നിങ്ങളാരും വിരമിക്കേണ്ട ആവശ്യമില്ല, പക്ഷേ നിങ്ങളാരും തന്നെ അടുത്ത വര്‍ഷം കളിക്കാനും പോകുന്നില്ല: ബി.സി.സി.ഐ; റിപ്പോര്‍ട്ട്
Sports News
നിങ്ങളാരും വിരമിക്കേണ്ട ആവശ്യമില്ല, പക്ഷേ നിങ്ങളാരും തന്നെ അടുത്ത വര്‍ഷം കളിക്കാനും പോകുന്നില്ല: ബി.സി.സി.ഐ; റിപ്പോര്‍ട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 29th November 2022, 10:31 am

ടി-20 ലോകകപ്പ് സെമി ഫൈനല്‍ മത്സരത്തിലെ വമ്പന്‍ പരാജയം ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനെ വല്ലാതെ പിടിച്ചുകുലുക്കിയിരിക്കുകയാണ്. ഫോര്‍മാറ്റിന് ചേരാത്തവരെ ടീമില്‍ ഉള്‍പ്പെടുത്തിയത് മുതല്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയടക്കമുള്ള പല സീനിയര്‍ താരങ്ങളുടെ ഫോം ഔട്ടും ഇന്ത്യക്ക് തിരിച്ചടിയായിരുന്നു.

രോഹിത് ശര്‍മ, കെ.എല്‍. രാഹുല്‍, ആര്‍. അശ്വിന്‍, ദിനേഷ് കാര്‍ത്തിക് തുടങ്ങിയ സീനിയര്‍ താരങ്ങളെല്ലാം തന്നെ ലോകകപ്പില്‍ അമ്പേ പരാജയമായിരുന്നു. സീനിയര്‍ താരങ്ങളെ മാറ്റി ഉടന്‍ തന്നെ ഫോമിലുള്ള യുവതാരങ്ങളെ ടീമിലെത്തിക്കണമെന്ന് ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റണമെന്നാവശ്യപ്പെട്ടും ആരാധകര്‍ മുറവിളി കൂട്ടിയിരുന്നു.

2024ലാണ് ടി-20 ലോകകപ്പിന്റെ അടുത്ത എഡിഷന്‍ നടക്കുന്നത്. ഹര്‍ദിക് പാണ്ഡ്യയെയാണ് ടി-20 നായകസ്ഥാനത്തേക്ക് ബി.സി.സി.ഐ പരിഗണിക്കാന്‍ സാധ്യത. പാണ്ഡ്യ ടി-20 നായകസ്ഥാനമേറ്റെടുത്തതിന് പിന്നാലെ പരമ്പരകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനും ഇന്ത്യക്ക് സാധിച്ചിരുന്നു.

ഇപ്പോഴിതാ, ടി-20 ഫോര്‍മാറ്റില്‍ സീനിയര്‍ താരങ്ങളുടെ സ്ഥാനം ത്രിശങ്കുവിലായിരിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. അടുത്ത വര്‍ഷത്തെ ടി-20 ക്യാമ്പെയ്‌നില്‍ സീനിയര്‍ താരങ്ങളുണ്ടാകില്ലെന്നാണ് ബി.സി.സി.ഐ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

ബോര്‍ഡ് ആരോടും വിരമിക്കാന്‍ പറഞ്ഞിട്ടില്ലെന്നും സീനിയര്‍ താരങ്ങള്‍ക്ക് അടുത്ത വര്‍ഷം അവസരം ലഭിക്കില്ലെന്നുമാണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ബി.സി.സി.ഐ ഉദ്യോഗസ്ഥന്‍ പി.ടി.ഐയോട് പറഞ്ഞത്.

‘ബോര്‍ഡ് ആരോടും വിരമിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. 2023ല്‍ വളരെ കുറച്ച് ടി-20 മത്സരങ്ങള്‍ മാത്രമേ ഷെഡ്യൂള്‍ ചെയ്തിട്ടുള്ളൂ. താരങ്ങള്‍ കൂടുതലായും ഏകദിന മത്സരങ്ങളും ടെസ്റ്റുമായിരിക്കും കളിക്കുന്നത്.

ആരും തന്നെ വിരമിക്കല്‍ പ്രഖ്യാപിക്കേണ്ട ഒരു ആവശ്യവുമില്ല, എന്നാല്‍ വരും വര്‍ഷം മുതല്‍ പല സീനിയര്‍ താരങ്ങളും ടി-20 ഫോര്‍മാറ്റില്‍ കളിക്കില്ല,’ ബി.സി.സി.ഐ ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

ഇതേസമയം, അടുത്ത വര്‍ഷം ഇന്ത്യയില്‍ വെച്ച് നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പാണ് ഇന്ത്യന്‍ ടീമിന്റെ പ്രധാന ലക്ഷ്യം. ഏറെ നാളായി ഐ.സി.സി കിരീടം നേടാത്തവര്‍ എന്ന ചീത്തപ്പേര് സ്വന്തം കാണികള്‍ക്ക് മുമ്പില്‍ വെച്ച് തന്നെ മാറ്റിയെടുക്കാനാകും ഇന്ത്യന്‍ ടീം ശ്രമിക്കുക.

ഈയിടെ അവസാനിച്ച ന്യൂസിലാന്‍ഡിനെതിരായ ഇന്ത്യയുടെ ടി-20 പരമ്പരയില്‍ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയുമടക്കമുള്ള സീനിയര്‍ താരങ്ങള്‍ ഉള്‍പ്പെട്ടിരുന്നില്ല. യുവതാരങ്ങളായിരുന്നു ഹര്‍ദിക്കിന്റെ ടീമില്‍ ഉണ്ടായിരുന്നത്.

 

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ന് ജയിച്ചിരുന്നു. മഴ മൂലം ഒരു മത്സരം ഒറ്റ പന്ത് പോലും എറിയാന്‍ സാധിക്കാതെ വന്നതോടെ ഉപേക്ഷിക്കുകയും മറ്റൊരു മത്സരം സമനിലയില്‍ കലാശിക്കുകയും ചെയ്തതോടെയാണ് ഇന്ത്യക്ക് പരമ്പര സ്വന്തമായത്.

 

Content Highlight: BCCI sources are reported to have said that senior players are unlikely to play in the T20 format from next year.