| Monday, 10th April 2023, 1:51 pm

ജനനവും വാട്ടവും വളര്‍ച്ചയും പിന്നെ ഒരു പൂക്കാലവും; ഇത് മനസ് നിറക്കുന്ന കാഴ്ച

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആനന്ദം എന്ന സിനിമക്ക് ശേഷം ഗണേശ് രാജ് സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമയാണ് പൂക്കാലം. വിജയരാഘവന്‍, കെ.പി.എ.സി ലീല എന്നിവര്‍ പ്രധാന കഥാപാത്രത്തിലെത്തുന്ന സിനിമയുടെ കാതല്‍ അഭിനേതാക്കളുടെ പ്രകടനങ്ങള്‍ തന്നെയാണ്. ബേസില്‍ ജോസഫ്, ജഗദീഷ്, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ക്കൊപ്പം മറ്റ് സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ മാത്രം വന്ന് പോയിട്ടുള്ള താരങ്ങളുടെ പ്രകടനവും ശ്രദ്ധേയമാണ്.

മേനകത്തട്ടില്‍ എന്ന ഇട്ടൂപ്പിന്റെ വലിയ കുടുംബവും അവര്‍ക്കിടയിലുണ്ടാകുന്ന പിണക്കവും ഇണക്കവും പിന്നെയുള്ള കൂടിച്ചേരലുമൊക്കെ പറയുന്ന മനോഹര ചിത്രമാണ് പൂക്കാലം. ബന്ധങ്ങളുടെയും വൈകാരികതയുടെയും ചുവട് പിടിച്ചാണ് ഗണേശ് തന്റെ കഥ പ്രേക്ഷകനോട് പറയാന്‍ ശ്രമിക്കുന്നത്. ഒരു പരിധി വരെ അത് വിജയിക്കുകയും ചെയ്യുന്നുണ്ട്.

തിയേറ്ററില്‍ കാണാനെത്തുന്ന ഓരോ പ്രേക്ഷകന്റെയും കണ്ണും മനസും നിറക്കാന്‍ പൂക്കാലത്തിന് കഴിയുന്നുണ്ട്. വ്യത്യസ്തതരം ബന്ധങ്ങളെയും അവര്‍ക്കിടയിലെ വികാര നിര്‍ഭരമായ നിമിഷങ്ങളെയും അത്ര ആഴത്തില്‍ സിനിമ പറഞ്ഞുപോകുന്നുണ്ട്. അതുമായി വളരെ വേഗം കണക്ട് ചെയ്യാന്‍ പ്രേക്ഷകന് കഴിയുന്നുമുണ്ട്. അതില്‍ തിരക്കഥ വഹിക്കുന്ന പങ്ക് ഒട്ടും ചെറുതല്ല.

പ്രായമായ ദമ്പതിമാര്‍ക്കിടയിലുണ്ടാകുന്ന പ്രണയം, മാതാപിതാക്കള്‍ക്കും മക്കള്‍ക്കുമിടയിലുണ്ടാകുന്ന സ്‌നേഹം. സഹോദരങ്ങള്‍ക്കിടയിലുണ്ടാകുന്ന അകല്‍ച്ച പിന്നെയുണ്ടാകുന്ന മനോഹരമായ കൂടിച്ചേരല്‍ തുടങ്ങി ബന്ധങ്ങളുടെ വലിയ കണ്ണി തീര്‍ക്കുന്ന സിനിമയാണ് പൂക്കാലം. സിനിമ കണാന്‍ തിയേറ്ററിലെത്തുന്ന പ്രേക്ഷകര്‍ ഒരുവേള എങ്കിലും തന്റെ കുടുംബം വരെ പോയി വരുമെന്ന് ഉറപ്പാണ്.

സിനിമ അതിന്റെ അവസാനത്തോടടുക്കുമ്പോള്‍ വികാരങ്ങള്‍ക്ക് തീവ്രതകൂടും. സിനിമയിലേക്ക് സുഹാസിനിയുടെ കഥാപാത്രം കൂടി വരുമ്പോള്‍ അതുവരെ പറഞ്ഞ കഥയുടെ ഭംഗി രണ്ടിരട്ടിയാകുന്നുണ്ട്. എന്തിരുന്നാലും അത്രയേറെ ഹൃദയത്തില്‍ തൊടുന്ന അനുഭവം എന്ന നിലക്ക് പൂക്കാലത്തെ പരിഗണിക്കാവുന്നതാണ്.

content highlight: beautiful relations in pookaalam malayalam movie pookalam

Latest Stories

We use cookies to give you the best possible experience. Learn more