'നിതീഷ് കുമാറിന്റെ വഞ്ചനയ്ക്ക് ഇരയാകാത്തവര്‍ ചുരുക്കം; അടുത്തത് ബി.ജെ.പിയുടെ ഊഴം'; മുന്നറിയിപ്പുമായി ഉപേന്ദ്ര കുശ്‌വാഹ
national news
'നിതീഷ് കുമാറിന്റെ വഞ്ചനയ്ക്ക് ഇരയാകാത്തവര്‍ ചുരുക്കം; അടുത്തത് ബി.ജെ.പിയുടെ ഊഴം'; മുന്നറിയിപ്പുമായി ഉപേന്ദ്ര കുശ്‌വാഹ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd June 2019, 10:28 am

പാറ്റ്ന: ജെ.ഡി.യു നേതാവ് നിതീഷ് കുമാറില്‍ നിന്നുള്ള തിരിച്ചടി പ്രതീക്ഷിച്ചിരുന്നോളാന്‍ ബി.ജെ.പിക്ക് മുന്നറിയിപ്പ് നല്‍കി ബി.ജെ.പിയുടെ മുന്‍ സഖ്യകക്ഷിയായ രാഷ്ട്രീയ ലോക് സമത പാര്‍ട്ടി അധ്യക്ഷന്‍ ഉപേന്ദ്ര കുശ്‌വാഹ.

നിതീഷ് കുമാറിന്റെ വഞ്ചനയുടെ അടുത്ത ഇരയാണ് ബി.ജെ.പിയെന്നും ജെ.ഡു.യു നേതാവിന്റെ രണ്ടാമത്തെ വഞ്ചന ബി.ജെ.പിക്ക് നേരെയാണെന്നുമാണ് ഉപേന്ദ്ര കുശ്‌വാഹ പറഞ്ഞത്.

ജനവിധിയെ മാനിക്കാത്ത നേതാവാണ് നിതീഷ് കുമാറെന്ന് എല്ലാവര്‍ക്കും ബോധ്യമുള്ള കാര്യമാണ്. അക്കാര്യം ഞാന്‍ ബി.ജെ.പിയേയും ഓര്‍മ്മിപ്പിക്കുകയാണ്. സഖ്യകക്ഷികളെ വഞ്ചിക്കുക എന്നത് അദ്ദേഹത്തിന്റെ മുന്‍പേ തന്നെയുള്ള ശൈലിയാണ്. ജനവിധിയെ പോലും അദ്ദേഹം വെല്ലുവിളിക്കുകയാണ്. നിതീഷിന്റെ വഞ്ചനയ്ക്ക് ഇരയാകാത്തവര്‍ കുറവായിരിക്കും. അടുത്തത് ബി.ജെ.പിയുടെ ഊഴമാണ്. കാത്തിരുന്നോളൂ. ഒട്ടും വൈകാതെ ഒരു നടപടി പ്രതീക്ഷിക്കാം. – കുശ്‌വാഹ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ലോക്‌സഭാ പാര്‍ട്ടിക്കും മഹാഗഠ്ബന്ധനും ബി.ജെ.പിയില്‍ നിന്നും നേരിട്ട തിരിച്ചടിയെ കുറിച്ചുള്ള ചോദ്യത്തിന് ബി.ജെ.പിയുടെ ചില ഗൂഢാലോചന മനസിലാക്കുന്നതില്‍ നിന്നും തങ്ങള്‍ പരാജയപ്പെട്ടുവെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

മോദി സര്‍ക്കാരിന്റെ വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട് ഉണ്ടായ അതൃപ്തി ബിഹാറില്‍ ജെ.ഡി.യു- ബി.ജെ.പി ബന്ധം കൂടുതല്‍ വഷളാവുകയാണ്. ഇരു പാര്‍ട്ടികളും നടത്തിയ ഇഫ്താര്‍ വിരുന്നില്‍ പരസ്പരം നേതാക്കള്‍ പങ്കെടുത്തിരുന്നില്ല.

ബി.ജെ.പി ഞാറാഴ്ച രാത്രി നടത്തിയ ഇഫ്താര്‍ വിരുന്നില്‍ ജെ.ഡി.യു നേതാക്കള്‍ പങ്കെടുത്തില്ല. ജെ.ഡി.യുവിന്റെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കാതെ ബി.ജെ.പി നേതാക്കളും വിട്ടുനിന്നു.

 

നേരത്തെ രേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍.ഡി.എ സര്‍ക്കാരില്‍ ഇനി ഭാഗമാവില്ലെന്ന് നിതീഷ് കുമാര്‍ പറഞ്ഞിരുന്നു. ലോക്‌സഭയില്‍ 16 എം.പിമാരുള്ള ജെ.ഡി.യുവിന് മറ്റ് സഖ്യകക്ഷികള്‍ക്ക് സമാനമായി ഒരു മന്ത്രിസ്ഥാനമാണ് ബി.ജെ.പി വാഗ്ദാനം ചെയ്തത്. ഇതില്‍ പ്രതിഷേധിച്ചാണ് എന്‍.ഡി.എ സര്‍ക്കാരിന്റെ ഭാഗമാവില്ലെന്ന് നിതീഷ് കുമാര്‍ പറഞ്ഞത്.

എന്‍.ഡി.എയില്‍ ഏറ്റവും കൂടുതല്‍ എം.പിമാരുള്ള മൂന്നാമത്തെ പാര്‍ട്ടിയാണ് ജെ.ഡി.യു. ‘ഞങ്ങള്‍ക്ക് ആനുപാതികമായ സ്ഥാനമാണ് വേണ്ടത്. ബി.ജെ.പിയുടെ ഒരു മന്ത്രിസ്ഥാനം എന്ന വാഗ്ദാനം പാര്‍ട്ടി യോഗത്തില്‍ എല്ലാ അംഗങ്ങളും തള്ളിക്കളയുകയായിരുന്നു.’ നിതീഷ് കുമാര്‍ പറഞ്ഞിരുന്നു.

ഭാവിയില്‍ ഇനി മന്ത്രിസഭയിലേക്ക് ക്ഷണമുണ്ടായാലും സ്വീകരിക്കേണ്ടെന്നാണ് ജെ.ഡി.യുവിന്റെ തീരുമാനം.