മുംബൈ: ബോളിവുഡ് താരവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉടമകളില്‍ ഒരാളുമായ ഷാരൂഖ് ഖാന് വാങ്കഡെ സ്‌റ്റേഡിയത്തില്‍ 5 വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്റെ തീരുമാനത്തില്‍ ബി.സി.സി.ഐയ്ക്ക് അതൃപ്തി.
ഷാരൂഖിന് ഏര്‍പ്പെടുത്തി വിലക്ക് പിന്‍വലിച്ച് പ്രശ്‌നം ഒത്തുതീര്‍ക്കാനുള്ള ശ്രമത്തിലാണ് ബി.സി.സി.ഐ എന്നാണ് ലഭിക്കുന്ന വിവരം. ഐ.പി.എല്‍ ഉടമകളിലൊരാളായവരെ സ്റ്റേഡിയത്തില്‍ കയറുന്നത് വിലക്കാനുള്ള അധികാരം ക്രിക്കറ്റ് അസോസിയേഷന് ഇല്ല എന്ന തീരുമാനത്തിലാണ് ബി.സി.സി.ഐ.
അത്തരമൊരു തീരുമാനം മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ എടുക്കുകയാണെങ്കില്‍ തന്നെ അതിനു മുന്‍പ് ബി.സി.സി.ഐയുമായി ആലോചിക്കേണ്ടതുണ്ടെന്ന് ഐ.പി.എല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ഷാരൂഖാന് പിന്തുണയുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജിയും രംഗത്തെത്തിയിരുന്നു. സ്റ്റേഡിയത്തില്‍ കടക്കുന്നതിന് 5 വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയ നടപടി ശരിയല്ലെന്നും എത്രയും പെട്ടെന്ന് ആ തീരുമാനം മാറ്റണമെന്നും മമത അഭ്യര്‍ത്ഥിച്ചിരുന്നു.
ഞങ്ങള്‍ക്ക് എല്ലാവരേയും ഇഷ്ടമാണ് സച്ചിനേയും ഷാരൂഖിനേയും സൗരവിനേയും എല്ലാം. ഷാരൂഖ് ഒരു ബ്രാന്‍ഡ് അംബാസിഡറാണ്. അദ്ദേഹത്തിന് വിലക്ക് ഏര്‍പ്പെടുത്തി നടപടി ശരിയല്ല. ഇത് ഒരു സെന്‍സിറ്റീവ് ആയ വിഷയമാണ്. അതുകൊണ്ട് തന്നെ അതില്‍ ഇടപെടുന്നത് ശരിയല്ല. എങ്കിലും ഷാരൂഖിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കണമെന്നാണ് എന്റെ അഭിപ്രായം- മമത വ്യക്തമാക്കി. വിജയ് മല്യ ലാലു പ്രസാദ് യാദവ് തുടങ്ങിയ പ്രമുഖരും ഷാരൂഖിന് പിന്തുണയുമായി ര്ംഗത്തെത്തിയിട്ടുണ്ട്.
വിലക്കേര്‍പ്പെടുത്തിയ തീരുമാനത്തോട് താന്‍ യോജിക്കുന്നില്ലെന്ന് ഷാരൂഖും മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയിരുന്നു.