| Thursday, 17th July 2014, 3:50 pm

ചര്‍മ്മം തിളങ്ങാന്‍ തേന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] രാസവസ്തുക്കളടങ്ങിയ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ അല്പനേരത്തേക്ക് മാത്രമാണ് ചര്‍മ്മത്തെ സുന്ദരമാക്കുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. എന്നിട്ടും അവയുടെ ഉപയോഗം നിര്‍ത്താന്‍ ആരും തയ്യാറാവുന്നില്ല എന്നതാണ് വാസ്തവം.

ചര്‍മ്മത്തിന്റെ നിത്യമനോഹാരിതയ്ക്കായി പ്രകൃതി കരുതി വെച്ച സൗന്ദര്യ വസ്തുക്കള്‍ ഏറെയാണ്. അതിലൊന്നാണ് തേന്‍.

ആരോഗ്യത്തിനും സൗന്ദര്യത്തിനും തേന്‍ ഉത്തമമാണ്. തേന്‍ പതിവായി ഉപയോഗിച്ചാല്‍ ചര്‍മ്മസൗന്ദര്യം പതിന്മടങ്ങായി വര്‍ധിക്കുമെന്നാണ് ആയുര്‍വേദം പറയുന്നത്. നല്ല അഴകിനായി ഇതാ ചില തേന്‍ പ്രയോഗങ്ങള്‍…

ദിവസവും അല്‍പം തേനുപയോഗിച്ച് മുഖം കഴുകുന്നത് ചര്‍മ്മത്തെ മൃദുവാക്കാനും മുഖത്തെ കറുത്ത പാടുകള്‍ അകലാനും സഹായിക്കും.

തേനും മഞ്ഞളും കൂടിച്ചേര്‍ത്ത മുഖത്തു പുരട്ടി പതിനഞ്ചു മിനിറ്റിനു ശേഷം കഴുകിക്കളയുന്നത് മുഖം വൃത്തിയാകാനും നിറം വര്‍ധിക്കാനും ഗുണം ചെയ്യും.

ഒരു സ്പൂണ്‍ പാല്‍പ്പൊടിയിലേക്ക് ഒരു സ്പൂണ്‍ ചെറുനാരങ്ങാനീര് ചേര്‍ക്കുക. അല്പം തേനും ബദാം ഓയിലും ചേര്‍ത്ത്  നല്ലപോലെ മിക്‌സ് ചെയ്യുക. ഈ മിശ്രിതം മുഖത്ത് പുരട്ടിയാല്‍ മുഖം സുന്ദരമാവും.

രണ്ടു സ്പൂണ്‍ തേന്‍ തുല്യ അളവിലുള്ള ഓറഞ്ച് ജ്യൂസുമായി ചേര്‍ത്ത്  മുഖത്തും പുരട്ടി ഉണങ്ങിയ ശേഷം കഴുകിക്കളയാം. ഇത് മുഖത്തിനു തിളക്കവും മൃദുത്വവും നല്‍കും.

മുഖക്കുരു മൂലമുണ്ടാകുന്ന പാടുകള്‍ പോകാന്‍ തേനും കറുവപ്പട്ട പൊടിയും ചേര്‍ത്തിളക്കിയ കുഴമ്പ് മുഖക്കുരുവിന് മുകളില്‍ പുരട്ടാം. രാത്രിയില്‍ പുരട്ടിയതിന് ശേഷം രാവിലെ ചെറു ചൂട് വെള്ളത്തില്‍ കഴുകി കളഞ്ഞാല്‍ പാടുകളകന്ന് മുഖം സുന്ദരമാവും.

തേന്‍ ആഴ്ചയില്‍  രണ്ടോ മൂന്നോ തവണ മുഖത്തും കഴുത്തിലും പുരട്ടുന്നത് മുഖത്തെ ചുളിവുകള്‍ അകറ്റും.

തേന്‍ അല്‍പം ചൂടാക്കി തൈരു ചേര്‍ത്ത് മുഖത്തു പുരട്ടുക. പതിനഞ്ചു മിനിററിനു ശേഷം തണുത്ത വെള്ളം കൊണ്ട് കഴുകാം.

ചെറുതേന്‍ പതിവായി ചുണ്ടുകളില്‍ പുരട്ടുന്നത് ചുണ്ടുകളുടെ മാര്‍ദ്ദവം വര്‍ധിപ്പിക്കും.

കറുവാപ്പട്ട പൊടിച്ചതും നാരങ്ങാനീരും തേനും ചേര്‍ത്ത് മുഖത്തും കഴുത്തിലും തേക്കുക. അല്‍പസമയം മസാജ് ചെയ്ത ശേഷം കഴുകിക്കളയാം.

We use cookies to give you the best possible experience. Learn more