| Monday, 22nd March 2021, 12:08 pm

'ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ സൂക്ഷിക്കണം, ബി.ജെ.പിക്ക് അവസരം നല്‍കരുത്'; ന്യൂനപക്ഷങ്ങളോട് സല്‍മാന്‍ ഖുര്‍ഷിദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ന്യൂനപക്ഷങ്ങള്‍ ചോദ്യങ്ങള്‍ സൂക്ഷിച്ച് ഉന്നയിക്കണമെന്നും ബി.ജെ.പിക്ക് ധ്രുവീകരണത്തിന് അവസരം നല്‍കരുതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്.

ഇന്ത്യയിലെ മുസ്‌ലിം വിഭാഗക്കാര്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായി ബന്ധപ്പെടാന്‍ ശ്രമിക്കണമെന്നും സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.

” ശ്രദ്ധയോടെ മാത്രമേ ചോദ്യങ്ങള്‍ ചോദിക്കാനും പ്രശ്‌നങ്ങള്‍ ഉന്നയിക്കാനും പാടൂള്ളൂ. ബി.ജെ.പിക്ക് വിഭാഗീയതയ്ക്ക് അവസരം നല്‍കരുത്. നമ്മുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നതില്‍ നമ്മള്‍ ഭയപ്പെടാനും പാടില്ല. കോണ്‍ഗ്രസ് ഈ നാടിന്റെ ഐക്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചവരാണ്. പക്ഷേ നിര്‍ഭാഗ്യവശാല്‍ ജനാധിപത്യം ഇപ്പോള്‍ അപകടത്തിലാണ്,” ഖുര്‍ഷിദ് പറഞ്ഞു.

മുസ്‌ലിങ്ങളല്ലാത്തവരും നമ്മുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നു എന്നത് ഭാഗ്യമാണെന്നും സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസിന്റ മുസ്‌ലിം കൗണ്‍സിലമാര്‍ക്ക് ആശംസ അര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദിവസം ന്യൂനപക്ഷങ്ങള്‍ക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ മന്ത്രിമാരുമായി ചര്‍ച്ച നടത്തിയതായി പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞിരുന്നു.

മാധ്യമപ്രവര്‍ത്തകര്‍ വീണ്ടും അദ്ദേഹത്തോട് ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് സംസാരിച്ചോ എന്നാരാഞ്ഞപ്പോള്‍ പ്രധാനമന്ത്രി മോദിയുമായി സംസാരിക്കാന്‍ സാധിച്ചില്ലെങ്കിലും മറ്റ് മന്ത്രിമാരുമായി സംസാരിച്ചു എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്.

” മറ്റുമന്ത്രിമാരുമായി ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു. ഇന്ത്യയും അമേരിക്കയും സ്ഥിര പങ്കാളികളാണ്. അവരുടെ സഹകരണം പ്രധാനവുമാണ്. ഇത്തരം പ്രശ്നങ്ങളെക്കുറിച്ച് പങ്കാളികളായ രാഷ്ട്രങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് തന്നെയാണ് കരുതുന്നത്,” എന്നായിരുന്നു ഓസ്റ്റിന്‍ പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Be careful while raising issues;Khurshid to minorities

We use cookies to give you the best possible experience. Learn more