| Friday, 17th March 2023, 12:13 pm

ഓട്ടോറിക്ഷയില്‍ കൊള്ളാവുന്ന ആളുപോലും ബി.ജെ.പിക്കില്ല; താലത്തില്‍ കൊണ്ടുപോകാന്‍ യു.ഡി.എഫും എല്‍.ഡി.എഫും തയ്യാര്‍: തുഷാര്‍ വെള്ളാപ്പള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഓട്ടോറിക്ഷയില്‍ കൊള്ളാവുന്ന ആളുപോലും ബി.ജെ.പിയില്‍ ഇല്ലെന്ന് കേരളത്തിലെ എന്‍.ഡി.എ കണ്‍വീനറും ബി.ഡി.ജെ.എസ് അധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളി. തങ്ങള്‍ വഴങ്ങിയാല്‍ താലത്തില്‍ കൊണ്ടുപോകാന്‍ യു.ഡി.എഫും എല്‍.ഡി.എഫും വരുമെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളത്ത് നടന്ന ബി.ഡി.ജെ.എസിന്റെ പഠനശിബിരത്തില്‍ നിന്നും ബി.ജെ.പി വിട്ടുനിന്നിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പിയെ പരോക്ഷമായി വിമര്‍ശിച്ചുള്ള തുഷാര്‍ വെള്ളാപ്പള്ളിയുടെ പരാമര്‍ശം.

ഹിന്ദുത്വം കൊണ്ട് കേരളത്തില്‍ ഭരണം പിടിക്കാന്‍ സാധിക്കില്ലെന്നും അതിന് ന്യൂനപക്ഷങ്ങളുടെ പിന്തുണ അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ആദ്യ തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് ബി.ഡി.ജെ.എസിന് ജില്ലാ കമ്മിറ്റി ഇല്ല, പഞ്ചായത്ത് കമ്മിറ്റി ഇല്ല, നിയോജക മണ്ഡലം കമ്മിറ്റിയില്ല, സംസ്ഥാന കമ്മിറ്റി പോലും ഇല്ല. കുറച്ച് പേപ്പര്‍ മാത്രം കയ്യിലുണ്ട്. 2016ല്‍, മുപ്പത് വര്‍ഷം മുന്‍പ് ബി.ജെ.പി മത്സരിച്ചപ്പോള്‍ കെട്ടിവെച്ച കാശ് പോലും കിട്ടാതിരുന്ന അവസ്ഥയില്‍ നിന്ന്, ഒരാളെ ജയിപ്പിക്കാനും ഏഴ് പേരെ രണ്ടാം സ്ഥാനത്ത് എത്തിക്കാനും ബി.ഡി.ജെ.എസിന് സാധിച്ചു.

2000ത്തില്‍ നിന്ന് 20,000 വോട്ട് നമ്മള്‍ നേടി. കേരളത്തില്‍ യു.ഡി.എഫ് ആണെങ്കിലും എല്‍.ഡി.എഫ് ആണെങ്കിലും നമ്മളെ താലത്തില്‍ വെച്ച് കൊണ്ടുപോകാന്‍ തയ്യാറാണ്. പക്ഷേ നമ്മുടെ പോളിസിക്ക് വേണ്ടി മാത്രമാണ് ഇന്ത്യയോടൊപ്പം പാര്‍ട്ടി നില്‍ക്കുന്നത്. പണ്ട് എസ്.എന്‍.ഡി.പി റാലി നടത്തിയ സമയത്തുണ്ടായ അവസ്ഥയല്ല ഇന്ന്. കേരളം വല്ലാത്ത ഒരു അവസ്ഥയിലാണ് നില്‍ക്കുന്നത്.

ഹിന്ദുത്വം കൊണ്ട് കേരളം ഭരിക്കാന്‍ സാധിക്കില്ല. അതിന് മതന്യൂനപക്ഷങ്ങളുടെ പിന്തുണവേണം. കേരളത്തിലെ ഒരു പ്രതിപക്ഷ പാര്‍ട്ടി മുസ്ലിങ്ങളെ തീവ്രവാദികള്‍ എന്ന് പറയുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ഇതില്‍ ഒന്നോ രണ്ടോ ശതമാനം മാത്രമാണ് തീവ്രവാദികള്‍. മറ്റെല്ലാം മതത്തെ വിശ്വസിച്ച് ജീവിക്കുന്നവരാണ്. അവരുടെയും ക്രിസ്ത്യാനികളുടേയും പിന്തുണ നമുക്ക് ഉണ്ടെങ്കില്‍, ഒറ്റക്കെട്ടായി നില്‍ക്കാന്‍ സാധിച്ചാല്‍ തീര്‍ച്ചയായും നമുക്ക് കേരളത്തില്‍ ഭരണം പിടിക്കാന്‍ സാധിക്കും,’ തുഷാര്‍ വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പി പേരെടുത്ത് പരാമര്‍ശിക്കാതെയായിരുന്നു പല വിമര്‍ശനങ്ങളും. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരെ നേരത്തെ ക്ഷണിച്ചിരുന്നെങ്കിലും യോഗത്തില്‍ പങ്കെടുത്തില്ല. എറണാകുളം ടൗണ്‍ഹാളില്‍ നടന്ന പഠനശിബിരം ഉദ്ഘാടനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷും ചടങ്ങിന് എത്താതിരുന്നതോടെ ബി.ഡി,ജെ.എസ് – ബി.ജെ.പി കൂട്ടുകെട്ടില്‍ പ്രതിസന്ധികളുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബി.ജെ.പിയുടെ ജില്ലാ സെക്രട്ടറി പോലും യോഗത്തില്‍ പങ്കെടുത്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: BDJS Leader Tushar Vellappally slams BJP

We use cookies to give you the best possible experience. Learn more