| Sunday, 26th November 2023, 3:45 pm

കഴിഞ്ഞ 11 വർഷം ആം ആദ്മിയെ പോലെ വേട്ടയാടപ്പെട്ട മറ്റൊരു പാർട്ടിയില്ല, എന്നിട്ടും ഞങ്ങളൊരു ദേശീയ പാർട്ടിയായി വളർന്നു: കെജ്‌രിവാൾ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ആം ആദ്മി പാർട്ടിയെ കേന്ദ്ര സർക്കാർ നിരന്തരം ലക്ഷ്യമിട്ടിട്ടും അതൊരു ദേശീയ പാർട്ടിയായി വളർന്നുവെന്ന് ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ.

പാർട്ടിയുടെ സ്ഥാപക ദിനത്തിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ആം ആദ്മി പാർട്ടി ദേശീയ കൺവീനർ കൂടിയായ കെജ്‌രിവാൾ.

‘2012ൽ ഇതേ ദിവസമായിരുന്നു ആം ആദ്മി രൂപീകരിക്കപ്പെട്ടത്. 11 വർഷം കൊണ്ട് അതൊരു ദേശീയ പാർട്ടിയായി മാറിയിരിക്കുകയാണ്. പാർട്ടിയുടെ കഠിനാധ്വാനത്തിന്റെ ഫലമായി ഇന്ന് രണ്ട് സംസ്ഥാനങ്ങളിൽ ആം ആദ്മിയുടെ സർക്കാർ രൂപീകരിക്കപ്പെട്ടിരിക്കുന്നു.

രണ്ട് സംസ്ഥാനങ്ങളിൽ എം.എൽ.എമാരും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. രാജ്യം മുഴുവനുമുള്ള ആളുകൾ പാർട്ടിയെക്കുറിച്ച് സംസാരിക്കുന്നു,’ കെജ്‌രിവാൾ പറഞ്ഞു.

കഴിഞ്ഞ 11 വർഷക്കാലം തങ്ങൾ വേട്ടയാടപ്പെട്ട പോലെ ഇന്ത്യയിൽ ഒരു പാർട്ടിയും വേട്ടയാടപ്പെട്ടിട്ടില്ല എന്നും കെജ്‌രിവാൾ പറഞ്ഞു.

‘നിങ്ങളും അഴിമതിക്കാരാകുമോ എന്ന് രാംലീല മൈതാനത്തിൽ വെച്ച് ആളുകൾ ഞങ്ങളോട് ചോദിക്കുമായിരുന്നു. കഴിഞ്ഞ 11 വർഷക്കാലം ആം ആദ്മി പാർട്ടി വേട്ടയാടപ്പെട്ടതുപോലെ ഇന്ത്യയുടെ ചരിത്രത്തിൽ മറ്റൊരു രാഷ്ട്രീയ പാർട്ടിയും വേട്ടയാടപ്പെട്ടിട്ടില്ല.

ഈ 11 വർഷത്തിനിടയിൽ അവർ ഞങ്ങൾക്കെതിരെ 250ലധികം വ്യാജ കേസുകൾ ഫയൽ ചെയ്തു. രാജ്യത്തെ എല്ലാ ഏജൻസികളെയും ആം ആദ്മി പാർട്ടിക്കെതിരെ തിരിച്ചു. പക്ഷേ ഇതേവരെ അവർക്ക് ഒരു തെളിവ് പോലും കണ്ടെത്താനായില്ല.

ഇതാണ് ഞങ്ങളുടെ സത്യസന്ധതയുടെ ഏറ്റവും വലിയ സർട്ടിഫിക്കറ്റ്,’ കെജ്‌രിവാൾ പറഞ്ഞു.

വ്യാജ കേസുകളിൽ ജയിലിൽ കഴിയുന്ന മനീഷ് സിസോദിയ, സത്യേന്ദർ ജയിൻ, സഞ്ജയ് സിങ്, വിജയ് നായർ എന്നീ പാർട്ടി നേതാക്കളെ താൻ മിസ് ചെയ്യുന്നതായും കെജരിവാൾ വേദിയിൽ പറഞ്ഞു.

‘ വ്യാജ കേസുകളിൽ അവർ ജയിലുകളിൽ കഴിയുകയാണ്. മറ്റു പാർട്ടിയിലെ നേതാക്കളെ വ്യാജ കേസുകളിലൂടെ മുട്ടുമടക്കിപ്പിക്കുവാൻ ബി.ജെ.പിക്ക് അറിയാം. എന്നാൽ ഞങ്ങളുടെ അടുത്ത് മാത്രം അത് വില പോയില്ല. ഞങ്ങളുടെ എം.എൽ.എമാരെ അവർക്ക് തകർക്കുവാനോ വിലയ്ക്ക് വാങ്ങുവാനോ സാധിച്ചില്ല എന്നതിൽ അഭിമാനമുണ്ട്,’ കെജ്‌രിവാൾ പറഞ്ഞു.

Content Highlight: ‘Became a national party despite govt targeting us’: Kejriwal

Latest Stories

We use cookies to give you the best possible experience. Learn more