ഏകദിന ലോകകപ്പില്‍ സഞ്ജു ഉണ്ടാകില്ലേ? 20 താരങ്ങളെ ഷോട്ട്‌ലിസ്റ്റ് ചെയ്ത് ബി.സി.സി.ഐ
Cricket
ഏകദിന ലോകകപ്പില്‍ സഞ്ജു ഉണ്ടാകില്ലേ? 20 താരങ്ങളെ ഷോട്ട്‌ലിസ്റ്റ് ചെയ്ത് ബി.സി.സി.ഐ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 1st January 2023, 6:25 pm

2023 ടി-20 ലോകകപ്പിലേക്കുള്ള 20 താരങ്ങളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി ബി.സി.സി.ഐ. ലിസ്റ്റില്‍ ആരൊക്കെ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിവരം പുറത്തുവിട്ടിട്ടില്ല. തെരഞ്ഞെടുത്ത താരങ്ങളെ റൊട്ടേറ്റ് ചെയ്ത് കളിപ്പിക്കുമെന്ന് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു.

പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്, ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ചീഫ് സെലകറ്റര്‍ ചേതന്‍ ശര്‍മ, നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവന്‍ വി.വി.എസ് ലക്ഷ്മണ്‍ എന്നിവര്‍ മുംബൈയില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തു. ബി.സി.സി.ഐ പ്രസിഡന്റ് റോജര്‍ ബിന്നി വീഡിയോ കോണ്‍ഫറെന്‍സിലൂടേയും യോഗത്തില്‍ പങ്കെടുത്തു.

ബി.സി.സി.ഐയുടെ പട്ടികയില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഉള്‍പ്പെട്ടിട്ടുണ്ടാവുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഈ മാസം പത്തിന് ശ്രീലങ്കക്കെതിരായ പരമ്പരയോടെയാണ് ഇന്ത്യയുടെ ഏകദിന മത്സരങ്ങള്‍ ആരംഭിക്കുന്നത്. എന്നാല്‍ സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ടി-20 ടീമില്‍ താരത്തിന് അവസരം ലഭിക്കുകയും ചെയ്തു.

അതേസമയം, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സമീപകാലത്തെ ഏറ്റവും വലിയ തലവേദനകളിലൊന്ന് താരങ്ങളുടെ ഫിറ്റ്നസാണ്. ടീമിലെ സൂപ്പര്‍ താരങ്ങളടക്കം പലര്‍ക്കും മികച്ച ഫിറ്റ്നസില്ല. ഇതോടെ പ്രധാന പരമ്പരകളില്‍ പലതും താരങ്ങള്‍ക്ക് നഷ്ടമാവുന്ന് സാഹചര്യമാണുണ്ടാകുന്നത്.

അതുകൊണ്ട് താരങ്ങളുടെ ഫിറ്റ്നെസിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചക്കും ബി.സി.സി.ഐ തയ്യാറാവില്ല. ഇന്ത്യയുടെ പ്രധാന താരങ്ങളുടെ വര്‍ക്‌ലോഡ് കുറക്കുന്നതിന്റെ ഭാഗമായി ബി.സി.സി.ഐ ഫ്രാഞ്ചൈസികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. താരങ്ങളെ കളിപ്പിക്കുന്ന കാര്യത്തില്‍ ബി.സി.സി.ഐ ഇടപെടും.

രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍, ഇഷാന്‍ കിഷന്‍, ഹര്‍ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്, അര്‍ഷ്ദീപ് സിങ് എന്നിവരാണ് ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്.

ഇതിലേക്ക് നാല് താരങ്ങളെ കൂടി ഉള്‍പ്പെടുത്താനാവും ടീം മാനേജ്മെന്റിന്റെ പദ്ധതി. ജസ്പ്രിത് ബുംറ, രവീന്ദ്ര ജേഡജ എന്നിവര്‍ പരിക്ക് മാറി തിരിച്ചെത്തും. റിഷബ് പന്തും പദ്ധതിയുടെ ഭാഗമായിരിക്കും. വെറ്ററന്‍ ഓപ്പണര്‍ ശിഖര്‍ ധവാനെ ടീമിലേക്ക് പരിഗണിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

Content Highlights: BCCI shortlists 20 players for world cup 2023