| Thursday, 14th April 2022, 6:18 pm

Beast Review | സിനിമയെയും രക്ഷിക്കേണ്ടി വരുന്ന വിജയ്

അന്ന കീർത്തി ജോർജ്

വിജയ്‌യുടെ സ്‌ക്രീന്‍ പ്രെസന്‍സിനെ മികച്ച രീതിയില്‍ ഉപയോഗിച്ചിട്ടുള്ള ചിത്രമാണ് ബീസ്റ്റ്. ഫാന്‍സിന് ഒറ്റ തവണ ആഘോഷിക്കാനുള്ള മാസും പാട്ടും ഡയലോഗും സാമൂഹ്യവിഷയങ്ങളോടുള്ള പ്രതികരണവും കൃത്യമായ അളവില്‍ ചേര്‍ത്തിരിക്കുന്ന ചിത്രം, പക്ഷെ, ബേസിക് പ്ലോട്ടിലും തിരക്കഥയിലും സംവിധാനത്തിലും വന്നിരിക്കുന്ന അശ്രദ്ധയും പാളിച്ചകളും കൊണ്ട് പുറകോട്ട് പോകുകയാണ്. നെല്‍സണ്‍ – വിജയ് കൂട്ടുക്കെട്ടിലൊരുങ്ങുന്ന സിനിമയെന്ന പ്രൊമോഷന്‍ ക്യാപ്ഷനൊപ്പമെത്താന്‍ സിനിമയ്ക്ക് ആകുന്നില്ല.

ട്രെയ്ലറില്‍ നിന്നും പ്രേക്ഷകര്‍ക്ക് ലഭിച്ച സൂചനകളില്‍ നിന്നുതന്നെയാണ് ബീസ്റ്റിന്റെ കഥ നടക്കുന്നത, ഹൈജാക്ക് ചെയ്യപ്പെടുന്ന മാളില്‍ നിന്നും ബന്ദിയാക്കപ്പെട്ടവരെ രക്ഷിക്കുന്ന മുന്‍ റോ ഏജന്റ്.

വീര രാഘവന്‍ എന്ന ക്യാരക്ടറിന്റെ ആറ്റിറ്റിയൂടും അവതരിപ്പിച്ചിരിക്കുന്ന രീതിയും, വിജയ് ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതുമാണ് ബീസ്റ്റിലെ പ്ലസ് പോയിന്റ്. റഫ് ആന്റ് ടഫായാണ് വിജയ് ചിത്രത്തിലെത്തുന്നത്. ദയാദാക്ഷിണ്യമില്ലാതെയാണ് വീര രാഘവന്റെ ഇടപെടലുകള്‍. ഇമോഷണല്‍ സീന്‍സില്‍ വരെ അടക്കിപ്പിടിച്ച ഭാവത്തിലാണ് അദ്ദേഹത്തെ കൊണ്ട് അഭിനയിപ്പിച്ചിരിക്കുന്നത്. ഈ ഒരു രീതി ആ കഥാപാത്രം
അവസാനം വരെ നിലനിര്‍ത്തുന്നതും അതിനൊപ്പം ചെറിയ മാസ് ഡയലോഗുകളും ബി.ജി.എം ആക്ഷന്‍ രംഗങ്ങളും കൂടി ചേരുന്നതോടെ വിജയ് ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള വക സിനിമയിലുണ്ട്. പിന്നെ നാട്ടുകാരെ മുഴുവന്‍ രക്ഷിച്ചേ അടങ്ങൂ എന്ന നിര്‍ബന്ധമുള്ള ഒരു രക്ഷകനല്ല വിജയ് ഈ ചിത്രത്തിലെന്നതും ഒരു വ്യത്യസ്തമായിരുന്നു.

An Anirudh Musical ആയി എത്തിയ സിനിമയില്‍ ബി.ജി.എം തിയേറ്ററില്‍ തരക്കേടില്ലാത്ത എക്സ്പീരിയന്‍സാണ് നല്‍കുന്നത്. അതിഗംഭീരം എന്ന് വിളിക്കാനാകില്ലെങ്കിലും ഫ്ളാറ്റായി പോകുന്ന പല സീനുകളെയും അല്‍പൊന്ന് ഉയര്‍ത്താന്‍ ഈ ബി.ജി.എമ്മിന് സാധിക്കുന്നുണ്ട്. ചിത്രത്തിന്റെ പ്രധാന ആകര്‍ഷണമായ ഫൈറ്റ് സീക്വന്‍സുകളുടെ ആസ്വദനം ഗംഭീരമാക്കാനും ഈ പശ്ചാത്തല സംഗീതത്തിന് സാധിക്കുന്നുണ്ട്.

