അടിസ്ഥാന സൗകര്യ വികസനത്തിന് 2023ലെ ഏകദിന ലോകകപ്പ് വേദികള്‍ക്ക് ബി.സി.സി.ഐ (ബോര്‍ഡ് ഓഫ് ക്രിക്കറ്റ് കണ്‍ട്രോള്‍ ഓഫ് ഇന്ത്യ) 50 കോടി രൂപ നല്‍കുമെന്ന് റിപ്പോര്‍ട്ട്. ഒക്ടോബര്‍ അഞ്ച് മുതല്‍ ആരംഭിക്കുന്ന ലോകകപ്പ് നടക്കുന്ന 10 സ്റ്റേഡിയങ്ങള്‍ക്ക് 500 കോടിയിലധികം രൂപയാണ് ബി.സി.സി.ഐ ചെലവഴിക്കുന്നതെന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
സ്റ്റേഡിയങ്ങളില്‍ ഇറക്കുമതി ചെയ്ത പുല്ലുകള്‍, പുതിയ ഫ്‌ളെഡ് ലൈറ്റുകള്‍, പുതിയ ഡ്രസിങ് റൂമുകള്‍, മികച്ച ടിക്കറ്റ് വില്‍പന സൗകര്യം തുടങ്ങിയ വലിയ മാറ്റങ്ങള്‍ കൊണ്ടുവരികയെന്നാണ് ബി.സി.സി.ഐ ലക്ഷ്യംവെക്കുന്നത്.
അഹമ്മദാബാദ്, ചെന്നൈ, മുംബൈ, ധര്‍മ്മശാല, ദല്‍ഹി, പൂനെ, ബെംഗളൂരു, ഹൈദരാബാദ്, ലഖ്നൗ, കൊല്‍ക്കത്ത എന്നിവയാണ് ഐ.സി.സി ഏകദിന ലോകകപ്പ് 2023ന്റെ ഔദ്യോഗിക വേദികള്‍. തിരുവനന്തപുരത്തും ഗുവാഹത്തിയിലും സന്നാഹ മത്സരങ്ങള്‍ നടക്കുക. ലോകകപ്പ് വേദി പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഇവിടങ്ങളില്‍ അറ്റകുറ്റപണികള്‍ തുടങ്ങിവെച്ചിരുന്നു.
ലോകകപ്പിലെ ഏറ്റവും പ്രധാനപ്പെട്ട വേദിയായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ പണികള്‍ ഇതിനകം തുടങ്ങിക്കഴിഞ്ഞു. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ പുതിയ ഡ്രസിങ് റൂമുകള്‍ ലോകകപ്പോടെ വരും എന്നാണ് റിപ്പോര്‍ട്ടുകള്‍. ചെന്നൈയിലെ ചെപ്പോക്കിനും ലഖ്നൗ ഏകനാ സ്റ്റേഡിയത്തിനും ഹിമാചലിലെ ധര്‍മശാല സ്‌റ്റേഡിയത്തിനും ബി.സി.സി.ഐ അനുവദിക്കുന്ന തുകയോടെ വലിയ മാറ്റങ്ങള്‍ ഉണ്ടാകും.
അതേസമയം, ജൂലൈ ഒന്ന് മുതല്‍ ലോകകപ്പിന്റെ ടിക്കറ്റ് വില്‍പ്പന ആരംഭിക്കാന്‍ ബി.സി.സി.ഐ ഉദ്ദേശിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഓണ്‍ലൈനായിട്ടായിരിക്കും ടിക്കറ്റ് വില്‍പ്പന. ഇതുമായി ഔദ്യോഗിക വിവരങ്ങള്‍ ഉടന്‍ പുറത്തുവിടും.
ആദ്യ മത്സരവും ഫൈനലും നടക്കുക അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ്. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയവും കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സുമാണ് രണ്ട് സെമി ഫൈനലുകള്‍ക്കുള്ള വേദി.
Content Highlight: BCCI to provide Rs 50 crore for 2023 ODI World Cup venues for infrastructure development