| Tuesday, 17th November 2020, 1:03 pm

സിനിമയെ വെല്ലുന്ന സ്ഥാനാര്‍ത്ഥി പോസ്റ്ററുകള്‍: വൈറലായി ബേഡഡുക്ക ഇടതു സ്ഥാനാര്‍ത്ഥി പോസ്റ്ററുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബേഡഡുക്ക: തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രചാരണപരിപാടികള്‍ക്ക് പുതുമുഖം നല്‍കി ബേഡഡടുക്ക എല്‍.എഡി.എഫ് സ്ഥാനാര്‍ത്ഥികള്‍. കൈകൂപ്പിയോ മുഷ്ടി ചുരുട്ടിയോ വോട്ടഭ്യര്‍ത്ഥിക്കുന്ന സ്ഥാനാര്‍ത്ഥി പോസ്റ്ററുകളില്‍ നിന്നും തികച്ചും വ്യത്യസ്തമായാണ് ബേഡഡുക്കയിലെ ഇടതു പോസ്റ്ററുകള്‍. തികച്ചും പരിചിതവും ദൈംദിന ജീവിത പരിസരങ്ങളിലാണ് സ്ഥാനാര്‍ത്ഥികള്‍ പ്രത്യക്ഷപ്പെടുന്നത്.

ചായക്കടയും വഴിയില്‍ വെച്ചു കണ്ടുമുട്ടുന്ന അമ്മൂമ്മയും സ്റ്റൈലന്‍ ബെക്കിലെത്തുന്ന യൂത്തന്മാരോട് സംസാരിക്കുന്നതും തോണിയില്‍ പുഴ കടക്കുന്നതും തയ്യല്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ഥാനാര്‍ത്ഥിയുമൊക്കെയാണ് പോസ്റ്ററുകളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

സിനിമാപോസ്റ്ററുകളെ വെല്ലുന്ന ഒരു പോസ്റ്ററും ഇക്കൂട്ടത്തിലുണ്ട്. പൃഥ്വിരാജ് ചിത്രമായ കടുവയുടെ പോസ്റ്ററിന് സമാനമായാണ് ആറാം വാര്‍ഡ് സ്ഥാനാര്‍ത്ഥി ചെമ്പക്കാട് നാരായണന്റെ പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം മുതല്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് പോസ്റ്ററുകള്‍. ചെറുപ്പക്കാരെ സ്ഥാനാര്‍ത്ഥികളായി നിര്‍ത്തിക്കൊണ്ട് വോട്ട് തേടാനിറങ്ങിയ ഇടതുപക്ഷം പ്രചാരണത്തിലും ന്യൂജെന്‍ രീതികള്‍ തന്നെ പിന്തുടരാന്‍ തീരുമാനിച്ചിരിക്കുകയാണ്.

പ്രചാരണ പരിപാടികളില്‍ സാമൂഹ്യമാധ്യമങ്ങള്‍ വലിയ പങ്കുവഹിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. കൊവിഡ് കാലം കൂടിയതോടെ വീടുകള്‍ തോറും കയറിയിറങ്ങിയുള്ള പ്രചരണങ്ങള്‍ പ്രതിസന്ധിയില്‍ കൂടിയായതോടെ സാമൂഹ്യമാധ്യമങ്ങളുടെ പ്രധാന്യം കൂടുതല്‍ വര്‍ധിച്ചിരിക്കുകയാണ്.

ഫോട്ടോ സ്‌റ്റോറികള്‍ പോലെ കഥ പറയുന്ന പോസ്റ്ററുകള്‍ വോട്ടര്‍മാര്‍ക്കിടയില്‍ കൂടുതല്‍ സ്വാധീനമുണ്ടാക്കുമെന്നാണ് ബേഡഡുക്ക ഇടതുസ്ഥാനാര്‍ത്ഥികളുടെ പ്രതീക്ഷ.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Bedadka LDF Candidates’ Local Body Election posters goes viral

We use cookies to give you the best possible experience. Learn more