2024 ഐ.പി.എല്‍ സീസണ്‍ ആരംഭിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമാണ് ഏറ്റുമുട്ടുന്നത്. ചെന്നൈയുടെ തട്ടകമായ ചെപ്പോക്കിലാണ് മത്സരം.
2024 ഐ.പി.എല്‍ സീസണിന് മുന്നോടിയായിട്ടുള്ള താര ലേലത്തില്‍ വമ്പന്‍ തുകയ്ക്കാണ് സ്റ്റാര്‍ താരങ്ങളെ ഫ്രാഞ്ചൈസികള്‍ റാഞ്ചിയത്. ഐ.പി.എല്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ പണം വാരിയ ഓസ്‌ട്രേലിയന്‍ ജോഡികളാണ് മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കമ്മിന്‍സും. 24. 75 കോടിക്ക് കൊല്‍ക്കത്ത സ്റ്റാര്‍ക്കിനെ സ്വന്തമാക്കിയപ്പോള്‍ 20.50 കോടിക്കാണ് കമ്മിന്‍സിനെ ഹൈദരാബാദ് കൊണ്ടുപോയത്. എന്നാല്‍ താരങ്ങളുടെ തുക 20 കോടി കടന്നതോടെ നിരവധി താരങ്ങള്‍ ശമ്പള വ്യത്യാസം ചോദ്യം ചെയ്ത് രംഗത്ത് വന്നിരുന്നു.
ഐ.പി.എല്ലിലെ ശമ്പള വ്യത്യാസത്തെ കുറിച്ചുള്ള ആശങ്കകള്‍ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ചെയര്‍മാന്‍ അരുണ്‍ ധുമല്‍.
‘ശമ്പള വ്യത്യാസം പരിഹരിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. അതനുസരിച്ച് ഞങ്ങളുടെ നയങ്ങള്‍ പരിഷ്‌കരിക്കും. ഞങ്ങള്‍ക്ക് വിവിധ നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. തീരുമാനങ്ങള്‍ അന്തിമമാക്കുന്നതിന് മുമ്പ് ഫ്രാഞ്ചൈസികളുമായി ചര്‍ച്ച നടത്തും,’സീസണിനു മുന്നോടിയായിട്ടുള്ള അഭിമുഖത്തില്‍ ധുമല്‍ പറഞ്ഞു.
മിനി ലേലത്തിന്റെയും മെഗാ ലേലത്തിന്റെയും വേതനത്തിന്റെ സന്തുലിതാവസ്ഥ പരിഹരിക്കുന്നതിന് വേണ്ടി ലേലങ്ങളില്‍ പൂര്‍ണമായും ഡ്രാഫ്റ്റുകള്‍ ഉപയോഗിച്ച് വിലപരിധി നിശ്ചയിക്കാനുള്ള കാര്യങ്ങളെക്കുറിച്ച് ഐ.പി.എല്‍ മാനേജ്‌മെന്റ് ആലോചിക്കുന്നുണ്ട്.
അടുത്ത സീസണില്‍ നടക്കാനിരിക്കുന്ന മെഗാ ലേലത്തില്‍ ടീമുകളില്‍ താരങ്ങളെ നിലനിര്‍ത്തുകയും കൊടുത്തയക്കുകയും ചെയ്യുമ്പോള്‍ വലിയ മാറ്റമാണ് ഉണ്ടാക്കാന്‍ ഇരിക്കുന്നത്.
‘പുതിയ ഫ്രാഞ്ചൈസികള്‍ വരുന്നതോടെ ഐപിഎല്ലിന്റെ മത്സരാത്മകത നിലനിര്‍ത്തേണ്ടത് നിര്‍ണായകമാണ്. അതില്‍ കളിക്കാരെ നിലനിര്‍ത്തുന്നതിനെ കുറിച്ചും ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ട്. ഒരു ടീമിന് നാല് നിലനിര്‍ത്തല്‍ എന്ന പരിധി സന്തുലിതപ്പെടുത്താന്‍ ശ്രമിക്കും,’അദ്ദേഹം ചൂണ്ടിക്കാണിച്ചു.
Content highlight: BCCI to interfere with mini star auction