ബോർഡർ-ഗവാസ്ക്കർ ട്രോഫിയിലെ ആവേശകരമായ പരമ്പര വിജയത്തിന് ശേഷം നടന്ന ഏകദിന പരമ്പരയിൽ ഓസീസിനെതിരെ പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ് ടീം ഇന്ത്യ. ത്രിദിന ഏകദിന പരമ്പരയിൽ ഒന്നിനെതിരെ രണ്ട് വിജയങ്ങളോടെയാണ് ഓസീസ് ടീം പരമ്പര സ്വന്തമാക്കിയിരിക്കുന്നത്.
എന്നാൽ പരമ്പരക്ക് ശേഷം ഇന്ത്യയുടെ ആഭ്യന്തര ടി-20 ഫ്രാഞ്ചസി ലീഗായ ഐ.പി.എല്ലിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് താരങ്ങളെല്ലാം. മാർച്ച് 31ന് ആരംഭിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ മെയ് 27 വരെയാണ് നടക്കുന്നത്.
ഐ.പി.എൽ കഴിഞ്ഞയുടനെ നടക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ കളിക്കുന്ന ഇന്ത്യൻ ടീമിന്റെ കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ രവി ശാസ്ത്രി.
ഐ.പി.എല്ലിൽ കളിക്കുന്ന താരങ്ങൾക്ക് ലഭിക്കുന്ന വർക്ക് ഓവർ ലോഡിലാണ് ശാസ്ത്രിയുടെ ആശങ്ക.
“താരങ്ങൾ ഈ കാലഘട്ടത്തിൽ വളരെ വേഗത്തിൽ പരിക്കിന്റെ പിടിയിലാകുന്നുണ്ട്. ഞങ്ങളുടെ സമയത്ത് താരങ്ങൾക്ക് ഇത്രയേറെ പരിക്കുകൾ സംഭവിച്ചിട്ടുണ്ടായിരുന്നില്ല.
ക്രിക്കറ്റിന്റെ പ്രശസ്തി വർധിച്ചതിന്റെ കൂടെ താരങ്ങളുടെ വിശ്രമസമയം കുറഞ്ഞതായാണ് ഞാൻ മനസിലാക്കുന്നത്,’ രവി ശാസ്ത്രി പറഞ്ഞു.
“ബി.സി.സി.ഐയും താരങ്ങളും ഒരുമിച്ചിരുന്ന് വർക്ക് ലോഡിനെക്കുറിച്ച് ചർച്ചകൾ നടത്തേണ്ടതുണ്ട്. പ്ലെയേഴ്സിന് റെസ്റ്റ് അത്യന്താപേക്ഷിതമാണ്.
ക്രിക്കറ്റ് ബോർഡ് ഐ.പി.എൽ ടീമുകളുടെ മാനേജ്മെന്റിനോട് ചർച്ച ചെയ്ത് പ്ലെയേഴ്സിന് ആവശ്യത്തിന് വിശ്രമം വാങ്ങിക്കൊടുക്കണം.
ഇന്ത്യ രക്ഷപ്പെടണമെങ്കിൽ ഐ.പി.എൽ ടീമുകൾ താരങ്ങൾക്ക് വിശ്രമം അനുവദിച്ചേ മതിയാവൂ,’ ശാസ്ത്രി കൂട്ടിച്ചേർത്തു.
അതേസമയം ഐ.പി.എല്ലിൽ ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പർ കിങ്‌സും തമ്മിലാണ് ഉദ്ഘാടന മത്സരം കളിക്കുന്നത്.
Content Highlights:BCCI should tell IPL franchises to give players rest said Ravi Shastri