| Wednesday, 27th November 2024, 8:06 am

അവർ ഞങ്ങളെ അടിച്ചു, ജയ്‌ശ്രീറാം വിളിക്കാൻ നിർബന്ധിച്ചു: ദൽഹിയിലെ മുസ്‌ലിം വിദ്യാർത്ഥികൾ അധ്യാപകരിൽ നിന്ന് നേരിട്ടത് ക്രൂര പീഡനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂഡൽഹി: തലസ്ഥാന നഗരിയിലെ വിദ്യാലയത്തിൽ അധ്യാപകരിൽ നിന്ന് ക്രൂര പീഡനം നേരിട്ട് മുസ്‌ലിം വിദ്യാർത്ഥികൾ. നോർത്ത് ദൽഹിയിലെ നന്ദ് നഗ്രിയിലുള്ള സർവോദയ ബാല വിദ്യാലയ (എസ്‌.ബി.വി) സ്‌കൂളിലെ മുസ്‌ലിം വിദ്യാർഥികൾക്കാണ് അധ്യാപകരിൽ നിന്നും പീഡനവും അധിക്ഷേപവും നേരിട്ടത്. ദൽഹി ആസ്ഥാനമായുള്ള അഭിഭാഷകനും വിദ്യാഭ്യാസ പ്രവർത്തകനുമായ അശോക് അഗർവാൾ ദൽഹി മുഖ്യമന്ത്രിക്ക് ഇതേ സംബന്ധിച്ച് പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

നവംബർ 13ന് അഗർവാൾ ദൽഹി മുഖ്യമന്ത്രി അതിഷി മർലേനയ്ക്ക് എഴുതിയ കത്തിൽ മുസ്‌ലിം വിദ്യാർത്ഥികളെ മർദിക്കുന്നുവെന്നും കുളിമുറിയിൽ വെച്ച് അവരുടെ വസ്ത്രങ്ങൾ അഴിക്കാൻ നിർബന്ധിക്കുന്നുവെന്നും ‘ജയ് ശ്രീ റാം’ എന്ന് വിളിക്കാൻ നിർബന്ധിക്കുകയാണെന്നും ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുകയാണെന്നും പരാതിപ്പെട്ടു.

‘പി.ജി.ടി പോൾ സയൻസ് അധ്യാപകൻ ആദർശ് ശർമയും പി.ടി.ഐ അധ്യാപകൻ വികാഷ് കുമാറും മുസ്‌ലിം സമുദായത്തിലെ വിദ്യാർത്ഥികളെ തുടർച്ചയായി ഉപദ്രവിക്കുന്നു, ജയ് ശ്രീറാം എന്ന് വിളിക്കാൻ അവരെ നിർബന്ധിക്കുന്നു, കുളിമുറിയിൽ വസ്ത്രമില്ലാതെ മർദിക്കുന്നു, ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്നു,’ അഗർവാളിൻ്റെ കത്തിൽ പറയുന്നു.

അഗർവാളിൻ്റെ കത്തിൽ പേര് വെളിപ്പെടുത്താത്ത വിദ്യാർത്ഥികൾ നവംബർ ആറിന് വിശദമായ പരാതി നൽകിയിട്ടുണ്ട്. ഇത് അതിഷിയെ കൂടാതെ ദൽഹി ലെഫ്റ്റനൻ്റ് ഗവർണർ, ദൽഹി വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർക്കും അയച്ചിട്ടുണ്ട്. . വിദ്യാർത്ഥികൾ അവരുടെ പേരോ ഐഡൻ്റിറ്റിയോ വെളിപ്പെടുത്താൻ വിസമ്മതിച്ചത് അവരുടെ ജീവനെ ഭയന്നാണെന്ന് കത്തിൽ പറയുന്നുണ്ട്.

പൊളിറ്റിക്കൽ സയൻസ് അധ്യാപകൻ ആദർശ് ശർമ, പി.ടി അധ്യാപകൻ വികാഷ് കുമാർ എന്നിവരാണ് പ്രധാന പ്രതികളെന്ന് വിദ്യാർഥികൾ പരാതിയിൽ പറയുന്നു. സ്‌കൂളിലെ ശുചിമുറിയിൽ വസ്ത്രം അഴിക്കാൻ നിരന്തരം നിർബന്ധിച്ചതായി വിദ്യാർഥികൾ പരാതിപ്പെട്ടു. വിദ്യാർഥികൾ ആരോടും സംസാരിക്കാതിരിക്കാൻ അവരെ നഗ്നരാക്കി ദൃശ്യങ്ങൾ ചിത്രീകരിച്ചെന്നും വീഡിയോ വൈറലാക്കുമെന്നും ഭീഷണിപ്പെടുത്തി.

കൂടാതെ, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ മുസ്‌ലിം , ദളിത് വിദ്യാർത്ഥികളെ വേർതിരിച്ച് പിൻബഞ്ചുകളിൽ ഇരുത്തുകയും ‘പ്രബല ജാതി’ വിദ്യാർത്ഥികളെ മുൻവശത്ത് ഇരുത്തുകയും ചെയ്തുവെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. ശർമയെയും കുമാറിനെയും പേര് വെളിപ്പെടുത്താത്ത ഹിന്ദി അധ്യാപകനെയും നീക്കം ചെയ്യണമെന്നും അല്ലെങ്കിൽ മുസ്‌ലിം വിദ്യാർത്ഥികളെ മറ്റ് സ്കൂളുകളിലേക്ക് മാറ്റണമെന്നും സ്റ്റുഡൻ്റ്സ് കളക്ടീവ് കത്തിൽ ആവശ്യപ്പെട്ടു.

തനിക്ക് സർക്കാർ സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയനിൽ സ്വാധീനം ഉണ്ടെന്നും വിദ്യാർത്ഥികൾ പരാതിപ്പെട്ടിട്ട് ഒരു ഫലവുമില്ലെന്ന് ശർമ വെല്ലുവിളിച്ചതായും പരാതിയിൽ പറയുന്നു. അതേസമയം, കഴിഞ്ഞ വർഷവും വിദ്യാർത്ഥികൾ പരാതിപ്പെട്ടപ്പോൾ, വിഷയം അന്വേഷിക്കാൻ എത്തിയ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ മുസ്‌ലിം വിദ്യാർത്ഥികളെയും രണ്ട് മുസ്‌ലിം അധ്യാപകരെയും ഒരു വിവേചനവും നടന്നിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തി ഒരു കത്ത് എഴുതാൻ നിർബന്ധിച്ചതായി പേര് വെളിപ്പെടുത്താതെ സ്‌കൂൾ മാനേജ്‌മെൻ്റ് കമ്മിറ്റി അംഗം പറഞ്ഞു.

സ്‌കൂളിലെ ഏകദേശം 2,500 വിദ്യാർത്ഥികളിൽ പകുതിയും അല്ലെങ്കിൽ 1,000 മുതൽ 1,200 വരെ വിദ്യാർത്ഥികളും മുസ്‌ലിം പശ്ചാത്തലത്തിൽ നിന്നുള്ളവരാണെന്നും മിക്കവരും ദരിദ്രരും തൊഴിലാളികളുമായ കുട്ടികളാണെന്നും കമ്മിറ്റി അംഗം പറഞ്ഞു.

Content Highlight: Beating, Provoking to Commit Suicide’: Muslim Students in Delhi Allege Harassment, Discrimination

We use cookies to give you the best possible experience. Learn more