ഗസ: അറബ് ഉടമസ്ഥതകളിലുള്ള ചാനലുകള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനവുമായി ബോയ്‌കോട്ട്, ഡൈവെസ്റ്റ്‌മെന്റ് ആന്റ് സാങ്ക്ഷന്‍സ് (ബി.ഡി.എസ്). ഇസ്രഈലിന്റെ മുഖപത്രങ്ങള്‍ എന്ന നിലയില്‍ ചാനലുകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബഹിഷ്‌കരണാഹ്വാനം.
ഗസ: അറബ് ഉടമസ്ഥതകളിലുള്ള ചാനലുകള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനവുമായി ബോയ്‌കോട്ട്, ഡൈവെസ്റ്റ്‌മെന്റ് ആന്റ് സാങ്ക്ഷന്‍സ് (ബി.ഡി.എസ്). ഇസ്രഈലിന്റെ മുഖപത്രങ്ങള്‍ എന്ന നിലയില്‍ ചാനലുകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബഹിഷ്‌കരണാഹ്വാനം.
സൗദി അറേബ്യയുടെ ഉടമസ്ഥതയിലുള്ള അല്‍ അറബിയ, എം.ബി.സി, അല്‍ ഹദത്ത്, എമിറാത്തിയുടെ ഉടമസ്ഥതയിലുള്ള സ്‌കൈ ന്യൂസ് അറേബ്യ, സ്ട്രീമിങ് പ്ലാറ്റ്‌ഫോം ഷാഹിദ്, ലെബനീസ് ന്യൂസ് ശൃംഖലയായ എം.ടി.വി എന്നിവ ബഹിഷ്‌കരിക്കണമെന്നാണ് ബി.ഡി.എസ് ആഹ്വാനം ചെയ്തത്.
ഇസ്രഈലി സൈനിക വിഭാഗമായ ഐ.ഡി.എഫിന്റെ ഉദ്യോഗസ്ഥരുമായി ചാനലുകള്‍ നടത്തിയ അഭിമുഖങ്ങള്‍, ഗസയിലെ ആരോഗ്യ കേന്ദ്രങ്ങള്‍ സൈനിക ആവശ്യങ്ങള്‍ക്കായി ഹമാസ് ഉപയോഗിക്കുന്നുവെന്ന അവകാശവാദം തുടങ്ങിയ തെളിവുകള്‍ നിരത്തിക്കൊണ്ടാണ് ബി.ഡി.എസിന്റെ ആഹ്വാനം.
പ്രസ്തുത ചാനലുകള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ക്കെതിരെ ഇറാഖ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ജനരോക്ഷം പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തില്‍ കൂടിയാണ് ബി.ഡി.എസിന്റ പ്രതികരണം.
അടുത്തിടെ ഹമാസ്-ഹിസ്ബുല്ല നേതാക്കളെ ഭീകരവാദികളായി ചിത്രീകരിച്ച സൗദി ഉടമസ്ഥതയിലുള്ള എം.ബി.സിക്കെതിരെ ജനങ്ങള്‍ തെരുവിലിറങ്ങിയിരുന്നു. ഹമാസിന്റെയും ഹിസ്ബുല്ലയുടെയും നേതാക്കള്‍ ഭീകരവാദികളാണെന്ന് പറഞ്ഞുകൊണ്ട് എം.ബി.സി ന്യൂസ് ചാനല്‍ റിപ്പോര്‍ട്ട് സംപ്രേക്ഷണം ചെയ്തത്.
തുടര്‍ന്ന് ഇറാഖില്‍ നൂറുകണക്കിന് ആളുകള്‍ മാധ്യമസ്ഥാപനത്തിന്റെ ബ്രാഞ്ചുകളിലേക്ക് ഇരച്ചുകയറുകയും എം.ബി.സിയുടെ കെട്ടിടത്തിന് പ്രതിഷേധക്കാര്‍ തീയിടുകയും ഉപകരണങ്ങള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തിരുന്നു.
ചട്ടലംഘനം നടത്തിയതിന് എം.ബി.സി ന്യൂസിന്റെ ലൈസന്‍സ് ഇറാഖ് സസ്‌പെന്‍ഡ് ചെയ്യുകയും രാജ്യത്തിന്റെ മാധ്യമനയം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി സൗദി അറേബ്യയുടെ മീഡിയ അതോറിറ്റി എം.ബി.സിക്കെതിരെ അന്വേഷണത്തിന് ഉത്തരവിടുകയുമുണ്ടായി.
ഇതിനുപിന്നാലെയാണ് അറബ് മാധ്യമ ശൃംഖലകള്‍ക്കെതിരെ ബി.ഡി.എസ് രംഗത്തെത്തിയത്. ഇസ്രഈല്‍ ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങളെ സാധാരണവത്കരിക്കാനുള്ള ശ്രമങ്ങളാണ് ചാനലുകള്‍ നടത്തുന്നതെന്നും ബി.ഡി.എസ് പറഞ്ഞു. അറബ് ബോധത്തിനെതിരായ കൊളോണിയല്‍ യുദ്ധത്തെ അഭിസംബോധന ചെയ്യാത്ത നിലപാടുകളാണ് ചാനലുകള്‍ സ്വീകരിക്കുന്നതെന്നും ബി.ഡി.എസ് ചൂണ്ടിക്കാട്ടി.
അതേസമയം ലെബനീസ് ചാനലായ എം.ടി.വിക്കെതിരെ ഹിസ്ബുല്ലയുടെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച് റിപ്പോര്‍ട്ട് അവതരിപ്പിച്ചതില്‍ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ ലെബനന്റെ പ്രതിരോധത്തെ പോലും ബാധിക്കുന്നതാണെന്നായിരുന്നു വിമര്‍ശനം. എം.ടി.വി ബി.ഡി.എസിന്റെ ബഹിഷ്‌കരണ പട്ടികയില്‍ ഉള്‍പ്പെട്ടതിലും അന്താരാഷ്ട്ര തലത്തില്‍ ആശങ്ക ഉയരുന്നുണ്ട്.
2005 ജൂണ്‍ ഒമ്പതിന് ആരംഭിച്ച ഇസ്രഈല്‍ ബഹിഷ്‌കരണപ്രസ്ഥാനമാണ് ബി.ഡി.എസ്. 171 പലസ്തീന്‍ സന്നദ്ധസംഘടനകള്‍ കൂടി ചേര്‍ന്നാണ് ബി.ഡി.എസ് രൂപീകരിച്ചത്.
Content Highlight: BDS boycott call against Arab channels