്നും എല്‍.ഡി.എഫ്. പിടിച്ചെടുത്തു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.എച്ച് ഷാനോബാണ് ഇവിടെ ജയിച്ചത്. സ്വതന്ത്രനായിരുന്ന സി.എച്ച് മുഹമ്മദ് മരിച്ചതിനെ തുടര്‍ന്നായിരുന്നു ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. മുഹമ്മദിന്റെ മകനാണ് ഷാനോബ്. അബ്ദുല്‍ റഷീദാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി.

സിറ്റിങ് സീറ്റായ നെല്ലിയാമ്പതിയിലെ പുലയമ്പാറയിലെ ഒന്നാം വാര്‍ഡിലും എല്‍.ഡി.എഫ് വിജയിച്ചു. പട്ടിക വര്‍ഗ സംവരണ വാര്‍ഡാണിത്. വി. മീനയാണ് ഇവിടെ ജയിച്ചത്. പഞ്ചായത്ത് പ്രസിഡന്റായിരുന്ന എല്‍.ഡി.എഫിലെ ജിന്‍സി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചതിനെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പൂങ്കോട്ട് കാവ് പഞ്ചായത്തിലെ 12ാം വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി രതിമോള്‍ വിജയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന എല്‍.ഡി.എഫിലെ പി.സിജി സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നാണ് മെമ്പര്‍ സ്ഥാനം രാജിവെച്ചത്. ബി.ജെ.പിക്കും യു.ഡി.എഫിനും ഇവിടെ സ്ഥാനാര്‍ത്ഥിയുണ്ടായിരുന്നില്ല. സ്വതന്ത്ര അംഗം പി.പി മാലതിയായിരുന്നു ഇവിടെ എതിര്‍ സ്ഥാനാര്‍ത്ഥി.

പാലക്കാട് നഗരസഭയിലെ 17ാം വാര്‍ഡ് യു.ഡി.എഫിന്റെ റിസ്വാനയാണ് വിജയിച്ചത്. യു.ഡി.എഫ് കൗണ്‍സിലറായ എ.എം ഫാസില സര്‍ക്കാര്‍ ജോലി ലഭിച്ച് പോയതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

ഷൊര്‍ണൂര്‍ നഗരസഭയിലെ 17ാം വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.ആര്‍ പ്രവീണ്  വിജയിച്ചു. എം.പിയായി തെരഞ്ഞെടുക്കപ്പെട്ട യു.ഡി.എഫിലെ വി.കെ ശ്രീകണ്ഠന്‍ രാജിവെച്ച ഒഴിവിലായിരുന്നു ഇവിടെ ഉപതെരഞ്ഞെടുപ്പ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പത്ത് ജില്ലകളിലെ വാര്‍ഡുകളിലാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ മണമ്പൂര്‍ ഡിവിഷനിലും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ 19 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലുമാണ് വോട്ടെടുപ്പ് നടന്നത്.

Video Stories

We use cookies to give you the best possible experience. Learn more