| Saturday, 25th May 2019, 8:39 am

കേന്ദ്രമന്ത്രിയാകേണ്ട; തുഷാറിന് രാജ്യസഭാംഗത്വം ആവശ്യപ്പെടാന്‍ ബി.ഡി.ജെ.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശ്ശൂര്‍: രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റെടുത്തതിന് ശേഷം രാജ്യസഭാംഗത്വം ആവശ്യപ്പെടാന്‍ കേരളത്തിലെ ബി.ജെ.പി സഖ്യകക്ഷിയായ ബി.ഡി.ജെ.സ്. പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ രാജ്യസഭാ എം.പിയാക്കാന്‍ നേതൃത്വം ആവശ്യപ്പെട്ടേക്കും.

ഒരു മണ്ഡലത്തിലും വിജയിക്കാന്‍ കഴിയാത്തതിനാല്‍ ബി.ഡി.ജെ.എസ് കേന്ദ്രമന്ത്രിസഭയില്‍ പ്രാതിനിധ്യം ആവശ്യപ്പെടില്ല.

രാജ്യസഭാംഗത്വവും ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനമാനങ്ങളും സംബന്ധിച്ചു തെരഞ്ഞെടുപ്പിനു മുന്‍പു ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുമായി തുഷാര്‍ ധാരണയുണ്ടാക്കിയിരുന്നു. മന്ത്രിസഭാ രൂപീകരണത്തിനു ശേഷം ഇക്കാര്യത്തില്‍ തുടര്‍ചര്‍ച്ചയുണ്ടാകും.

മന്ത്രിസഭാ രൂപീകരണത്തിനു മുന്നോടിയായുള്ള എന്‍.ഡി.എ ചര്‍ച്ചകള്‍ക്കു തുഷാര്‍ നാളെ ദല്‍ഹിയിലേക്കു പോകും.

ശക്തമായ രാഹുല്‍ തരംഗമുണ്ടായ വയനാട്ടില്‍ തുഷാറിനു കെട്ടിവച്ച പണം നഷ്ടമാകുന്ന സ്ഥിതിയുണ്ടായതിനെപ്പറ്റി എന്‍.ഡി.എ അന്വേഷിക്കും. ഉറച്ച ബി.ജെ.പി വോട്ടുകള്‍ ലഭിച്ചെങ്കിലും ബി.ഡി.ജെ.എസിന്റെ അടിസ്ഥാനമെന്നു വിലയിരുത്തപ്പെടുന്ന എസ്.എന്‍.ഡി.പി വോട്ടുകള്‍ പ്രതീക്ഷിച്ചതുപോലെ ലഭിച്ചിട്ടില്ലെന്നാണു പാര്‍ട്ടി നേതൃത്വം വിലയിരുത്തുന്നത്.

1.50 ലക്ഷം വോട്ട് വരെ നേടുമെന്നാണ് ആദ്യഘട്ടത്തില്‍ എന്‍.ഡി.എ വിലയിരുത്തിയത്. എന്നാല്‍ പകുതി വോട്ടുമാത്രമെ തുഷാറിന് ലഭിച്ചുള്ളു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more