റിലീസിന് മുന്‍പേ ബീസ്റ്റിലെ അറബിക്കുത്ത്, ജോളിയാ ജിംഖാന എന്നീ ഹിറ്റായ പാട്ടുകള്‍ സിനിമയില്‍ എവിടെയായിരിക്കും വരുക എന്നൊരു ആകാംക്ഷയുണ്ടായിരുന്നു. മാളില്‍ ഹൈജാക്ക് നടക്കുമ്പോള്‍ ഈ പാട്ടും ഡാന്‍സും എങ്ങനെ നടക്കുമെന്നൊരു സംശയം. പക്ഷെ രണ്ട് പാട്ടുകളെയും പ്ലോട്ടിന് പ്രശ്നമില്ലാത്ത രീതിയില്‍, ആദ്യവും അവസാനവുമായി കൊണ്ടുവന്നത് ഒരു ആശ്വാസമായി.

ചിത്രത്തിന്റെ പ്രൊമോഷന്‍ സമയത്തെ വാഗ്ദാനങ്ങളോട് അടുത്ത് നില്‍ക്കുന്നത് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളാണ്. സ്റ്റണ്ട് മാസ്റ്റര്‍ അന്‍പറിവ് വ്യത്യസ്തമായ മൂവുകള്‍ കൊണ്ട്, ഫൈറ്റ് സീനുകള്‍ നന്നായി കൊറിയോഗ്രഫി ചെയ്തിട്ടുണ്ട്. പ്രത്യേകിച്ചും ആദ്യ ഭാഗങ്ങളും വീര രാഘവന്റെ ഇന്‍ട്രോ ഫൈറ്റും. കത്തിയും തോക്കുമുപയോഗിക്കുന്ന ഭാഗങ്ങളും ഭംഗിയായി തന്നെ ചെയ്തിട്ടുണ്ട്. വെടിയുണ്ട ചറപറായെന്ന് വന്നാലും അതൊന്നും വീര രാഘവനെ ഒന്നു തൊടുക പോലും ചെയ്യാത്തതും വളരെ എളുപ്പത്തില്‍ പറപ്പിക്കുന്ന യുദ്ധ വിമാനങ്ങളുമൊക്കെ ഉണ്ടെങ്കിലും ആക്ഷന്‍ സീനുകള്‍ നിരാശപ്പെടുത്തുന്നില്ല.

സാധാരണയായി വിജയ്ക്ക് ഒരു നായികയെയോ ജനങ്ങളെയോ ഗ്രാമത്തെയോ ആണ് രക്ഷിക്കേണ്ടി വരാറുള്ളതെങ്കില്‍ ഇപ്രാവശ്യം തന്റെ സ്വാഗും സ്‌ക്രീന്‍ പ്രെസന്‍സും കൊണ്ട് മൊത്തം സിനിമയെയും തോളിലേറ്റി കര പറ്റിക്കാന്‍ അദ്ദേഹത്തിന് കിണഞ്ഞു ശ്രമിക്കേണ്ടി വരുന്നുണ്ട്.

തീവ്രവാദവും ഐ.എസ്.ഐ.എസും ഇരുന്നൂറിലേറെ പേരെ ബന്ദിയാക്കിയുള്ള വമ്പന്‍ മാള്‍ ഹൈജാക്കുമൊക്കെ ഒരു ബാലസാഹിത്യ കൃതിയില്‍ ഉള്‍പ്പെടുത്താന്‍ എങ്ങനെയാണോ ചിത്രീകരിക്കുക ആ ലാഘവത്തോടെയാണ് സിനിമയില്‍ കടന്നുവരുന്നത്.

ഇത്തരം ഒരു പ്ലോട്ടില്‍ നെല്‍സണ്‍ സ്റ്റൈല്‍ കോമഡികള്‍ കടന്നുവന്നതു കൊണ്ടല്ല മറിച്ച്, ഇത്തരം സീനുകളൊക്കെ വരുന്ന പ്ലോട്ടിനെ ഒട്ടും ശ്രദ്ധയും ലോജിക്കുമില്ലാതെ കൈകാര്യം ചെയ്തു എന്ന ഫീല്‍ നല്‍കിയത് കൊണ്ടാണ് ഇങ്ങനെയൊരു അനുഭവമുണ്ടാകുന്നത്.

തീവ്രവാദികളും ഹൈജാക്കും പാകിസ്ഥാനിലേക്ക് മിസൈല്‍ അയക്കലുമൊക്കെ ഇത്ര സിംപിള്‍ പരിപാടിയാണോയെന്ന് സിനിമ കാണുമ്പോള്‍ തോന്നും. മണി ഹീസ്റ്റ് സീരിസിന്റെ വളരെ നിലവാരം കുറഞ്ഞ അഡാപ്റ്റേഷനുകളായിരുന്നു പല സീനുകളും.

