| Tuesday, 16th August 2022, 8:01 pm

അവരുടെ കാലുതല്ലിയൊടിച്ചേക്കൂ; ഉദ്ധവ് വിഭാഗത്തെ എം.എല്‍.എമാര്‍ക്കെതിരെ 'ക്വട്ടേഷന്‍' കൊടുത്ത് വിമത എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന പ്രവര്‍ത്തകരെ മര്‍ദിക്കാന്‍ ആഹ്വാനം ചെയ്ത് വിമത എം.എല്‍.എ. ഷിന്‍ഡെ വിഭാഗത്തിലെ എം.എല്‍.എയായ പ്രകാശ് സര്‍വേയാണ് അണികള്‍ക്ക് നേരെ വിവാദ ആഹ്വാനവുമായി രംഗത്തെത്തിയത്.

സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ ശിവസേന പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഞങ്ങള്‍ സംതൃപ്തരാകില്ല എന്നാണ് വീഡിയോയില്‍ എം.എല്‍.എ പറയുന്നത്.

‘ശിവസേനയ്ക്ക് അവരുടെ ശരിയായ സ്ഥാനം കാണിച്ചുകൊടുക്കണം. ഞങ്ങളെ പരിഹസിക്കുന്ന ഒരാളോടും ഞങ്ങള്‍ ക്ഷമിക്കില്ല. അങ്ങനെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അവരെ തല്ലിക്കൊന്നേക്കൂ. പ്രകാശ് സര്‍വേ ഇവിടെ തന്നെയുണ്ട്. ഇനി നിങ്ങള്‍ക്ക് അവരുടെ കൈ തല്ലിയൊടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അവരുടെ കാല്‍ തല്ലിയൊടിച്ചോളൂ. അടുത്ത ദിവസം തന്നെ നിങ്ങള്‍ക്ക് ജാമ്യം ലഭ്യമാക്കുന്ന കാര്യം ഞാന്‍ നോക്കിക്കോളാം. ഞങ്ങളെ താഴ്ത്തിക്കെട്ടുന്ന ആരെയും വെറുതെവിടില്ല,’ പ്രാകാശ് സര്‍വേ പറഞ്ഞു.

സംഭവത്തില്‍ പ്രതിഷേധിച്ച് ശിവസേന പ്രവര്‍ത്തകര്‍ മുംബൈയിലെ ദഹിസാര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

സംഭവത്തില്‍ ശിവസേനയുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും കേസിന്റെ സത്യാവസ്ഥ പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചതായി ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. കേസില്‍ ഇതുവരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.

Content Highlight: beat them up says prakash surve to rebel mlas

We use cookies to give you the best possible experience. Learn more