ന്യൂദല്‍ഹി: മുന്‍ ഇന്ത്യന്‍ നായകനും പരിശീലകനുമായ അനില്‍ കുംബ്ലെയെ അപമാനിച്ച് ബി.സി.സി.ഐ. അനില്‍ കുംബ്ലെയുടെ ജന്മ ദിനായിരുന്നു ഇന്ന്. ജന്മദിനാശംസകള്‍ നേര്‍ന്നു കൊണ്ടുള്ള ട്വിറ്റര്‍ സന്ദേശത്തില്‍ കുംബ്ലെയെ കേവലം മുന്‍ ബൗളര്‍വ മാത്രമാക്കിയാണ് ബി.സി.സി.ഐ അപമാനിച്ചത്.
ബി.സി.സി.ഐയുടെ ട്വീറ്റിനെതിരെ നിരവധി ആരാധകരാണ് രംഗത്തെത്തിയിരിക്കുന്നത്. പ്രതിഷേധം ശക്തമായതോടെ ട്വീറ്റ് പിന്‍വലിച്ച് തടിയൂരിയ ബി.സി.സി.ഐ മുന്‍ നായകന് ജന്മദിനാശംകള്‍ എന്നു പറഞ്ഞ് വീണ്ടും ട്വീറ്റ് ചെയ്യുകയായിരുന്നു.
ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് കഴിഞ്ഞ ജൂണിലായിരുന്നു കുംബ്ലെ ടീമിന്റെ പരിശീലക സ്ഥാനത്തു നിന്നും രാജി വെച്ചത്. ബി.സി.സി.ഐയില്‍ ഒരുപക്ഷം വിരാടിന് അനുകൂല നിലപാടെടുക്കുന്നുണ്ടെന്ന് നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു.
ഈ സാഹചര്യത്തില്‍ കുംബ്ലെയെ വെറും മുന്‍കാല ബൗളറാക്കി അവതരിപ്പിച്ചതിന് പിന്നില്‍ കോഹ് ലിയോടുള്ള അമിത താല്‍പര്യമാണെന്നാണ് സോഷ്യല്‍ മീഡിയയും ആരാധകരും അഭിപ്രായപ്പെടുന്നത്. ആരാധകര്‍ക്ക് പിന്നാലെ കളിയെഴുത്തുകാരും ബി.സി.സി.ഐയെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്.
കുംബ്ലെ വെറും ബൗളറല്ലെന്നും ഇന്ത്യ കണ്ട ഏറ്റവും മികച്ച ബൗളറും വിക്കറ്റ് ടേക്കറുമാണെന്നായിരുന്നു മാധ്യമ പ്രവര്‍ത്തകനായ ദിഗ് വിജയ് സിംഗിന്റെ അഭിപ്രായം. പിന്നാലെ ബി.സി.സി.ഐ ട്വീറ്റ് തിരുത്തിയെങ്കിലും പ്രതിഷേധങ്ങള്‍ക്കു കുറവ് വന്നിട്ടില്ല. കണ്ണില്‍ പൊടിയിടാനാണ് ശ്രമമെന്നാണ് വിമര്‍ശനം.
132 ടെസ്റ്റില്‍ നിന്നും 619 വിക്കറ്റ് നേടിയിട്ടുള്ള കുംബ്ലെയുടെ പേരിലാണ് ഇന്നും ഈ റെക്കോര്‍ഡ്. അദ്ദേഹത്തിന്റെ കീഴില്‍ ഇന്ത്യ മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നു. വിരാടുമായുള്ള പ്രശ്‌നത്തെ തുടര്‍ന്ന് രാജിവെച്ച കുംബ്ലെയ്ക്ക് പകരക്കാരനായാണ് രവി ശാസ്ത്രി ഇന്ത്യന്‍ പരിശീലകനായത്.
Here”s wishing a very happy birthday to former #TeamIndia Captain Mr. Anil Kumble #Legend #HappyBirthdayJumbo pic.twitter.com/uX52m8yYif
— BCCI (@BCCI) October 17, 2017