| Sunday, 27th June 2021, 11:45 pm

ഒടുവില്‍ വെടിനിര്‍ത്തല്‍; തര്‍ക്കത്തിനൊടുവില്‍ പുതുച്ചേരിയില്‍ മന്ത്രിസഭയായി; 40 വര്‍ഷത്തിനിടെ ആദ്യ വനിതാ മന്ത്രിയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

പുതുച്ചേരി: നീണ്ട നാളത്തെ തര്‍ക്കത്തിനൊടുവില്‍ പുതുച്ചേരിയില്‍ മന്ത്രിസഭ അധികാരമേറ്റു. അഞ്ച് എം.എല്‍.എമാരാണ് തര്‍ക്കത്തിനൊടുവില്‍ മന്ത്രിമാരായി സത്യപ്രതിഞ്ജ ചെയ്തത്.

ആള്‍ ഇന്ത്യ എന്‍.ആര്‍. കോണ്‍ഗ്രസ്, ബി.ജെ.പി., എ.ഐ.എ.ഡി.എം.കെ. എന്നിവരുള്‍പ്പെടുന്ന മുന്നണിയാണ് പുതുച്ചേരിയില്‍ അധികാരത്തില്‍ എത്തിയത്. അതേസമയം ഫല പ്രഖ്യാപനം കഴിഞ്ഞിട്ടും പുതുച്ചേരിയില്‍ മന്ത്രിസഭ രൂപികരിക്കാന്‍ തര്‍ക്കത്തിനെ തുടര്‍ന്ന് കഴിഞ്ഞിരുന്നില്ല.

നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവിലാണ് ബി.ജെ.പിയും എന്‍.ആര്‍. കോണ്‍ഗ്രസും തമ്മില്‍ ധാരണയായത്. നമശിവായ, സ.കെ. ലക്ഷ്മിനാരായണന്‍, സി. ജെയ്കൗമര്‍, ചന്ദിര പ്രിയങ്ക തുടങ്ങി അഞ്ച് പേരാണ് മന്ത്രിമാരായത്.

നാലു പതിറ്റാണ്ടിന് ശേഷം ആദ്യമായി ഒരു വനിത പുതുച്ചേരിയില്‍ മന്ത്രിയാകുന്നുവെന്ന പ്രത്യേകതയുമുണ്ട്. ലഫ്.ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍ ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.

നേരത്തെ എന്‍.ആര്‍. കോണ്‍ഗ്രസിലെ എന്‍. രംഗസ്വാമിയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തിരുന്നു. ബി.ജെ.പിയ്ക്കുള്ളിലെ തര്‍ക്കങ്ങള്‍ മൂലമാണ് മന്ത്രിസഭാ രൂപീകരണം വൈകിയത്. മാത്രമല്ല ഉപ മുഖ്യമന്ത്രിസ്ഥാനം വേണമെന്ന് ബി.ജെ.പി., എ.ഐ.എന്‍.ആര്‍.സിയോട് ആവശ്യപ്പെട്ടിരുന്നു.

ഇതിന് പുറമെ രണ്ട് മന്ത്രിസ്ഥാനവും വേണമെന്നായിരുന്നു പാര്‍ട്ടിയുടെ ആവശ്യം. 30 അംഗ നിയമസഭയില്‍ എ.ഐ.എന്‍.ആര്‍.സി. 10 ഉം ബി.ജെ.പിയ്ക്ക് ആറും അംഗങ്ങളാണുള്ളത്. പ്രധാന പ്രതിപക്ഷമായ ഡി.എം.കെ. ആറ് സീറ്റില്‍ വിജയിച്ചോള്‍ കോണ്‍ഗ്രസിന് രണ്ട് സീറ്റാണുള്ളത്. ആറ് സീറ്റില്‍ സ്വതന്ത്രരാണ് ജയിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Becomes cabinet in Puducherry; And the first woman minister in 40 years

We use cookies to give you the best possible experience. Learn more