| Saturday, 10th March 2018, 10:16 am

'സാമൂഹ്യ നീതിയില്ലാത്ത മുന്നണിയില്‍ നിന്നിട്ട് കാര്യമില്ല'; ബി.ഡി.ജെ.എസ് എന്‍.ഡി.എ വിടുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബി.ഡി.ജെ.എസ് ബി.ജെ.പി ബന്ധം അവസാനിപ്പിക്കുന്നു. 14ന് ആലപ്പുഴയില്‍ ചേരുന്ന ബി.ഡി.ജെ.എസ് യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്‍.ഡി.എയില്‍ വിശ്വാസം നഷ്ടപ്പെട്ടത് കൊണ്ടാണ് മുന്നണി വിടുന്നതെന്ന് പാര്‍ട്ടി പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി കേരളകൗമുദിയോട് വെളിപ്പെടുത്തി.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബി.ജി.ജെ.എസ് എന്ത് തീരുമാനമെടുക്കുമെന്ന് യോഗത്തില്‍ തീരുമാനിക്കും. സാമൂഹിക നീതിക്ക് വേണ്ടി നില്‍ക്കാത്ത മുന്നണിയില്‍ തുടര്‍ന്നിട്ട് കാര്യമില്ലെന്നാണ് തുഷാര്‍ വെള്ളാപ്പള്ളിയുടെ നിലപാട്. രണ്ട് വര്‍ഷമായി മുന്നണിക്കൊപ്പമുണ്ടായിട്ടും കാര്യമൊന്നുമില്ല. ഇങ്ങനെ മുന്നോട്ട് പോയിട്ട് പ്രയോജനമില്ല. സാമൂഹ്യനീതിയാണ് പാര്‍ട്ടിയുടെ മുദ്രാവാക്യം. അത് കിട്ടാത്ത മുന്നണിയില്‍ തുടര്‍ന്നിട്ട് കാര്യമില്ല. മോദി മന്ത്രിസഭയില്‍ കേരളത്തില്‍ നിന്ന് ബി.ഡി.ജെ.എസിന് പ്രാതിനിധ്യം ഉണ്ടാവുമെന്നാണ് ഉറപ്പ് തന്നിരുന്നത്. അത് പാലിച്ചില്ല. ബി.ഡി.ജെ.എസ് വിടുന്നതോടെ ബി.ജെ.പി കേരളത്തില്‍ ഒന്നുമല്ലാതാവും. ബി.ജെ.പിയെ ശക്തമായി നേരിടും. തുഷാര്‍ പറഞ്ഞു.


Also Read: ഇന്ത്യാ-ചൈന ബന്ധം മെച്ചപ്പെടുത്താന്‍ തയ്യാറാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം


മുമ്പ് ആറ് ശതമാനം വോട്ടാണ് ബി.ജെ.പിക്കുണ്ടായിരുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അത് 16 ശതമാനമായി കൂടി. കൂടിയ 10 ശതമാനം ബി.ഡി.ജെ.എസിന്റെ വോട്ടാണ്. മുപ്പത് വര്‍ഷം ബി.ജെ.പി മത്സരിച്ചിട്ടും ഇത്രയും വോട്ട് ഇതിന് മുമ്പ് കിട്ടിയിട്ടില്ല. ബി.ഡി.ജെ.എസ് ആണ് അവര്‍ക്ക് കരുത്തേകിയതെന്ന് അവര്‍ മറന്നു. എല്‍.ഡി.എഫും യു.ഡി.എഫും ബി.ഡി.ജെ.എസിന് ഒരുപോലാണ്. ആരോടും വിരോധമില്ല. എന്‍.ഡി.എ വിട്ട് തല്‍ക്കാലം നിഷ്പക്ഷരായി നില്‍ക്കുമെന്നും എന്‍.ഡി.എയിലെ മറ്റ് ഘടകകക്ഷികളുടെ യോഗം വിളിച്ച് ഭാവി പരിപാടികള്‍ ആലോചിക്കുമെന്നും തുഷാര്‍ അറിയിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more