ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ സൂപ്പര്‍ പേസര്‍ മായങ്ക് യാദവ് ഉണ്ടാകുമോ എന്ന കാര്യത്തില്‍ ഒരു ഉറപ്പും പറയാന്‍ സാധിക്കില്ലെന്ന് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ. മായങ്ക് യാദവ് വളരെ മികച്ച ബൗളറാണെന്നും താരം നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലാണെന്നും ഷാ കൂട്ടിച്ചേര്‍ത്തു.
ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മായങ്ക് യാദവ് ടീമിലുണ്ടാകുമോ എന്ന കാര്യത്തില്‍ ഒരു ഗ്യാരണ്ടിയും നിലവില്‍ ഇല്ലാത്തതിനാല്‍ അവനെ കുറിച്ച് എനിക്ക് നിങ്ങളോട് ഒരു മറുപടിയും പറയാനില്ല. അവന്‍ വളരെ മികച്ച ഫാസ്റ്റ് ബൗളറാണ്. ഞങ്ങളവനെ കൃത്യമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. നിലവില്‍ എന്‍.സി.എയിലാണ് അവന്‍,’ ഷാ പറഞ്ഞു.
കരിയറില്‍ വെറും ഒറ്റ ഫസ്റ്റ് ക്ലാസ് മത്സരത്തില്‍ മാത്രമാണ് മായങ്ക് യാദവ് കളിച്ചിട്ടുള്ളത്. 2022 ഡിസംബറില്‍ ദല്‍ഹിക്ക് വേണ്ടി മഹാരാഷ്ട്രക്കെതിരെയാണ് താരം കളത്തിലിറങ്ങിയത്. മത്സരത്തില്‍ രണ്ട് വിക്കറ്റും താരം നേടി. പിന്നാലെ താരം പരിക്കിന്റെ പിടിയിലുമായി.
18 മാസങ്ങള്‍ക്കിപ്പുറം ഒറ്റ റെഡ് ബോള്‍ മാച്ച് പോലും കളിക്കാത്ത താരത്തിനെ ബി.ജി.ടി പോലെ പ്രധാനപ്പെട്ട പരമ്പരയുടെ ഭാഗമാക്കുമോ എന്ന ചോദ്യവും നിലനില്‍ക്കുന്നുണ്ട്. സെപ്റ്റംബര്‍ അഞ്ചിന് നടക്കാനിരിക്കുന്ന ദുലീപ് ട്രോഫിയിലും മായങ്ക് ഭാഗമല്ല.
ഐ.പി.എല്ലിലെ വേഗരാജാവായതോടെയാണ് മായങ്ക് യാദവ് ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത്. ലഖ്‌നൗവിന്റെ താരമായ മായങ്ക് നാല് മത്സരത്തില്‍ മാത്രമേ ടീമിന് വേണ്ടി പന്തെറിഞ്ഞിട്ടുള്ളൂ. അവിടെയും പരിക്കാണ് വില്ലനായെത്തിയത്. കളിച്ച നാല് മത്സരത്തില്‍ നിന്നും ഏഴ് വിക്കറ്റും താരം സ്വന്തമാക്കിയിരുന്നു.
പഞ്ചാബ് കിങ്സിനെതിരെയാണ് താരം ഐ.പി.എല്‍ അരങ്ങേറ്റം കുറിച്ചത്. ആദ്യ മത്സരത്തില്‍ നാല് ഓവറില്‍ 27 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് മായങ്ക് സ്വന്തമാക്കിയത്. മത്സരത്തിലെ പ്ലയെര്‍ ഓഫ് ദി മാച്ച് അവാര്‍ഡും താരം സ്വന്തമാക്കിയിരുന്നു.
ശേഷം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ നാല് ഓവറില്‍ വെറും 14 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്ന് വിക്കറ്റുകളും മായങ്ക് വീഴ്ത്തി.
ഈ മത്സരത്തിലും കളിയിലെ താരമാവാന്‍ മായങ്കിന് സാധിച്ചിരുന്നു. ഐ.പി.എല്‍ ചരിത്രത്തില്‍ അരങ്ങേറ്റം കുറിച്ച ഒരു താരം ആദ്യ മത്സരത്തിലും രണ്ടാം മത്സരത്തിലും തുടര്‍ച്ചയായി പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടുന്നത് ഇതാദ്യമായിട്ടായിരുന്നു.
Content Highlight: BCCI secretary Jay Shah about Mayank Yadav