Sports News
ഫുട്‌ബോളിന്റെ പിന്നാലെ ഐ.പി.എല്‍!! ക്രിക്കറ്റില്‍ ഇനി 'സബ്സ്റ്റ്യൂട്ടും'!!
സ്പോര്‍ട്സ് ഡെസ്‌ക്
2022 Sep 17, 03:19 pm
Saturday, 17th September 2022, 8:49 pm

ഐ.പി.എല്ലിലും ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളിലും പുതിയ നിയമം ആവിഷ്‌കരിക്കാനൊരുങ്ങി ബി.സി.സി.ഐ. ഫുട്‌ബോളിലെ സബ്സ്റ്റ്യൂട്ടിന് സമാനമായ രീതിയില്‍ ‘ഇംപാക്ട് പ്ലെയര്‍’ എന്ന ആശയം നടപ്പിലാക്കാനാണ് ക്രിക്കറ്റ് ബോര്‍ഡ് ഒരുങ്ങുന്നത്.

പ്ലെയിങ് ഇലവനിലെ ഒരു താരത്തെ പിന്‍വലിച്ച് മറ്റൊരു താരത്തെ ഇന്‍ട്രൊഡ്യൂസ് ചെയ്യുന്ന രീതിയാണിത്. ഐ.പി.എല്ലിലും മറ്റ് ഡൊമസ്റ്റിക് മത്സരത്തിലും വിപ്ലവകരമായ മാറ്റമായിരിക്കും ഈ നിയമത്തിലൂടെ കൊണ്ടുവരികയെന്നാണ് വിശ്വസിക്കപ്പെടുന്നത്.

ഫുട്‌ബോള്‍, റഗ്ബി, ഹോക്കി പോലുള്ള മത്സരത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ബി.സി.സി.ഐ പുതിയ മാറ്റം ക്രിക്കറ്റില്‍ കൊണ്ടുവരാന്‍ ഒരുങ്ങുന്നത്.

ഒക്ടോബര്‍ 11ന് ആരംഭിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലാണ് ബി.സി.സി.ഐ ഈ നിയമം ആദ്യമായി നടപ്പിലാക്കുക. ഐ.പി.എല്ലിന്റെ അടുത്ത സീസണില്‍ ഈ നിയമം ബൈ ലോയുടെ ഭാഗമാക്കാനും ക്രിക്കറ്റ് ബോര്‍ഡ് ആലോചിക്കുന്നുണ്ട്.

ഫുട്‌ബോളിലേതെന്ന പോലെ സബ്സ്റ്റ്യൂട്ടിനുള്ള താരങ്ങളേയും നേരത്തെ തീരുമാനിക്കണം. നാല് താരങ്ങളെയാണ് ടീമിന് സബ്സ്റ്റ്യൂട്ടായി ഉള്‍പ്പെടുത്താന്‍ സാധിക്കുക. അതായത് ടോസിന് മുമ്പ് തന്നെ പ്ലെയിങ് ഇലവനേയും 4 സബ്സ്റ്റ്യൂട്ട് കളിക്കാരേയും ടീം തീരുമാനിച്ചിരിക്കണം.

നാല് താരങ്ങളെ സബസ്റ്റ്യൂട്ടായി തീരുമാനിക്കാന്‍ സാധിക്കുമെങ്കിലും അതില്‍ ഒരാളെ മാത്രമാണ് ഇംപാക്ട് പ്ലെയറായി കളത്തിലിറക്കാന്‍ സാധിക്കുക. ഇതാണ് ഫുട്‌ബോളിലെ സബ്സ്റ്റ്യൂട്ടില്‍ നിന്നും ബി.സി.സി.ഐയുടെ ഇംപാക്ട് പ്ലെയറിലേക്കെത്തുമ്പോഴുള്ള പ്രകടമായ വ്യത്യാസം.

14ാം ഓവറിന് മുമ്പ് ഇംപാക്ട് പ്ലെയറിനെ കളത്തിലിറക്കണമെന്നാണ് നിബന്ധന. 14ാം ഓവറിന് മുമ്പ് ഇംപാക്ട് പ്ലെയറിനെ കളത്തിലിറക്കാന്‍ സാധിച്ചിട്ടില്ലെങ്കില്‍ തുടര്‍ന്നങ്ങോട്ട് ഈ സബ്സ്റ്റ്യൂട്ട് താരങ്ങള്‍ക്ക് കളിക്കാന്‍ സാധിക്കില്ല.

ക്രിക്കറ്റില്‍ ഇത്തരത്തിലുള്ള നിയമം നേരത്തെ തന്നെ പിന്തുടരുന്ന ലീഗുകളുമുണ്ട്. ഓസ്‌ട്രേലിയയുടെ ഫ്രാഞ്ചൈസി ലീഗായ ബിഗ് ബാഷ് ലീഗില്‍ (ബി.ബി.എല്‍) ഈ രീതി നടപ്പിലാക്കുന്നുണ്ട്.

എക്‌സ് ഫാക്ടര്‍ എന്ന പേരിലാണ് ബി.ബി.എല്ലില്‍ ഈ രീതി നടപ്പിലാക്കുന്നത്.

ഒന്നാം ഇന്നിങ്‌സിന്റെ ആദ്യ 10 ഓവറിന് ശേഷം ഒരു ഓവറില്‍ കൂടുതല്‍ ബാറ്റ് ചെയ്യുകയോ ബൗള്‍ ചെയ്യുകയോ ചെയ്തിട്ടില്ലാത്ത താരത്തിന് പകരം മറ്റൊരു താരത്തെ കൊണ്ടുവരാന്‍ അനുവദിക്കുന്നതാണ് ബിഗ് ബാഷ് ലീഗിലെ എക്‌സ് ഫാക്ടര്‍ നിയമം.

 

 

 

Content Highlight: BCCI to Introduce Impact Player rule in IPL and Domestic Cricket