| Sunday, 12th December 2021, 6:54 pm

കെ.എല്‍. രാഹുലിന് വീണ്ടും തിരിച്ചടി; ലഖ്‌നൗ ടീമിലേക്കുള്ള താരത്തിന്റെ പ്രവേശനം തടഞ്ഞ് ബി.സി.സി.ഐ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ പുതിയ സീസണിന് മുന്നോടിയായുള്ള മെഗാ ലേലത്തിന് മുമ്പ് താരങ്ങളെ ടീമിലെടുക്കുന്നതില്‍ ലഖ്‌നൗ ഫ്രാഞ്ചൈസിയെ തടഞ്ഞ് ബി.സി.സി.ഐ. കെ.എല്‍. രാഹുല്‍ അടക്കുമുള്ള താരങ്ങളെ ടീമിലെടുക്കുന്നതില്‍ നിന്നാണ് ലഖ്‌നൗ ടീമിനെ ഇപ്പോള്‍ ബി.സി.സി.ഐ വിലക്കിയിരിക്കുന്നത്.

സി.വി.സിയുടെ അഹമ്മദാബാദ് ഫ്രാഞ്ചൈസിയുമായുള്ള പ്രശ്‌നങ്ങള്‍ക്ക് പൂര്‍ണമായും പരിഹാരം കണ്ട ശേഷം താരങ്ങളെ സൈന്‍ ചെയ്യാന്‍ അനുവദിച്ചാല്‍ മതിയെന്നാണ് ബി.സി.സി.ഐയുടെ നിലപാട്.

വാതുവെപ്പുമായി ബന്ധപ്പെട്ട് സി.വി.സിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഒരു സ്വതന്ത്ര സമിതിയേയും ബി.സി.സി.ഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി നിയോഗിച്ചിട്ടുണ്ട്.

മൂന്ന് താരങ്ങളെ വീതമാണ് ഇരു ടീമുകള്‍ക്കും ലേലത്തിന് മുമ്പ് ടീമിലേക്കെത്തിക്കാന്‍ സാധിക്കുക. താരങ്ങളെ ടീമിലെടുക്കുന്നതിനുള്ള സമയപരിധി ഡിസംബര്‍ 25 വരെ നീട്ടിയിട്ടുണ്ട്.

7,090 കോടി രൂപയ്ക്കാണ് ലഖ്നൗ ഫ്രാഞ്ചൈസിയുടെ അവകാശം ആര്‍.പി.എസ്.ജി ഗ്രൂപ്പ് നേടിയത്. 5,625 കോടി രൂപയ്ക്കാണ് സി.വി.സി ക്യാപിറ്റല്‍ അഹമ്മദാബാദ് ഫ്രാഞ്ചൈസിയെ സ്വന്തമാക്കിയത്.

ഐ.പി.എല്ലില്‍ രാഹുലിന് ഒരു വര്‍ഷത്തെ വിലക്ക് നേരിടേണ്ടി വന്നേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മറ്റ് ഐ.പി.എല്‍ ഫ്രാഞ്ചൈസികളുമായി നേരിട്ട് കാര്യങ്ങള്‍ സംസാരിച്ചതിനെതിരെ രാഹുലിനെതിരെ പഞ്ചാബ് കിംഗ്സ് ബി.സി.സി.ഐയ്ക്കെതിരെ പരാതി നല്‍കിയതായാണ് സൂചനകള്‍.

ഇതില്‍ ബി.സി.സി.ഐ അന്വേഷണം നടത്തുന്നതായാണ് റിപ്പോര്‍ട്ട്.

ഐ.പി.എല്ലിലെ പുതിയ ഫ്രാഞ്ചൈസിയായ ആര്‍.പി.എസ്.ജി ഗ്രൂപ്പിന്റെ ലഖ്നൗ ടീമുമായി രാഹുല്‍ നേരിട്ട് സംസാരിച്ചുവെന്നാണ് പഞ്ചാബ് പറയുന്നത്.

‘ഞങ്ങള്‍ക്ക് രാഹുലിനെ നിലനിര്‍ത്തണമായിരുന്നു. പക്ഷെ അദ്ദേഹത്തിന് പോകാനായിരുന്നു താല്‍പര്യം. ലേലത്തിന് മുമ്പ് അദ്ദേഹം മറ്റ് ഫ്രാഞ്ചൈസിയുമായി സംസാരിച്ചിട്ടുണ്ടെങ്കില്‍ അത് ശരിയായ കാര്യമല്ല,’ പഞ്ചാബ് കിംഗ്സ് സഹ ഉടമ നെസ് വാദിയ പറഞ്ഞു.

2020 ല്‍ ആര്‍. അശ്വിനെ ഒഴിവാക്കിയാണ് പഞ്ചാബ്, രാഹുലിനെ ക്യാപ്റ്റന്‍ സ്ഥാനത്തെത്തിച്ചത്. എന്നാല്‍ ബാറ്റിംഗ് മികച്ച പ്രകടനം കാഴ്ചവെക്കുമ്പോഴും രാഹുലിന് ടീമിനെ പ്ലേ ഓഫിലെത്തിക്കാനായില്ല.

11 കോടി രൂപയാണ് ഐ.പി.എല്ലില്‍ ഇപ്പോള്‍ രാഹുലിന്റെ പ്രതിഫലം. നേരത്തെ മറ്റ് ഫ്രാഞ്ചൈസികളുമായി സംസാരിച്ചതിന് രവീന്ദ്ര ജഡേജക്ക് ബി.സി.സി.ഐ ഒരു വര്‍ഷത്തെ വിലക്ക് പ്രഖ്യാപിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: BCCI stops Lucknow franchise from signing KL Rahul and other players – Reports

We use cookies to give you the best possible experience. Learn more