2022ലെ ഏറ്റവും മികച്ച ടെസ്റ്റ് താരമായി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്തിനെ തെരഞ്ഞെടുത്ത് ബി.സി.സി.ഐ. ടെസ്റ്റ് ഫോര്‍മാറ്റില്‍ ജസ്പ്രീത് ബുംറയെയാണ് ടെസ്റ്റിലെ മികച്ച ബൗളറായി ബി.സി.സി.ഐ തെരഞ്ഞെടുത്തത്.
കഴിഞ്ഞ വര്‍ഷം ലോങ്ങര്‍ ഫോര്‍മാറ്റില്‍ മറ്റ് താരങ്ങളേക്കാളും മികച്ച പ്രകടനം നടത്തിയത് റിഷബ് പന്തായിരുന്നു. ഏഴ് ടെസ്റ്റില്‍ നിന്നും 680 റണ്‍സ് സ്വന്തമാക്കിയാണ് പന്ത് ഈ നേട്ടം കൈവരിച്ചത്.
61.81 എന്ന ആവറേജിലാണ് പന്ത് സ്‌കോര്‍ ചെയ്തത്. 146 ആണ് കഴിഞ്ഞ വര്‍ഷത്തെ പന്തിന്റെ ടോപ് സ്‌കോര്‍. നാല് അര്‍ധ സെഞ്ച്വറിയും രണ്ട് സെഞ്ച്വറിയുമാണ് കഴിഞ്ഞ വര്‍ഷം പന്ത് സ്വന്തമാക്കിയത്.
ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് ടെസ്റ്റിലെ മികച്ച ബൗളര്‍. അഞ്ച് മത്സരത്തില്‍ നിന്നും നേടിയ 22 വിക്കറ്റാണ് താരത്തെ ഈ നേട്ടത്തിന് അര്‍ഹനാക്കിയത്. പരിക്ക് കാരണം ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം താരത്തിന് നഷ്ടമായെങ്കിലും ബൗളിങ്ങില്‍ ബുംറയെ കവച്ചുവെക്കാന്‍ മറ്റൊരു താരം 2022ല്‍ ഇന്ത്യന്‍ ടീമിനൊപ്പം ഉണ്ടായിരുന്നില്ല.
ഏകദിനത്തിലേക്ക് വരുമ്പോള്‍ യുവതാരം ശ്രേയസ് അയ്യരിനെയും പേസര്‍ മുഹമ്മദ് സിറാജിനെയുമാണ് ബി.സി.സി.ഐ കഴിഞ്ഞ വര്‍ഷത്തെ മികച്ച താരങ്ങളായി തെരഞ്ഞെടുത്തിരിക്കുന്നത്.
17 മത്സരത്തില്‍ നിന്നും നേടിയ 724 റണ്‍സാണ് ശ്രേയസ് അയ്യരിനെ ഈ നേട്ടത്തിന് അര്‍ഹനാക്കിയത്. പുറത്താകാതെ 113 റണ്‍സ് നേടിയതാണ് അയ്യരിന്റെ 2022ലെ ഏറ്റവും മികച്ച പ്രകടനം.
15 മത്സരത്തില്‍ നിന്നും 24 വിക്കറ്റ് സ്വന്തമാക്കിയാണ് മുഹമ്മദ് സിറാജ് ഏകദിനത്തിലെ മികച്ച ബൗളറായത്.
സൂര്യകുമാര്‍ യാദവിനെയല്ലാതെ മറ്റൊരാളെ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ടി-20 ബാറ്ററായി സങ്കല്‍പിക്കാന്‍ പോലും സാധിക്കില്ല. ടി-20 ലോകകപ്പിലും ഏഷ്യാ കപ്പിലും മികച്ച പ്രകടം കാഴ്ചവെച്ച സൂര്യകുമാര്‍ ആയിരത്തിലധികം റണ്‍സും 2022 എന്ന കലണ്ടര്‍ ഇയറില്‍ സ്വന്തമാക്കിയിട്ടുണ്ട്.
ടി-20യുടെ ചരിത്രത്തില്‍ തന്നെ ഈ നേട്ടം കൈപ്പിടിയിലൊതുക്കുന്ന രണ്ടാമത് മാത്രം താരമാണ് സ്‌കൈ. ഇതിന് പുറമെ ടി-20 ബാറ്റര്‍മാരുടെ പട്ടികയില്‍ ഒന്നാമതെത്താനും സൂര്യകുമാറിന് സാധിച്ചിരുന്നു.