| Sunday, 10th November 2019, 9:33 am

സി.പി.ഐ.എമ്മുമായും കോണ്‍ഗ്രസുമായും സഖ്യം; എന്‍.ഡി.എ വിടാന്‍ പദ്ധതിയിട്ട് ബി.ഡി.ജെ.എസ്; നീക്കങ്ങള്‍ ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: എന്‍.ഡി.എ വിടാനുള്ള നീക്കം ശക്തപ്പെടുത്തി ബി.ഡി.ജെ.എസ്. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് ബി.ഡി.ജെ.എസ്. എന്‍.ഡി.എ വിടുമെന്നാണ് സൂചനകള്‍. 14 ജില്ലാ പ്രസിഡന്റുമാരും മുന്നണി വിടണമെന്ന ആവശ്യം ഉന്നയിച്ചു.

തങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത രാജ്യസഭാ സീറ്റടക്കം നല്‍കണമെന്ന ആവശ്യവുമായി ബി.ഡി.ജെ.എസ് ഒരിക്കല്‍ കൂടി ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ സമീപിക്കും. ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാന നേതൃത്വം അമിത് ഷായ്ക്ക് കത്ത് നല്‍കും.

ഇക്കാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ മുന്നണി വിടണമെന്ന് ഒരു വിഭാഗം നേതാക്കള്‍ നിലപാടെടുത്തിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഒരു രാജ്യസഭാ സീറ്റും എട്ട് ബോര്‍ഡ് കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനങ്ങളും നല്‍കുമെന്നായിരുന്നു ബി.ജെ.പി കേന്ദ്ര നേതൃത്വം ബി.ഡി.ജെ.എസ്സിന് കൊടുത്ത വാഗ്ദാനം. എന്നാല്‍ മൂന്ന് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ മാത്രമാണ് പാര്‍ട്ടിക്ക് ലഭിച്ചത്.

ഉപതെരഞ്ഞെടുപ്പ് സമയത്ത് തുഷാര്‍ വെള്ളാപ്പള്ളി അമിത് ഷായെ കണ്ട് ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.
അവഗണന സഹിച്ച് എന്‍.ഡി.എയില്‍ തുടരേണ്ട ആവശ്യമില്ല എന്ന പൊതുവികാരമാണ് കോട്ടയത്ത് ചേര്‍ന്ന സംസ്ഥാന എക്‌സിക്യുട്ടീവില്‍ ഉയര്‍ന്നത്.

അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ ബി.ഡി.ജെ.എസിന്റെ അഞ്ചാം വാര്‍ഷിക സമ്മേളനത്തില്‍ മുന്നണി വിടുന്ന കാര്യം പ്രഖ്യാപിക്കും. 2015 ഡിസംബര്‍ അഞ്ചിനാണ് ബി.ഡി.ജെ.എസ് രൂപീകരിച്ചത്.

കോണ്‍ഗ്രസും സി.പി.ഐ.എമ്മുമായി പ്രാദേശിക തലത്തില്‍ സഖ്യമുണ്ടാക്കി തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള നീക്കത്തിലാണ് ബി.ഡി.ജെ.എസ് . കോണ്‍ഗ്രസ് സി.പി.ഐ.എം നേതാക്കളുമായി അനൗദ്യോഗിക ചര്‍ച്ചകളും ബി.ഡി.ജെ.എസ് നടത്തുന്നുണ്ട്.

എസ്.എന്‍.ഡി.പി സംവിധാനം ഉപയോഗപ്പെടുത്തി പരമാവധി വാര്‍ഡുകളില്‍ ജയിച്ചുകയറാമെന്ന പ്രതീക്ഷയും നേതാക്കള്‍ക്കുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more