ഇന്ത്യന്‍ ക്രിക്കറ്റിന്റെ വശ്യതയൊന്നാകെ ആവാഹിച്ച ഐ.പി.എല്ലിന്റെ മെഗാ ലേലം നടക്കാനിരിക്കുകയാണ്. കോടികള്‍ മാറിമറയുന്ന താരലേലം ആഘോഷമാക്കാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. എല്ലാത്തിനും മേല്‍നോട്ടം വഹിക്കുന്ന ബി.സി.സി.ഐ ഇത്തവണ ചില്ലറ കളികളൊന്നും തങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാവില്ല എന്ന സൂചനയാണ് നല്‍കുന്നത്.
ഇത്തവണത്തെ ഐ.പി.എല്ലിന്റെ സംപ്രേഷണാവകാശത്തിനുള്ള ലേലത്തില്‍ നിന്നും കോടികള്‍ വാരാനാണ് ബി.സി.സി.ഐ ലക്ഷ്യമിടുന്നത്. 2018-2022 കാലഘട്ടത്തില്‍ 16,347 കോടിരൂപയ്ക്ക് വിറ്റ സംപ്രേഷണവകാശം ഇത്തവണ സ്വന്തമാക്കണമെങ്കില്‍ ചുരുങ്ങിയത് 45,000 കോടിയെങ്കിലും കിട്ടണം എന്ന നിലപാടിലാണ് ബി.സി.സി.ഐ
അടുത്ത നാലു വര്‍ഷത്തേക്കുള്ള, അതായത് 2023-2027 വരെയുള്ള സീസണുകളുടെ സംപ്രേഷണാവകാശത്തിനായുള്ള ലേലവും ഉടന്‍ തന്നെ നടക്കുമെന്നാണ് ബി.സി.സി.ഐ വ്യക്തമാക്കുന്നത്.
ഐ.പി.എല്ലിന്റെ സംപ്രേഷണാവകാശം ലഭിക്കുന്നതിനായി സോണി സ്‌പോര്‍ട്‌സ്, ഡിസ്‌നി സ്റ്റാര്‍, റിലയന്‍സ്, ആമസോണ്‍, വൂട്ട് എന്നിവരാണ് രംഗത്തുള്ളത്. മാര്‍ച്ച് അവസാനത്തോടെയാവും സംപ്രേഷണാവകാശത്തിനുള്ള ലേലം എന്നാണ് സൂചനകള്‍ വ്യക്തമാക്കുന്നത്. ടെന്‍ഡറിനുള്ള ക്ഷണപത്രം ഈ മാസം 10ഓടെ പുറത്തിറക്കും.
2018-2022 സീസണില്‍ ഡിസ്‌നി സ്റ്റാറായിരുന്നു ഐ.പി.എല്‍ സംപ്രേഷണം ചെയ്തിരുന്നത്. എന്നാല്‍ എന്തുവില നല്‍കിയും ഐ.പി.എല്ലിന്റെ സംപ്രേഷണാവകാശം സ്വന്തമാക്കാനാണ് സോണിയുടെ ശ്രമം. ഇവര്‍ക്കൊപ്പം, ഒ.ടി.ടിയിലൂടെ ക്രിക്കറ്റ് സംപ്രേഷണം ആരംഭിച്ച ആമസോണ്‍ പ്രൈം വിഡിയോസും ഐ.പി.എല്ലിനായി രംഗത്തുണ്ടാവും.
തങ്ങള്‍ക്ക് 40,000 കോടി സംപ്രേഷണാവകാശത്തിനുള്ള ലേലത്തിലൂടെ ലഭിക്കണമെന്നായിരുന്നു ഗാംഗുലി നേരത്തെ പറഞ്ഞിരുന്നത്.
നേരത്തെ, പുതിയ രണ്ട് ഫ്രാഞ്ചൈസികളെ ടൂര്‍ണമെന്റിലുള്‍പ്പെടുത്തിയതിന്റെ ഭാഗമായി 12,775 കോടി രൂപയായിരുന്നു ബി.സി.സി.ഐ സ്വന്തമാക്കിയത്.
‘പുതിയ രണ്ട് ഫ്രാഞ്ചൈസികളുടെ വില്‍പനയില്‍ നിന്നും 12,000 കോടി രൂപ ലഭിച്ചത് അതിശയകരമാണ്. ഐ.പി.എല്ലിന്റെ സംപ്രേഷണത്തിനായി ഞങ്ങള്‍ക്ക് (ബി.സി.സി.ഐക്ക്) 40,000 കോടി ലഭിക്കണം,’ ബി.സി.സി.ഐ അധ്യക്ഷന്‍ ഗാംഗുലി പറഞ്ഞു.
ഐ.പി.എല്ലിന്റെ ഭാഗമായി മെഗാ താരലേലവും നടക്കാനിരിക്കുകയാണ്. കിരീടത്തിനായി 10 ടീമുകള്‍ നേര്‍ക്ക് നേര്‍ വരുമ്പോള്‍ മത്സരവും ലേലവും ആവേശമുണര്‍ത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.