| Monday, 23rd April 2018, 5:37 pm

'തന്റെ ടീമിനെ പിന്തുണയ്ക്കാന്‍ ഇന്ത്യയിലേക്ക് വരാന്‍ പറ്റാത്തതില്‍ അദ്ദേഹം അസ്വസ്ഥനാണ്'; വാര്‍ണറുടെ ഇന്ത്യന്‍ യാത്ര തടഞ്ഞത് ബി.സി.സി.ഐയെന്ന് റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഒരു വര്‍ഷത്തെ വിലക്ക് നേരിടുന്ന ഡേവിഡ് വാര്‍ണറെ ഐ.പി.എല്‍ മത്സരം നേരിട്ട് കാണുന്നതില്‍ നിന്ന് ബി.സി.സി.ഐ വിലക്കിയതായി റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് വാര്‍ണറിന്റെ ഭാര്യയുടെ മെസേജുകള്‍ പുറത്തുവന്നിട്ടുണ്ടെന്ന് ഓള്‍ ഇന്ത്യ റൗണ്ട് അപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തെ താരത്തിനെതിരെ ഐ.സി.സിയും ക്രിക്കറ്റ് ഓസ്‌ട്രേലിയയും നടപടിയെടുത്തതിനു പിന്നാലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകസ്ഥാനത്തു നിന്നും മാറ്റിയിരുന്നു. എന്നിരുന്നാലും തന്റെ ടീമിനെ പിന്തുണയ്ക്കാന്‍ ഇന്ത്യയിലേക്കെത്തുമെന്ന് വാര്‍ണര്‍ അറിയിച്ചിരുന്നു. വാര്‍ണര്‍ക്കു പകരം കെയ്ന്‍ വില്യംസണാണ് ഹൈദരാബാദിനെ നയിക്കുന്നത്.


Also Read:  ‘ഐ.പി.എല്ലിലല്ല’; ‘2019 ലോകകപ്പില്‍ ഇന്ത്യയുടെ മാച്ച് വിന്നറാവുകയാണ് ലക്ഷ്യം’; മനസ് തുറന്ന് അജിങ്ക്യാ രഹാനെ


എന്നാല്‍ ബി.സി.സി.ഐ അനുമതി നല്‍കാത്തതുകൊണ്ടാണ് വാര്‍ണര്‍ ഇന്ത്യയിലേക്ക് വരാത്തതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സ്രുജന കൊനകാഞ്ചി എന്ന യുവതിയുമായി വാര്‍ണറുടെ ഭാര്യ കാന്‍ഡിസ് നടത്തിയ ഇന്‍സ്റ്റഗ്രാം ചാറ്റാണ് ഇതു സംബന്ധിച്ച് സൂചനകള്‍ പുറത്തെത്തിച്ചത്.

വാര്‍ണര്‍ ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിച്ചിരുന്നെന്നും എന്നാല്‍ ബി.സി.സി.ഐ വിലക്കുകയായിരുന്നെന്നും ചാറ്റില്‍ പറയുന്നുണ്ട്. ടീമിനെ സപ്പോര്‍ട്ട് ചെയ്യാന്‍ പറ്റാത്തതില്‍ വാര്‍ണര്‍ അസ്വസ്ഥനാണെന്നും കാന്‍ഡിസ് പറയുന്നു.

അതേസമയം ഇന്നലെ നടന്ന മത്സരത്തില്‍ ഹൈദരാബാദ് ചെന്നൈയോട് തോല്‍വി വഴങ്ങി. ടോസ് നേടി ബോളിങ് തെരഞ്ഞെടുത്ത ഹൈദരാബാദിനെതിരേ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുത്ത ചെന്നൈ 178 റണ്‍സിന് ഹൈദരാബാദിനെ തളക്കുകയായിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more