|

നെല്‍സണ്‍ നിരാശപ്പെടുത്തിയോ?; ബീസ്റ്റിന്റെ പ്രേക്ഷക പ്രതികരണം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് കൊണ്ട് വിജയ് ചിത്രം ബീസ്റ്റ് ഏപ്രില്‍ 13 ന് റിലീസ് ചെയ്തിരിക്കുകയാണ്. വന്‍ ഹൈപ്പുമായി എത്തിയ ചിത്രത്തിന് സമ്മിശ്രപ്രതികരണമാണ് ലഭിക്കുന്നത്.

തമിഴ്‌നാട്ടിലെ ഒരു മാള്‍ തീവ്രവാദികള്‍ ഹൈജാക്ക് ചെയ്യുന്നതും മുന്‍ റോ ഏജന്റായിരുന്ന വീരരാഘവന്‍ അവരെ രക്ഷിക്കുന്നതുമാണ് ചിത്രത്തിന്റെ കഥ. പതിവ് പോലെ വിജയുടെ സ്‌ക്രീന്‍ പ്രസന്‍സ് ഗംഭീരമായിരുന്നു എന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു.

ഭേദപ്പെട്ട ഫസ്റ്റ് ഹാഫിന് ശേഷമുള്ള സെക്കന്റ് ഹാഫും ക്ലൈമാക്‌സും നിരാശപ്പെടുത്തി എന്ന് പലരും പറയുന്നു. നെല്‍സന്റെ മേക്കിംഗിലെ പാളിച്ചകളാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. ആക്ഷന്‍ രംഗങ്ങളിലെ അതിമാനുഷികതക്കെതിരെയും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

മലയാളി താരങ്ങളായ അപര്‍ണ ദാസിനും ഷൈന്‍ ടോം ചാക്കോയ്ക്കും പ്രശംസ ലഭിക്കുന്നുണ്ട്. പ്രത്യേകിച്ചും ഷൈന്റെ പെര്‍ഫോമന്‍സ് പലരും എടുത്തു പറഞ്ഞ് അഭിനന്ദിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ചിത്രങ്ങള്‍ എടുക്കരുതെന്ന ഉപദേശവും ഷൈന് ചിലര്‍ നല്‍കിയിട്ടുണ്ട്. അനിരുദ്ധിന്റെ ബി.ജി.എമ്മും പാട്ടുകളും ഗംഭീരമായി എന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു.

ഏപ്രില്‍ 14 ന് കെ.ജി.എഫ് റിലീസ് ചെയ്യുന്നതോടെ വിജയ് ചിത്രത്തെ കാര്യമായി ബാധിക്കുമെന്നാണ് പ്രേക്ഷകരില്‍ ചിലര്‍ പറയുന്നത്. സണ്‍ പിക്‌ചേഴ്‌സിന്റ നിര്‍മാണത്തിലൊരുങ്ങിയ ചിത്രത്തില്‍ പൂജ ഹെഗ്‌ഡേയാണ് നായിക.

ചിത്രത്തിന്റെ ട്രെയ്ലര്‍ അടക്കമുള്ള പ്രീ-റിലീസ് പബ്ലിസിറ്റി മെറ്റീരിയലുകള്‍ക്കെല്ലാം വന്‍ പ്രേക്ഷകശ്രദ്ധയായിരുന്നു ലഭിച്ചത്. 4.8 കോടി കാഴ്ചകളാണ് ചിത്രത്തിന്റെ ഒഫിഷ്യല്‍ ട്രെയ്ലറിന് ഇതുവരെ ലഭിച്ചിരിക്കുന്നത്.

റിലീസിനു മുന്‍പേ റെക്കോഡുകള്‍ തീര്‍ത്താണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ട്രെയ്ലര്‍ പുറത്തുവന്ന് 24 മണിക്കൂറിനുള്ളില്‍ 22 മില്യണ്‍ പേരാണ് കണ്ടത്. ആദ്യഷോകളുടെ ടിക്കറ്റ് വില്‍പനയും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

Content Highlight: beast movie audience response

Video Stories