| Monday, 7th February 2022, 6:37 pm

ഇത് പാന്‍ ഇന്ത്യയല്ല, പാന്‍ വേള്‍ഡ്; അറബിക് കുത്ത്; ബീസ്റ്റ് ഫസ്റ്റ് സിംഗിള്‍ പ്രൊമോയില്‍ സര്‍പ്രൈസായി മൂന്നാമന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മാസ്റ്ററിന് ശേഷം വിജയ് ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ബീസ്റ്റ്. ചിത്രത്തിന്റെ ഓരോ അപ്‌ഡേഷനുമായി ആരാധകര്‍ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. ഇപ്പോഴിതാ നാളെ പുറത്തിറങ്ങുന്ന ഫസ്റ്റ് സിംഗിളിന്റെ പ്രൊമോഷന്‍ വീഡിയോ ശ്രദ്ധ ആകര്‍ഷിക്കുകയാണ്.

വീഡിയോയില്‍ സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാറിനും, സംഗീതസംവിധായകന്‍ അനിരുദ്ധ് രവിചന്ദറിനുമൊപ്പം സര്‍പ്രൈസായി ശിവകാര്‍ത്തികേയനുമെത്തുന്നുണ്ട്.

ചിത്രത്തിനായി ഒരു പാന്‍ വേള്‍ഡ് ട്യൂണ്‍ ഒരുക്കുന്നുണ്ടെന്നും അതിനു പറ്റിയ ലിറിസിസ്റ്റിനെ വേണമെന്നുമാണ് നെല്‍സനോട് അനിരുദ്ധ് ആവശ്യപ്പെടുന്നത്.

എന്തു പറഞ്ഞാലും എഴുതി തരുന്ന ഒരുത്തനുണ്ട് എന്ന് പറഞ്ഞ് നെല്‍സണ്‍ കൊണ്ടുവരുന്നത് ശിവകാര്‍ത്തികേയനെയാണ്. തുടര്‍ന്ന് മൂവരും അറബിക്ക് വേഷം ഇട്ടുകൊണ്ട് പാട്ട് ഒരുക്കുന്നതും വിജയ്‌യെ വിളിക്കുന്നതുമൊക്കെയാണ് വീഡിയോയില്‍ കാണിക്കുന്നത്.

ഇതിനോടകം തന്നെ നിരവധി സിനിമകളില്‍ ഗായകനായും ഗാനരചയിതാവായും തിളങ്ങിയ ശിവകാര്‍ത്തികേയനും ബീസ്റ്റിന്റെ ഭാഗമാകുന്നത് പ്രേക്ഷകര്‍ക്ക് ഇരട്ടി സന്തോഷമാവുകയാണ്.

ശിവകാര്‍ത്തികേയന്‍ ചിത്രം ‘ഡോക്ടര്‍’ സംവിധാനം ചെയ്തതും നെല്‍സണായിരുന്നു. വിജയ്‌യുടെ 65ാം ചിത്രമാണ് ബീസ്റ്റ്.

സണ്‍ പിക്ചേഴ്സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. പൂജ ഹെഗ്ഡെ ആണ് ചിത്രത്തില്‍ നായികയാകുന്നത്. മലയാളി താരങ്ങളായ അപര്‍ണാ ദാസും ഷൈന്‍ ടോം ചാക്കോയും ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്.

ജോര്‍ജിയയിലെയും ചെന്നൈയിലെയും ലൊക്കേഷനുകളിലായി 100 ദിവസത്തിലേറെയായി നടന്ന ‘ബീസ്റ്റ്’ ഷൂട്ടിംഗ് ഡിസംബറിലാണ് പൂര്‍ത്തിയാക്കിയത്.

വിജയ് നായകനാവുന്ന അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത് തെലുങ്കിലെ സൂപ്പര്‍ഹിറ്റ് സിനിമയായ മഹര്‍ഷിയുടെ സംവിധായകന്‍ വംശി പെഡിപ്പള്ളിയാണ്.

ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദേശീയ അവാര്‍ഡ് ജേതാവായ നിര്‍മാതാവ് ദില്‍ രാജുവും ശിരീഷുമാണ് ചിത്രം നിര്‍മ്മിക്കുന്നത്.


Content Highlight: beast first single promo

We use cookies to give you the best possible experience. Learn more