ശ്രീശാന്തിന്റെ വിലക്ക് നീക്കുന്നത് പരിഗണിക്കുമെന്ന് ബി.സി.സി.ഐ
Daily News
ശ്രീശാന്തിന്റെ വിലക്ക് നീക്കുന്നത് പരിഗണിക്കുമെന്ന് ബി.സി.സി.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th July 2015, 9:52 am

S-Sreesanthന്യൂദല്‍ഹി: ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ കുറ്റവിമുക്തനായ മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന്റെ വിലക്ക് നീക്കുന്ന കാര്യം പരിഗണിക്കുമെന്ന് ബി.സി.സി.ഐ സെക്രട്ടറി അനുരാഗ് താക്കൂര്‍. ആവശ്യമെങ്കില്‍ പ്രത്യേക പ്രവര്‍ത്തക സമിതി ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി. ശ്രീശാന്തിന്റെ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് കെ.സി.എ ഇന്നലെ ബി.സി.സി.ഐയ്ക്ക് കത്ത് നല്‍കിയിരുന്നു.

ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ കുറ്റവിമുക്തനായ ശ്രീശാന്ത് രണ്ടര വര്‍ഷത്തിന് ശേഷം ഇന്നലെ കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ പ്രവേശിച്ചിരുന്നു. കേസില്‍ പ്രതിയായ ശ്രീശാന്തിന് ബി.സി.സി.ഐ വിലക്കേര്‍പ്പെടുത്തിയതോടെ കലൂര്‍ സ്‌റ്റേഡിയത്തിലും പ്രവേശനാനുമതി നിഷേധിച്ചിരുന്നു. ഇത് പിന്‍വലിച്ചതോടെയാണ് ശ്രീശാന്തിന് സ്‌റ്റേഡിയത്തില്‍ പ്രവേശിക്കാനായത്.

കുറ്റവിമുക്തനാക്കിയെങ്കിലും ബി.സി.സി.ഐ വിലക്ക് നിലനില്‍ക്കുന്നതിനാല്‍ ശ്രീശാന്തിന് ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ഇറങ്ങാനാവില്ല. അതുകൊണ്ടുതന്നെ ശ്രീശാന്തിന്റെ വിലകത്ക് നീക്കുന്നതിന് കെ.സി.എ തന്നെ സജീവമായി ഇടപെടുന്നുണ്ട്. ബി.സി.സിഐ വൈസ് പ്രസിഡന്റ് ടി.സി മാത്യുവുമായി ശ്രീശാന്ത് ഇന്നലെ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. രഞ്ജി ട്രോഫിയില്‍ കേരളത്തിന് വേണ്ടി മത്സരിക്കാന്‍ ശ്രീശാന്തിനെ അനുവദിക്കണമെന്നും കെ.സി.എ ബി.സി.സി.ഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്.