Film News
ഏപ്രില്‍ 14 അല്ല, ബീസ്റ്റ് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Mar 22, 06:34 am
Tuesday, 22nd March 2022, 12:04 pm

പ്രേക്ഷകര്‍ കാത്തിരിക്കുന്ന വിജയ് ചിത്രം ബീസ്റ്റിന്റെ റിലീസ് ഡേറ്റ് പുറത്ത്. ഏപ്രില്‍ 13 ന് ചിത്രം തിയേറ്ററുകളിലെത്തും. ഏപ്രില്‍ 14 നാണ് ചിത്രം റിലീസ് ചെയ്യുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ബീസ്റ്റ് നിര്‍മിക്കുന്നത് സണ്‍ പിക്‌ചേഴ്‌സാണ്. പൂജ ഹെഗ്‌ഡേ നായികയാവുന്ന ചിത്രത്തില്‍ യോഗി ബാബു, വി.ടി.വി ഗണേഷ്, മലയാളി താരങ്ങളായ ഷൈന്‍ ടോം ചാക്കോ, അപര്‍ണാ ദാസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം ചിത്രത്തിലെ രണ്ടാമത്തെ ഗാനമായ ജോളിയോ ജിംഖാന എന്ന പാട്ട് പുറത്ത് വന്നിരുന്നു.

ചിത്രത്തിലേതായി ആദ്യം പുറത്ത് വന്ന അറബിക് കുത്ത് തെന്നിന്ത്യന്‍ സിനിമാ ഗാനങ്ങളില്‍ ആസ്വാദകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് ഇട്ടിരുന്നു.

തെന്നിന്ത്യന്‍ സിനിമാ ഗാനങ്ങളില്‍ ഏറ്റവും വേഗത്തില്‍ 100 മില്യണ്‍ കാഴ്ചകള്‍ സ്വന്തമാക്കിയ ഗാനമെന്ന റെക്കോര്‍ഡ് അറബിക് കുത്ത് സ്വന്തമാക്കിയത്. 15 ദിവസങ്ങള്‍ കൊണ്ടാണ് അറബിക് കുത്ത് ഈ നേട്ടം സ്വന്തമാക്കിയത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

മനോജ് പരമഹംസയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് ആര്‍ നിര്‍മ്മല്‍. ചെന്നൈയിലും ജോര്‍ജിയയിലുമായിട്ടായിരുന്നു സിനിമയുടെ പ്രധാന ചിത്രീകരണം.

അതേ സമയം ഏപ്രിലില്‍ തെന്നിന്ത്യയിലെ ഏറ്റവും വലിയ ക്ലാഷ് റിലീസാണ് ഒരുങ്ങുന്നത്. യഷ് നായകനാകുന്ന കെ.ജി.എഫ് ചാപ്റ്റര്‍ 2 ഏപ്രില്‍ 14ന് റിലീസ് ചെയ്യുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.


Content Highlight: beast official release date april 13