ന്യൂദല്‍ഹി: ജാര്‍ഖണ്ഡില്‍ തബ്‌റീസ് അന്‍സാരി എന്ന യുവാവിനെ ജയ്ശ്രീറാം വിളിപ്പിക്കാന്‍ വേണ്ടി കെട്ടിയിട്ട് ക്രൂരമായ തല്ലികൊലപ്പെടുത്തിയവര്‍ ഹിന്ദുമതത്തിന് അപമാനമാണെന്നും അവര്‍ ദൈവിക സങ്കല്‍പ്പങ്ങളെയാണ് ഇതിലൂടെ അപമാനിച്ചതെന്നുമുള്ള പ്രസ്താവനയുമായി കോണ്‍ഗ്രസ് എം.പി കരണ്‍സിംഗ്. ശശിതരൂര്‍ എഴുതിയ പുസ്തകപ്രകാശനചടങ്ങില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരുചെറുപ്പക്കാരനെ കെട്ടിയിട്ട് തല്ലിച്ചതച്ച് കൊലപ്പെടുത്തിയവര്‍ ഹിന്ദുമതത്തിന് മാത്രമല്ല അതിലെ ദൈവങ്ങള്‍ക്കും അപമാനമാണ്. ഇതാണോ ഹിന്ദുയിസം? ഇത്തരക്കാര്‍ക്ക് എങ്ങനെയാണ് സ്വയം ഹിന്ദു എന്നു വിശേഷിപ്പിക്കാനാകുന്നത്. ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ ആരായാലും അവര്‍ ഹിന്ദുമതത്തിന് അപമാനമാണ്.’ കരണ്‍ സിംഗ് പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കഴിഞ്ഞദിവസമാണ് അന്‍സാരിയുടെ മരണം ഹൃദയാഘാതം മൂലമാണെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആക്രമണം നടത്തിയവരെ വെറുതെവിട്ടത്.
ജൂണ്‍ 18-നാണ് അന്‍സാരിയെ മണിക്കൂറുകളോളം ക്രൂരമായി മര്‍ദ്ദിക്കുകയും ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തത്. ജാര്‍ഖണ്ഡിലെ സെരായ്‌കേല ഖര്‍സാവനില്‍ വെച്ച് മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദ്ദനം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
തുടര്‍ന്ന് അന്‍സാരിയെ ആശുപത്രിയിലാക്കിയെങ്കിലും 22-ന് മരിക്കുകയായിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു.