| Tuesday, 13th August 2024, 2:01 pm

സച്ചിനും സെവാഗും ഗെയ്‌ലുമൊക്കെ തിരിച്ചെത്തുന്നു; വമ്പന്‍ ലീഗിന് തുടക്കം കുറിക്കാന്‍ ബി.സി.സി.ഐ, റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയമാണ് 2025 ഐ.പി.എല്ലില്‍ മെഗാ ലേലവും താരങ്ങളെ നിലനിര്‍ത്തുന്നതിനെക്കുറിച്ചുള്ള ആശങ്കകളും. എന്നാല്‍ അടുത്ത വര്‍ഷം ക്രിക്കറ്റ് ലോകത്തെ ഞട്ടിച്ച് പുതിയ ഒരു പ്രീമിയര്‍ ലീഗിനും തുടക്കം കുറിക്കാനൊരുങ്ങുകയാണ് ബി.സി.സി.ഐ എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

അടുത്ത വര്‍ഷം ലോകമെമ്പാടുമുള്ള വിരമിച്ച ക്രിക്കറ്റ് താരങ്ങള്‍ക്കായി ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടത്താനാണ് ബി.സി.സി.ഐ ഒരുങ്ങുന്നത്. ഐ.പി.എല്‍ ശൈലിയിലുള്ള ലീഗ് ആരംഭിക്കാന്‍ ആലോചിക്കുന്നതായി ദൈമിക് ജാഗരനാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ക്രിസ് ഗെയ്ല്‍, റിക്കി പോണ്ടിങ്, എ.ബി. ഡിവില്ലിയേഴ്സ്, വീരേന്ദര്‍ സെവാഗ്, ഹര്‍ഭജന്‍ സിങ് തുടങ്ങിയ ഇതിഹാസ താരങ്ങള്‍ കളിക്കളത്തില്‍ തിരിച്ചെത്തുന്നതിന് കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം.

വിരമിച്ച ക്രിക്കറ്റ് താരങ്ങള്‍ക്കായി നിരവധി ലീഗുകള്‍ നിലവിലുണ്ട്. റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ്, ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റ്, വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്സ്, ഗ്ലോബല്‍ ലെജന്റ്സ് ലീഗ് എന്നിവയാണ് പ്രശസ്തമായ ടൂര്‍ണമെന്റുകളില്‍ ചിലത്. ഈ ലീഗുകള്‍ക്ക് പുറമെ ബി.സി.സി.ഐ ഒരു ലെജന്റ്‌സ് പ്രീമിയര്‍ ലീഗ് കൊണ്ടുവന്നാല്‍ ക്രിക്കറ്റ് ആരാധകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്നത് തീര്‍ച്ചയാണ്.

നിരവധി മുന്‍ ക്രിക്കറ്റ് താരങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് സെക്രട്ടറി ജയ് ഷായെ പുതിയ ലീഗിനെക്കുറിച്ച് അറിയിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. അടുത്തിടെ ഇംഗ്ലണ്ടില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്സ് ക്രിക്കറ്റില്‍ ഇന്ത്യ ചാമ്പന്‍മാരായിരുന്നു. ഇതോടെ പല മുന്‍ താരങ്ങള്‍ പുതിയ ഒരു ലീഗിന് തുടക്കമിടുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു.

Content Highlight: BCCI to start big league For Retired Players in Around The World

We use cookies to give you the best possible experience. Learn more