വരാനിരിക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ഇന്ത്യയെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിക്കാന്‍ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര ആധികാരികമായി ജയിച്ചേ മതിയാകൂ.
പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിനുള്ള സ്‌ക്വാഡിനെ ബി.സി.സി.ഐ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ടീമിലെത്താന്‍ ഏറെ അര്‍ഹതയുള്ള ഒരു താരത്തെ പുറത്ത് നിര്‍ത്തിക്കൊണ്ടാണ് ബി.സി.സി.ഐ ടീം പ്രഖ്യാപിച്ചത്.
രഞ്ജി ട്രോഫിയില്‍ നിരന്തരം മികച്ച പ്രകടനം കാഴ്ചവെക്കുന്ന സര്‍ഫറാസ് ഖാനോടായിരുന്നു സെലക്ടര്‍മാര്‍ മുഖം തിരിച്ചത്. ഒന്നിന് പിന്നാലെ ഒന്നായി സെഞ്ച്വറിയടിച്ചും തന്റെ ടീമിനെ വിജയിപ്പിച്ചും സര്‍ഫറാസ് രഞ്ജിയില്‍ കസറുമ്പോഴും ടി-20യില്‍ മികച്ച പ്രകടനം നടത്തുന്നു എന്ന പേരില്‍ സൂര്യകുമാറിനെയും ഇഷാന്‍ കിഷനെയുമായിരുന്നു സെലക്ടര്‍മാര്‍ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പോലുള്ള നിര്‍ണായക ടീമിലേക്ക് തെരഞ്ഞെടുത്തത്.
സര്‍ഫറാസിനെ പുറത്താക്കി ഇഷാന്‍ കിഷനെയും സൂര്യകുമാറിനെയും ടീമിലെടുത്തതില്‍ ആരാധകരും കലിപ്പിലായിരുന്നു.
വിഷയത്തില്‍ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ക്രിക്കറ്റ് ബോര്‍ഡ്. സ്‌പോര്‍ട്‌സ്റ്റാറിന് നല്‍കിയ അഭിമുഖത്തില്‍ ദേശീയ സെലക്ടറായ സിദ്ധാര്‍ത്ഥ് ശരത്താണ് വിഷയത്തില്‍ മാനേജ്‌മെന്റിന്റെ നിലപാടറിയിച്ചത്.
‘കോഹ്‌ലി ഇപ്പോഴും ഒരു മാച്ച് വിന്നര്‍ തന്നെയാണ്. ചേതേശ്വര്‍ പൂജാര ബാറ്റിങ്ങില്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. രോഹിത് ശര്‍മ മികച്ച ക്യാപ്റ്റനാണ്, ബാറ്റിങ്ങിലും മികച്ച പ്രകടനമാണ് അവന്‍ കാഴ്ചവെക്കുന്നത്. ശ്രേയസ് അയ്യര്‍ സ്ഥിരതയുള്ളവനാണ്. കെ.എല്‍. രാഹുലിനും ശുഭ്മന്‍ ഗില്ലിനും യഥാര്‍ത്ഥ കഴിവുണ്ട്,’ എന്നാണ് ടീമിനെ കുറിച്ച് മൊത്തത്തില്‍ സിദ്ധാര്‍ത്ഥ് പറഞ്ഞത്.
സര്‍ഫറാസിനെ ഒഴിവാക്കിയതിനെ കുറിച്ചുള്ള ചോദ്യത്തിന് ‘അവന്‍ ഞങ്ങളുടെ റഡാറിനകത്ത് തന്നെ ഉണ്ട്. ശരിയായ സമയത്ത് അവന് ടീമിലെത്താന്‍ സാധിക്കും. ഒരു ടീമിനെ തെരഞ്ഞെടുക്കുമ്പോള്‍ പ്രധാനമായും കോമ്പോസിഷനും ബാലന്‍സും പോലുള്ള കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്,’ എന്നായിരുന്നു അയാളുടെ മറുപടി.
നാല് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ട് മത്സരങ്ങിലേക്കുള്ള സ്‌ക്വാഡിനെ മാത്രമാണ് ഇപ്പോള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. മറ്റ് രണ്ട് മത്സരത്തിലേക്കുള്ള സ്‌ക്വാഡിനെ വരും ദിവസങ്ങളില്‍ തെരഞ്ഞെടുക്കും.
ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ആദ്യ രണ്ട് മത്സരത്തിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്