കോഴിക്കോട്: താടി വളര്‍ത്തിയതിന്റെ പേരില്‍ ക്ലാസില്‍ കയറാന്‍ അധികൃതര്‍ അനുവദിക്കുന്നില്ലെന്ന ആരോപണവുമായി കാലിക്കറ്റ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥി. കായിക വിഭാഗത്തില്‍ നാലുവര്‍ഷത്തെ ബി.പി.എഡ് ഇന്റഗ്രേറ്റഡ് കോഴ്‌സിനു പ്രവേശനം നേടിയ വിദ്യാര്‍ഥിയായ മുഹമ്മദ് ഹിലാലാണ് താടിയുടെ പേരില്‍ തനിക്കു ക്ലാസില്‍ കയറാന്‍ അധികൃതര്‍ അനുമതി നിഷേധിക്കുന്നെന്ന ആരോപണവുമായി രംഗത്തെത്തിയത്.
നാടിയുടെ പേരില്‍ നേരത്തെ പുറത്താക്കിയെങ്കിലും ഇപ്പോള്‍ അനുമതി ലഭിച്ചിട്ടും ക്ലാസില്‍ കയറാന്‍ കായികവിഭാഗത്തിലെ അധ്യാപകര്‍ അനുവദിക്കുന്നില്ലെന്ന് ഹിലാല്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
സംസ്ഥാനതല ബേസ്ബാള്‍ താരമായ തനിക്ക് മത്സരങ്ങളില്‍ പങ്കെടുക്കുന്നതിലും വിലക്കേര്‍പ്പെടുത്തിയെന്നും ഇയാള്‍ പറഞ്ഞു. കായംകുളം സ്വദേശിയായ ഹിലാല്‍ ആഗസ്റ്റ് ഒന്നിനാണ് കോളജില്‍ ചേര്‍ന്നത്. താടി വെച്ചവര്‍ക്ക് ക്ലാസില്‍ പ്രവേശനമില്ലെന്നും ഇത് അച്ചടക്കലംഘനമാണെന്നും കാണിച്ച് അധ്യാപകര്‍ പുറത്താക്കുകയായിരുന്നു.
വൈസ് ചാന്‍സലര്‍ക്ക് നല്‍കിയ പരാതിയില്‍ ഒരുമാസം കഴിഞ്ഞ് താല്‍ക്കാലിക അനുമതി നല്‍കി. എന്നാല്‍, ഇതുവരെ നടപ്പായിട്ടില്ല.
കായിക വകുപ്പിലെ താല്‍ക്കാലിക അധ്യാപകരാണ് തന്നെ പല കാരണങ്ങള്‍ പറഞ്ഞ് വിലക്കുന്നതെന്നും ഹിലാല്‍ ആരോപിച്ചു.
താല്‍ക്കാലിക അനുമതി ആയതിനാല്‍ ടീമില്‍ കളിക്കാന്‍ കഴിയില്ലെന്നാണ് അധ്യാപകര്‍ പറയുന്നത്. മത്സരത്തില്‍ പങ്കെടുക്കാനത്തെിയപ്പോള്‍ കളിക്കാനനുവദിക്കാതെ പുറത്തുപോവാനാവശ്യപ്പെടുകയായിരുന്നു.
താടി വടിക്കുകയോ അല്ലെങ്കില്‍ ക്ലാസ് നിര്‍ത്തി പോകുകയോ ചെയ്യണമെന്നാണ് അധ്യാപകര്‍ തന്നോട് ആവശ്യപ്പെട്ടത്. ഈ കോഴ്‌സ് താന്‍ ജയിക്കില്ലെന്നും അധ്യാപകര്‍ പറഞ്ഞെന്ന് ഹിലാല്‍ പറയുന്നു.
കാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റാഷിദ്, കാമ്പസ് കോഓഡിനേറ്റര്‍ ഫായിസ് കണിച്ചേരി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.