അതേസമയം, രാഷ്ട്രീയക്കാരുടെ പിന്തുണയോടെ പല തീവ്രവാദ പ്രവര്‍ത്തനങ്ങളും നടക്കാനുള്ള സാധ്യതകള്‍, തെരഞ്ഞെടുപ്പ് രാഷ്ട്രീയം രാജ്യത്തെ പല പ്രധാനമായ തീരുമാനങ്ങളും നിശ്ചയിക്കുന്നത് തുടങ്ങിയതെല്ലാം സിനിമയില്‍ പ്രതിപാദിക്കാന്‍ ശ്രമിക്കുന്നുണ്ട്. എല്ലാം ഹിന്ദിയിലേക്ക് ട്രാന്‍സ്ലേറ്റ് ചെയ്യാന്‍ പറ്റില്ല, വേണമെങ്കില്‍ തമിഴ് പഠിക്ക് എന്നിങ്ങനെയുള്ള സോഷ്യല്‍ കമന്റ്സ് വരുന്ന പഞ്ച് ഡയലോഗുകളും ചിത്രത്തിലുണ്ട്.

വളരെ സീരിയസായ സീനുകളില്‍ കോമഡി ചേര്‍ത്തുവെച്ചുകൊണ്ടാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്. ഇതിന് വേണ്ടി വീര രാഘവനൊപ്പം ഒരു ടീം തന്നെയുണ്ട്. ഇത് ചിലയിടത്തെല്ലാം വിജയിക്കുന്നുണ്ടെങ്കിലും പല കോമഡികളും ഏറ്റില്ലായെന്ന് തന്നെ പറയേണ്ടി വരും.

തിരക്കഥയില്‍ ഗുണകരമായി തോന്നിയ ഒരു കാര്യം, വിജയ് കഥാപാത്രത്തിന് നെടുനീളന്‍ ഡയലോഗുകളോ വമ്പന്‍ ഉപദേശ പ്രസംഗങ്ങളോ ഇല്ല എന്നതാണ്. വിജയ് സിനിമകളില്‍ സ്ഥിരം കാണുന്ന രക്ഷകന്‍ എലമെന്റ്സ് ഉണ്ടെങ്കിലും അതില്‍ എന്തെങ്കിലുമൊരു വ്യത്യാസം നെല്‍സണ് കൊണ്ടു വരാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍, അത് ഈ ഡയലോഗുകളുടെ പോസിറ്റീവായ അഭാവമാണ്.

ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളിലേക്ക് വന്നാല്‍ എന്തിനാണ് സിനിമയില്‍ ഇങ്ങനെയൊരു നായിക കഥാപാത്രം എന്ന് തോന്നും വിധമായിരുന്നു പൂജ ഹെഗ്ഡെയുടെ പ്രീതി. വിജയ്‌യുടെ ഒട്ടുമിക്ക സിനിമകളെയും മറ്റു നടന്മാരുടെ മാസ് സിനിമകളെയും പോലെ ഒരു ‘ഐ കാന്‍ഡി’ നായിക.

അല്‍ത്താഫ് എന്ന കഥാപാത്രവും സെല്‍വരാഘവന്റെ പ്രകടനവും കണ്ടിരിക്കാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു. ആഭ്യന്തരമന്ത്രിയായ ഷാജി ചെന്നും ഈ സിനിമ ഡിമാന്റ് ചെയ്യുന്ന രീതിയില്‍ തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഷൈന്‍ ടോം ചാക്കോ തന്റെ ഭാഗം കുഴപ്പമില്ലാതെ ചെയ്യാന്‍ നോക്കുന്നുണ്ടെങ്കിലും മിസ് കാസ്റ്റിങ്ങായാണ് ഫീല്‍ ചെയ്തത്.

യോഗി ബാബു അടക്കമുള്ള മറ്റു അഭിനേതാക്കളെല്ലാം മുന്‍ സിനിമകളിലേതിന് സമാനമായ റോളാണ് ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ കുറച്ചൊരു ആവര്‍ത്തന വിരസതയുണ്ടാക്കുന്നുണ്ട്. പിന്നെ തിരക്കഥയില്‍ തന്നെ കോമഡി സീനുകളില്‍ വന്നിട്ടുള്ള അപാകത ഈ കഥാപാത്രങ്ങളെയും ബാധിക്കുന്നുണ്ട്.

മെച്ചപ്പെട്ട തിരക്കഥയും സംവിധാനവുമുണ്ടായിരുന്നെങ്കില്‍ ബീസ്റ്റ് വളരെ വ്യത്യസ്തമോ മികച്ചതോ ആയ ഒരു സിനിമയാകുമായിരുന്നു എന്ന് പറയാനാകില്ല. പക്ഷെ സ്ഥിരം മാസ് എന്റര്‍ടെയനറുകളുടെ കൂട്ടത്തിലെ കൊള്ളാവുന്ന ഒരു സിനിമയാകുമായിരുന്നു.

Content Highlight : Beast Review | Thalapathy Vijay | Nelson

അന്ന കീർത്തി ജോർജ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more