| Friday, 14th July 2023, 5:27 pm

ഇന്റര്‍നാഷണല്‍ ക്രിക്കറ്റിന്റെ ബോസാവാന്‍ ബി.സി.സി.ഐ; പുതിയ കരാറുകള്‍ ഇങ്ങനെ

സ്പോര്‍ട്സ് ഡെസ്‌ക്

അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐ.സി.സി) ഏറ്റവും പുതിയ മീറ്റിങ് വ്യാഴാഴ്ച്ച ദര്‍ബനില്‍ വെച്ച് നടന്നിരുന്നു. മീറ്റിങ്ങില്‍ നടന്ന വരുമാനം വീതംവെപ്പില്‍ മറ്റെല്ലാ ക്രിക്കറ്റ് ബോര്‍ഡുകള്‍ക്കും മുകളിലായി ബി.സി.സി.ഐയുടെ മേല്‍കൈയാണ് കാണാന്‍ സാധിക്കുന്നത്.

കൃത്യമായ കണക്കുകള്‍ പുറത്തുവിട്ടില്ലെങ്കിലും ക്രിക്കറ്റിലെ എക്കാലത്തേയും വലിയ പവര്‍ഹൗസാകാന്‍ ബി.സി.സി.ഐ ഒരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. കണക്കുകള്‍ പ്രകാരം അടുത്ത നാല് വര്‍ഷത്തെ കരാറില്‍ 600 മില്യണ്‍ യു.എസ് ഡോളറാണ് ബോര്‍ഡുകള്‍ക്ക് ലഭിക്കുക. ഇതില്‍ 230 മില്യണോളം ബി.സി.സി.ഐക്കാണെന്നാണ് റിപ്പോര്‍ട്ട്.

38.4 എന്ന വലിയ ശതമാനം തന്നെ ബി.സി.സി.ഐ ഇതില്‍ നിന്നും നേടുന്നുണ്ട്. അതായത് രണ്ടാം സ്ഥാനത്തുള്ള ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡിനേക്കാള്‍ ആറ് മടങ്ങ് കൂടിയത. 41 മില്യണാണ് ഇംഗ്ലണ്ട് ഇതില്‍ നിന്നും സ്വന്തമാക്കുന്നത്. മൊത്തം വരുമാനത്തിന്റെ ആറ് ശതമാനം മാത്രം.

മൂന്നാമതുള്ള ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് 37.53 മില്യണ്‍ സ്വന്തമാക്കുമെന്നാണ് റിപ്പോര്‍ട്ട്. 6.25 ശതമാനമാണ് കങ്കാരുക്കള്‍ക്ക് ലഭിക്കുക.

കൂടാതെ, പുതിയ ടി20 ലീഗുകളില്‍ പങ്കെടുക്കാവുന്ന വിദേശ താരങ്ങളുടെ എണ്ണത്തില്‍ ഐ.സി.സി പരിമിതി നിര്‍ണയിച്ചിട്ടുണ്ട്. കളിയുടെ അന്താരാഷ്ട്ര പതിപ്പിന് ഭീഷണി ഉയര്‍ത്തുന്ന ലോകമെമ്പാടുമുള്ള ടി-20 ലീഗുകളുടെ വ്യാപനം ലക്ഷ്യമിട്ട്, ഒരു പ്ലെയിങ് ഇലവനില്‍ പരമാവധി നാല് വിദേശ ക്രിക്കറ്റ് താരങ്ങളെ മാത്രം മതിയെന്ന തീരുമാനം നടപ്പാക്കിയിട്ടുണ്ട്.

തുടര്‍ന്നുള്ള നാല് വര്‍ഷത്തേക്കുള്ള വിതരണ പദ്ധതി തീരുമാനിച്ചതിന് ശേഷം, കായികരംഗത്ത് ഇതുവരെ നടത്തിയിട്ടുള്ള ഏറ്റവും വലിയ നിക്ഷേപത്തിനും ഐ.സി.സി ബോര്‍ഡ് അംഗീകാരം നല്‍കി. ഐ.സി.സി ഗ്ലോബല്‍ എക്‌സ്പാന്‍ഷന്‍ സ്ട്രാറ്റജിക്ക് അനുസൃതമായി ആഗോള വിപുലീകരണ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനായി ഒരു തന്ത്രപരമായ നിക്ഷേപ ഫണ്ട് എല്ലാ ഐ.സി.സി അംഗങ്ങള്‍ക്കും നല്‍കുമെന്ന് പത്രക്കുറിപ്പില്‍ പറയുന്നു.

‘എല്ലാ അംഗങ്ങള്‍ക്കും അടിസ്ഥാന വിതരണം ലഭിക്കും, തുടര്‍ന്ന് ഗ്രൗണ്ടിലും പുറത്തും ആഗോള ഗെയിമിനുള്ള സംഭാവനയുമായി ബന്ധപ്പെട്ട് അധിക വരുമാനം നല്‍കുന്നതായിരിക്കും,’ ഐ.സി.സി ചെയര്‍മാന്‍ ഗ്രെഗ് ബാര്‍ക്ലേ പറഞ്ഞു.

Content Highlight: BCCI to Be the Powerhouse of International cricket

We use cookies to give you the best possible experience. Learn more