കൊച്ചി: വസ്തുതകൾ ഉറപ്പുവരുത്താതെ അപകീർത്തി കേസെടുക്കുന്നത് മാധ്യമസ്വാതന്ത്ര്യം ഇല്ലാതാക്കുമെന്ന് ഹൈക്കോടതി. ഇത് ജനങ്ങളുടെ അറിയാനുള്ള അവകാശം ഹനിക്കുന്നതാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
കൊച്ചി: വസ്തുതകൾ ഉറപ്പുവരുത്താതെ അപകീർത്തി കേസെടുക്കുന്നത് മാധ്യമസ്വാതന്ത്ര്യം ഇല്ലാതാക്കുമെന്ന് ഹൈക്കോടതി. ഇത് ജനങ്ങളുടെ അറിയാനുള്ള അവകാശം ഹനിക്കുന്നതാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
‘മലയാള മനോരമ’ ദിനപത്രത്തിനെതിരെ അപകീർത്തി ആരോപിച്ചുള്ള പരാതിയും ആലുവ ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലെ തുടർനടപടികളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
ഒരു കുറ്റവുമായി ബന്ധപ്പെട്ട കൃത്യമായ വസ്തുതകളും വിവരങ്ങളും ഉണ്ടെന്ന് ഉറപ്പുവരുത്തിയശേഷം മാത്രമേ പത്രങ്ങൾക്കും മാധ്യമപ്രവർത്തകർക്കുമെതിരെ കോടതി നടപടി സ്വീകരിക്കാവൂ. ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാവുന്നതിനാൽ ഈ കാര്യത്തിൽ കോടതികൾ ജാഗ്രത പാലിക്കണമെന്നും ജസ്റ്റിസ് എ.ബദറുദ്ദീൻ അഭിപ്രായപ്പെട്ടു.
മാധ്യമ സ്വാതന്ത്ര്യം തടസ്സപ്പെടുന്നത് ജനാധിപത്യത്തിന് പകരം ജനക്കൂട്ടത്തിന്റെ ആധിപത്യത്തിലേക്കായിരിക്കും നയിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്തരവിന്റെ പകർപ്പ് ജില്ലാ കോടതികൾക്ക് അയക്കാൻ ഹൈക്കോടതി രജിസ്ട്രിക്ക് നിർദേശം നൽകിയിട്ടുണ്ട്.
മാധ്യമസ്വാതന്ത്ര്യത്തെ ബാധിക്കുന്ന നടപടി സ്വീകരിക്കുന്നത് ആക്രമിക്കാൻ കരുതിയിരിക്കുന്നവർക്ക് കരുത്ത് നൽകുമെന്നും സംഭവവികാസങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിൽ
മാധ്യമങ്ങൾക്ക് വലിയ പങ്കുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ജനാധിപത്യ തത്ത്വങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ മാധ്യമ സ്വാതന്ത്ര്യവും അറിയാനുള്ള അവകാശവും ഒരുപോലെ പ്രധാനമാണെന്ന് വ്യക്തമാക്കിയ കോടതി ഇത് ജനാധിപത്യ വിരുദ്ധതയിലേക്ക് നയിക്കുമെന്നും നിരീക്ഷിച്ചു.
ശരിയായ രീതിയിൽ റിപ്പോർട്ട് ചെയ്ത വാർത്ത, കൃത്യമായ തെളിവില്ലാതെ അപകീർത്തികരമാണെന്ന് പറയുന്നത് മാധ്യമസ്വാതന്ത്ര്യത്തിന് തടസ്സമാണെന്ന് വ്യക്തമാക്കിയതോടൊപ്പം പരാതിയും നടപടികളും കോടതി റദ്ദാക്കി. കൃത്യതയോടെ നൽകുന്ന വാർത്തയെ അപകീർത്തികരമായി നിർവചിച്ചാൽ മാധ്യമ സ്വാതന്ത്ര്യത്തിന്റെ ലംഘനമാവും. അതിനാൽ മാധ്യമ സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമ്പോൾ വിചാരണ കോടതി ജാഗ്രത പാലിക്കണമെന്നും ജസ്റ്റിസ് പി.ബദറുദ്ദീൻ കൂട്ടിച്ചേർത്തു.
നിയമപരമായ നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോഴും വാർത്ത നൽകാനുള്ള മാധ്യമസ്വാതന്ത്ര്യവും വാർത്തകൾ അറിയാനുള്ള ജനങ്ങളുടെ അവകാശവും ഒരു ജനാധിപത്യ രാജ്യത്ത് കൈകോർത്ത് മുന്നോട്ട് പോകേണ്ടതാണെന്ന് കോടതി വ്യക്തമാക്കി. അദ്വൈതാശ്രമം വളപ്പിലേക്ക് മാലിന്യം കോരിയിട്ടതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച വാർത്തയാണ് പരാതിക്ക് കാരണമായത്.
Content Highlight: Be careful in defamation cases against the media, high court