ഈ ഡോട്ട് ബോളുകള്‍ പ്രകൃതിക്ക് വേണ്ടി; സ്‌കോര്‍ ബോര്‍ഡിലെ പച്ച മരങ്ങള്‍ വെറുതെയല്ല 🌳 🌳; ബി.സി.സി.ഐക്ക് കയ്യടിച്ച് ആരാധകര്‍
IPL
ഈ ഡോട്ട് ബോളുകള്‍ പ്രകൃതിക്ക് വേണ്ടി; സ്‌കോര്‍ ബോര്‍ഡിലെ പച്ച മരങ്ങള്‍ വെറുതെയല്ല 🌳 🌳; ബി.സി.സി.ഐക്ക് കയ്യടിച്ച് ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 23rd May 2023, 8:13 pm

ഐ.പി.എല്‍ 2023ലെ പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് തുടക്കമായിരിക്കുകയാണ്. ആദ്യ ക്വാളിഫയര്‍ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടുകയാണ്.

മത്സരത്തില്‍ ടോസ് നേടിയ ടൈറ്റന്‍സ് നായകന്‍ ധോണിയെയും സംഘത്തെയും ബാറ്റിങ്ങിനയക്കുകയായിരുന്നു.

മത്സരമാരംഭിച്ച് ആദ്യ ഓവര്‍ മുതല്‍ക്കുതന്നെ ആരാധകര്‍ ഒരു കാര്യം ശ്രദ്ധിച്ചിരുന്നു. ഓരോ ഡോട്ട് ബോള്‍ എറിയുമ്പോഴും മിന്നി മറയുന്ന പച്ച മരങ്ങളായിരുന്നു ഇത്.

 

ആദ്യം കാണികള്‍ക്കോ ആരാധകര്‍ക്കോ സംഭവമെന്താണെന്ന് പിടികിട്ടിയിരുന്നില്ല. ഇത് കളിയില്‍ നിന്നും ശ്രദ്ധ തിരിക്കുന്നുവെന്നും വളരെ അരോചകമാണെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.

എന്നാല്‍ സംഭവമെന്താണെന്ന് കമന്റേറ്റര്‍മാര്‍ വിവരിച്ചപ്പോള്‍ മാത്രമാണ് ഇതിന്റെ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് മനസിലാകുന്നത്. പ്ലേ ഓഫില്‍ എറിയുന്ന ഓരോ ഡോട്ട് ബോളിനും 500 മരത്തൈകള്‍ നട്ടുപിടിപ്പിക്കാനാണ് ബി.സി.സി.ഐ തീരുമാനിച്ചിരിക്കുന്നത്.

അതായത് ഓരോ മത്സരം അവസാനിക്കുമ്പോഴും ആയിരക്കണക്കിന് മരങ്ങളാകും നട്ടുപിടിപ്പിക്കപ്പെടുക.

ക്രിക്കറ്റ് ബോര്‍ഡിന്റെ ഈ തീരുമാനത്തില്‍ കയ്യടികള്‍ ഉയരുകയാണ്.

അതേസമയം, പവര്‍പ്ലേ അവസാനിക്കുമ്പോള്‍ ചെന്നൈ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 49 റണ്‍സാണ് നേടിയത്. 26 പന്തില്‍ നിന്നും 33 റണ്‍സുമായി ഗെയ്ക്വാദും 11 പന്തില്‍ നിന്നും 14 റണ്‍സുമായി കോണ്‍വേയുമാണ് ക്രീസില്‍.

വ്യക്തിഗത സ്‌കോര്‍ രണ്ടില്‍ നില്‍ക്കവെ ഗെയ്ക്വാദിന് ലൈഫ് ലഭിച്ചിരുന്നു. ദര്‍ശന്‍ നല്‍കണ്ഡേയുടെ പന്തില്‍ ഗില്ലിന് ക്യാച്ച് നല്‍കിയ താരം പുറത്താവുകയായിരുന്നു. എന്നാല്‍ ടൈറ്റന്‍സിന്റെ ആഘോഷം തല്ലിക്കെടുത്തി അമ്പയര്‍ നോ ബോള്‍ വിളിക്കുകയും താരത്തിന് ലൈഫ് ലഭിക്കുകയുമായിരുന്നു.

ചെന്നൈ സൂപ്പര്‍ കിങ്സ് സ്റ്റാര്‍ട്ടിങ് ഇലവന്‍

ഡെവോണ്‍ കോണ്‍വേ, ഋതുരാജ് ഗെയ്ക്വാദ്, അജിന്‍ക്യ രഹാനെ, മോയിന്‍ അലി, ശിവം ദുബെ, രവീന്ദ്ര ജഡേജ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), അംബാട്ടി റായിഡു, തുഷാര്‍ ദേശ്പാണ്ഡേ, മഹീഷ് തീക്ഷണ, ദീപക് ചഹര്‍.

ഗുജറാത്ത് ടൈറ്റന്‍സ് സ്റ്റാര്‍ട്ടിങ് ഇലവന്‍

വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ശുഭ്മന്‍ ഗില്‍, ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ഡേവിഡ് മില്ലര്‍, ദാസുന്‍ ഷണക, റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ്, മുഹമ്മദ് ഷമി, മോഹിത് ശര്‍മ, ദര്‍ശന്‍ നല്‍കണ്ഡേ.

 

Content highlight: BCCI to plant 500 trees for every dot balls in play offs