ഭോപ്പാല്‍: ഭരണഘടന സംരക്ഷിക്കണമെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊല്ലണമെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാജ പട്ടേരിയയുടെ പരാമര്‍ശം വിവാദത്തില്‍. പരാമര്‍ശത്തെത്തുടര്‍ന്ന് മുന്‍ മധ്യപ്രദേശ് മന്ത്രി കൂടിയായ പട്ടേരിയെക്കെതിരെ കേസെടുക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ ഉത്തരവിട്ടു.
‘മോദി തെരഞ്ഞെടുപ്പ് അവസാനിപ്പിക്കും. മോദി മതത്തിന്റെയും ജാതിയുടെയും ഭാഷയുടെയും അടിസ്ഥാനത്തില്‍ ജനങ്ങളെ വിഭജിക്കും. ദളിതുകളുടെയും ആദിവാസികളുടെയും ന്യൂനപക്ഷങ്ങളുടെയും ജീവിതം അപകടത്തിലാണ്. ഭരണഘടനയെ സംരക്ഷിക്കണമെങ്കില്‍ മോദിയെ കൊല്ലണം,’ എന്നാണ് രാജ പട്ടേരിയ പറഞ്ഞത്.
പന്ന ജില്ലയിലെ പവായില്‍ നടന്ന പരിപാടിക്കിടെയായിരുന്നു വിവാദ പ്രസ്താവന നടത്തിയത്. എന്നാല്‍ കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശം വന്‍ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. പ്രസംഗം വിവാദമായതിനെ തുടര്‍ന്ന് പട്ടേരിയ വിശദീകരണവുമായി രംഗത്തെത്തി.
തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയെ പരാജയപ്പെടുത്തുക എന്നാണ് പ്രസംഗത്തില്‍ താന്‍ ഉദ്ദേശിച്ചതെന്നും സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിമാറ്റിയാണ് പ്രചാരണം എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കോണ്‍ഗ്രസ് പാര്‍ട്ടി മുസോളിനിയുടേതാണെന്നും മഹാത്മാ ഗാന്ധിയുടേതല്ലെന്നും പറഞ്ഞുകൊണ്ടാണ് കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര രംഗത്തെത്തിയത്.
‘ഈ കോണ്‍ഗ്രസ് ഇറ്റലിയുടേതാണ്. അതിന്റെ പ്രത്യയശാസ്ത്രം മുസോളിനിയുടേതാണ്. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഞാന്‍ എസ്.പിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്,’ എന്നാണ് നരോത്തം മിശ്ര പറഞ്ഞത്.